ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലാണ് ലോകം. എന്നാല്‍ ഈ ലോക കപ്പില്‍ നിന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) 120 മുതല്‍ 150 മില്യണ്‍ ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐസിസി ലോക കപ്പ് 2023 ന് ലോക ക്രിക്കറ്റ് ഗവേണിംഗ് ബോഡിക്ക് 20 സ്പോണ്‍സര്‍മാരും പങ്കാളികളുമാണ് ഉള്ളത്. ഈ സ്പോണ്‍സര്‍ഷിപ്പ് സ്ലോട്ടുകള്‍ക്കായി 8 മുതല്‍ 10 മില്യണ്‍ ഡോളര്‍ വരെ നല്‍കുന്ന 6 ആഗോള പങ്കാളികളും ഉണ്ട്. എംആര്‍എഫ് ടയേഴ്സ്, ബുക്കിംഗ് ഡോട്ട് കോം, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മാസ്റ്റര്‍ കാര്‍ഡ്, അരാംകോ, എമിറേറ്റ്സ് എന്നിവയാണ് ആഗോള പങ്കാളികള്‍.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ബൈജൂസും ഭാരത് പേയും സ്പോണ്‍സര്‍ഷിപ്പ് ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഇന്‍ഡസ് ഇന്‍ഡും മാസ്റ്റര്‍കാര്‍ഡും ആഗോള പങ്കാളികളായി രംഗത്ത് വന്നത്.
ബൈറ 91, പോളി കാബ്, തംസ് അപ്പ്, അപ്പ്സ്റ്റോക്സ്, നിസ്സാന്‍, നിയം, ഓപ്പോ, ഡിപി വേള്‍ഡ് എന്നിവ ഉള്‍പ്പെടുന്ന 8 ഔദ്യോഗിക പങ്കാളികളുമായുള്ള ഇടപാടുകള്‍ക്ക് 6 മില്യണ്‍ മുതല്‍ 8 മില്യണ്‍ ഡോളര്‍ വരെയുള്ളതാണ്.
ഇതു കൂടാതെ റോയല്‍ സ്റ്റാഗ്, ഡ്രീം 11, ജേക്കബ്സ് ക്രീക്ക്, നിയര്‍ ഫൗണ്ടേഷന്‍, ഫാന്‍ ക്രേസ്, ടൈക്ക എന്നിങ്ങനെയുള്ള കാറ്റഗറി പങ്കാളികളുമുണ്ട്. ഇവര്‍ 3 മില്യണ്‍ മുതല്‍ 4 മില്യണ്‍ ഡോളര്‍ വരെ പണം ചിലവാക്കും.
ബ്രാന്‍ഡുകള്‍ക്ക് അവരുടെ ടാര്‍ഗറ്റ് ഓഡിയന്‍സുമായി കണക്ട് ചെയ്യുന്നതിന് ഒരു വലിയ അവസരമാണ് ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് വാഗ്ദാനം ചെയ്യുന്നതെന്നാണ് ബ്രാന്‍ഡ് വിദഗ്ധരുടെ പക്ഷം. ക്രിക്കറ്റ് ലോക കപ്പ് എപ്പോഴും ഒരു ഉത്സവമായാണ് വിപണനം ചെയ്യപ്പെടുന്നത്. ടൂര്‍ണ്ണമെന്റിലെ മുന്‍നിരക്കാരായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ബ്രാന്‍ഡുകള്‍ അവരുടെ അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.

