സ്പിരിച്വല്‍ ടൂറിസം കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് ഗോവ. ഇതിനായി വിപുലമായ പദ്ധതികളാണ് ഗോവ ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുന്നത്. ഉത്തരകാശിയേയും ദക്ഷിണ കാശിയേയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി ഗോവയെ മാറ്റുകയാണ് ലക്ഷ്യം.
ഉത്തരാഖണ്ഡ്, ഡെറാഡൂണ്‍, നാഗ്പൂര്‍, ഗുവാഹട്ടി എന്നിവിടങ്ങളിലേക്ക് മോപ വിമാനത്താവളത്തില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ രണ്ട് പ്രധാന ആത്മീയ കേന്ദ്രങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ ഗോവയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കും.
ടൂറിസം വ്യവസായ രംഗത്തുള്ള എല്ലാവരേയും ഒരുമിപ്പിക്കുന്ന വലിയ ടൂറിസം സമ്മേളനം ഈ മാസം സംഘടിപ്പിക്കാനും ഗോവ തീരുമാനിച്ചിട്ടുണ്ട്. ആത്മീയ യാത്ര, യോഗ, വെല്‍നസ്, മറ്റു സ്പിരിച്വല്‍ അനുഭവങ്ങള്‍ എന്നിവയെ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനാണ് നടപടികള്‍.
സ്പിരിച്വല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതനായി ഈ രംഗത്തെ പ്രമുഖരായ ടെമ്പിള്‍ കണക്ടുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്. ശിവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആറു നഗരങ്ങളില്‍ ഉത്സവങ്ങള്‍ സംഘടിപ്പിക്കും.

