ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനായ ധീരുബായ് അംബാനിയുടെ മക്കളാണ് മുകേഷ് അംബാനിയും അനില്‍ അംബാനിയും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ അനില്‍ അംബാനി മൂന്ന് വര്‍ഷം മുമ്പാണ് തന്റെ ആകെ ആസ്തി വട്ടപ്പൂജ്യമാണെന്ന് പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് അനില്‍ അംബാനിക്ക് ഈ തോല്‍വി സംഭവിച്ചത്?
2002ല്‍ ധീരുബായ് അംബാനിയുടെ കാലശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംജ് ഡയറക്ടറായി അനില്‍ അംബാനിയും ചെയര്‍മാനായി മുകേഷ് അംബാനിയും നിയമിക്കപ്പെട്ടു. 2005 ല്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് റിലയന്‍സ് സാമ്രാജ്യം വീതം വെക്കേണ്ടി വന്നത്. ടെലികോം, പവര്‍ ജനറേഷന്‍, ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ബിസിനസ്സ് അനില്‍ ഏറ്റെടുത്തപ്പോള്‍ മുകേഷ് അംബാനി ഓയില്‍ റിഫൈനിംഗും പെട്രോ കെമിക്കല്‍ ബിസിനസ്സും ടെക്സ്റ്റൈല്‍ ബിസിനസ്സുമാണ് ഏറ്റെടുത്തത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് പവര്‍, റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് നേവല്‍, റിലയന്‍സ് ഹോം ഫിനാന്‍സ്… ഇതെല്ലാം അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
2008 ല്‍, 42 ബില്യണ്‍ ഡോളറിന്റെ ആകെ ആസ്തിയുമായി അനില്‍ അംബാനിക്ക് ലോകത്തിലെ ആറാമത്തെ സമ്പന്നന്‍ എന്ന നേട്ടം കൈവരിക്കാനായി. 15 വര്‍ഷത്തിന് ഇപ്പുറം മുകേഷ് അംബാനിക്ക് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന ഖ്യാതി നേടാനായി. മുകേഷിന്റെ ആകെ ആസ്തി പറന്നുയര്‍ന്നത് 90.7 ബില്യണ്‍ ഡോളറിലേക്കാണ്. എന്നാല്‍ അനില്‍ അംബാനി പാപ്പരായി. അനില്‍ അംബാനിക്ക് എന്തുകൊണ്ട് ഈ നഷ്ടം സംഭവിച്ചു?
സൗത്ത് ആഫ്രിക്ക ആസ്ഥാനമായ ടെലികോം കമ്പനിയായ എംടിഎന്നുമായുളള ബിസിനസ്സ് ഡീലാണ് അനിലിന്റെ പരാജയത്തിന്റെ തുടക്കം. അക്കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട മൊബൈല്‍ സര്‍വീസ് പ്രൊവൈഡറായിരുന്നു റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എങ്കിലും കടം കുതിച്ചുയര്‍ന്നത് കാരണം എംടിഎന്‍ കമ്പനിയുമായി ലയനത്തിലേര്‍പ്പെടേണ്ട സാഹചര്യമുണ്ടായി. കടങ്ങള്‍ വീട്ടുന്നതിനും ശക്തമായ കമ്പനി കെട്ടിപ്പടുക്കുന്നതിനും വേണ്ടിയായിരുന്നു ഡീല്‍ എങ്കിലും നിയമപരമായ പ്രശ്നങ്ങള്‍ക്ക് നടുവില്‍ അത് പരാജയപ്പെടുകയായിരുന്നു.
2011 ലെ 2ജി സ്പെക്ട്രം അഴിമതിയാണ് അനില്‍ അംബാനി നേരിട്ട അടുത്ത പ്രഹരം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യപ്പെടുകയും അനില്‍ അംബാനിയും ചോദ്യം ചെയ്യല്ലിന് വിധേയമാകുകയും ചെയ്തു. വിവാദം കമ്പനിയുടെ ഓഹരി വില ഇടിയാന്‍ കാരണമാവുകയും അദ്ദേഹത്തിന്റെ ആസ്തിയെ കാര്യമായി ബാധിക്കുകയും ചെയ്തു.
കടക്കെണിയും വിവാദങ്ങളും ബിസിനസ്സിനെ ഉലച്ചപ്പോഴും ചൈനീസ് ബാങ്കുകളില്‍ നിന്ന് 1.2 ബില്യണ്‍ ഡോളറിന്റെ ലോണ്‍ പേഴ്സണല്‍ ഗാരന്റിയില്‍ എടുത്ത് അനില്‍ ഫണ്ടിംഗ് നടത്തി. എന്നാല്‍ അത് ലാഭം കൊയ്തതുമില്ല, അനില്‍ അംബാനിയില്‍ നിന്ന് പേമെന്റുകള്‍ കിട്ടാനുള്ള കടക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് മാത്രം ബാക്കി.
അതിനു ശേഷം അനില്‍ അംബാനി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി 2016ല്‍ ടെലികോം സെക്ടറില്‍ മുകേഷ് അംബാനിയുടെ കടന്നുവരവോടെയാണ്. നൂതനാത്മകമായ പദ്ധതികളും 4ജി സേവനങ്ങളുമായി എത്തിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ വിപണി വിഹിതം വര്‍ധിക്കുകയും അനിലിന്റെ കമ്പനിയുടെ വിഹിതം ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുകയും ചെയ്തു. വിവിധ തലങ്ങളില്‍ വന്ന പ്രതിസന്ധി കാരണം റിലയന്‍സ് പവറിന്റെ ആസ്തികളും ഒടുവില്‍ അനിലിന് വില്‍ക്കേണ്ടി വന്നു.

