ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെയുള്ള വിവാദ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കുത്തനെ മൂല്യമിടിഞ്ഞ ഗ്രൂപ്പിന്റെ 10 ഓഹരികളുടെ നിലവിലെ സ്ഥിതി ഒന്ന് പരിശോധിക്കാം. അദാനി ഓഹരികളില്‍ ഏഴെണ്ണം ഒരു വര്‍ഷം മുമ്പ് കണ്ട നിലവാരത്തേക്കാള്‍ ഇപ്പോഴും വളരെ താഴെയാണ്. അദാനി പോര്‍ട്ട്‌സ് ഉള്‍പ്പെടെ ഗൂപ്പിലെ മൂന്ന് ഓഹരികള്‍ മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ആക്രമണത്തിന് മുമ്പുള്ള വിലയേക്കാള്‍ മുകളിലുള്ളത്.
2023 ജനുവരി 24 നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഓഹരി വിലയില്‍ കൃത്രിമം കാണിച്ചതക്കം ഒരുപിടി ആരോപണങ്ങളാണ് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയത്.
ഒരു മാസത്തിനുള്ളില്‍ വിപണി മൂല്യത്തില്‍ 12 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഗ്രൂപ്പ് നേരിട്ടത്. പല ഓഹരികളും ആ ഞെട്ടലില്‍ നിന്ന് ഇനിയും പുറത്തു വന്നിട്ടില്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അദാനി ഓഹരികള്‍ കഴിഞ്ഞ വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍ നിന്ന് 90 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നെങ്കിലും, ഹിന്‍ഡന്‍ബര്‍ഗിന് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 60 ബില്യണ്‍ ഡോളര്‍ കുറവാണ് ഇപ്പോഴും.
അദാനി ടോട്ടല്‍ ഗ്യാസ് ഇപ്പോഴും മുന്‍ വര്‍ഷത്തെ വിലയേക്കാള്‍ 74 ശതമാനം ഇടിഞ്ഞു നില്‍ക്കുകയാണ്. അദാനി എനര്‍ജി സൊലൂഷന്‍സും അദാനി വില്‍മറും യഥാക്രമം 62 ശതമാനവും 39 ശതമാനവും ഇടിവില്‍ തുടരുന്നു. അദാനി ഗ്രീന്‍ എനര്‍ജി, എന്‍ഡിടിവി, എസിസി എന്നിവ 5-12 ശതമാനം ഇടിഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അംബുജ സിമന്റ് 5 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിന് അനുകൂലമായ സുപ്രീം കോടതി വിധി പുറത്തുവന്നതോടെ കമ്പനികളുടെ മൂല്യം ഉയര്‍ന്നു തുടങ്ങി.
മൂന്ന് അദാനി ഗ്രൂപ്പ് ഓഹരികളാണ് മുന്‍വര്‍ഷത്തേത്തിനേക്കാള്‍ മികച്ച നിലയിലെത്തിയത്. അദാനി പവര്‍ നഷ്ടം തിരിച്ചുപിടിക്കുക മാത്രമല്ല, 89 ശതമാനം അധിക വളര്‍ച്ച നേടുകയും ചെയ്തു. ഊര്‍ജ ഓഹരികളിലെ റാലിയാണ് അദാനി പവറിനും നേട്ടമായത്. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ കഴിഞ്ഞ വര്‍ഷത്തെ നിലവാരത്തേക്കാള്‍ 50 ശതമാനം ഉയര്‍ന്ന് നില്‍ക്കുന്നു.
അദാനി ടോട്ടല്‍ ഗ്യാസ് ഇപ്പോഴും മുന്‍ വര്‍ഷത്തെ വിലയേക്കാള്‍ 74 ശതമാനം ഇടിഞ്ഞു നില്‍ക്കുകയാണ്. അദാനി എനര്‍ജി സൊലൂഷന്‍സും അദാനി വില്‍മറും യഥാക്രമം 62 ശതമാനവും 39 ശതമാനവും ഇടിവില്‍ തുടരുന്നു
ഹിന്‍ഡന്‍ബര്‍ഗ് ബോംബില്‍ നിന്ന് രക്ഷപ്പെടാന്‍ അദാനി ഗ്രൂപ്പ് തങ്ങളുടെ കടങ്ങള്‍ വീട്ടുകയും വായ്പകള്‍ റീഫിനാന്‍സ് ചെയ്യുകയും 5 ബില്യണ്‍ ഡോളര്‍ ഇക്വിറ്റി നിക്ഷേപം നേടുകയും ചെയ്തു.
ഇന്ന് ഞങ്ങളാണ് ഇരയായത്, നാളെ മറ്റാരെങ്കിലുമാവാം എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഗൗതം അദാനിയുടെ പ്രതികരണം.
‘ഞങ്ങള്‍ക്കെതിരായ നുണകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പുതിയ കാര്യമല്ല. വിരോധികളുടെ പദ്ധതി പൂര്‍ണ്ണമായി വിജയിച്ചിരുന്നെങ്കില്‍, ഡൊമിനോ ഇഫക്റ്റുകള്‍ക്ക് നിരവധി നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികളെയും തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും വൈദ്യുതി വിതരണ ശൃംഖലകളെയും തളര്‍ത്താന്‍ കഴിയുമായിരുന്നു. ഏതൊരു രാജ്യത്തെയും സംബന്ധിട്ട് ഒരു ദുരന്ത സാഹചര്യമാണിത്,’ അദ്ദേഹം എഴുതി.
ഓഹരി ഉടമകളിലാണ് ഗ്രൂപ്പ് വിശ്വാസം അര്‍പ്പിച്ചതെന്ന് ഗൗതം അദാനി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ വര്‍ഷത്തില്‍, ഓഹരി ഉടമകളുടെ അടിത്തറ 43% വര്‍ദ്ധിച്ച് ഏകദേശം 70 ലക്ഷത്തിലെത്തി.
ഇത്തരം ആക്രമണങ്ങള്‍ ഇതോടെ അവസാനിക്കുമെന്ന മിഥ്യാധാരണയിലില്ലെന്നും അദാനി പറയുന്നു. കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരാനും ഇന്ത്യയുടെ വളര്‍ച്ചയ്ക്കുള്ള എളിയ സംഭാവന തുടരാനുള്ള ദൃഢനിശ്ചയം കൂടുതല്‍ അചഞ്ചലമായെന്നും അദ്ദേഹം പറയുന്നു.

