
പണ്ടു പണ്ട് അങ്ങ് അമേരിക്കയില്‍ ചുവന്ന മുടിയുള്ള ഒരു ഐറിഷ്കാരി താമസിച്ചിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ വിധവയായിരുന്ന അവര്‍ക്ക് ആകെയുണ്ടായിരുന്ന ആഗ്രഹം തന്റെ മകനെ പഠിപ്പിച്ചു വലിയ ഒരു എഴുത്തുകാരനാക്കുക എന്നതായിരുന്നു. അതിനു വേണ്ടി കുഞ്ഞിലേ മുതലേ അവള് അവനോട് പറഞ്ഞു കൊണ്ടേ ഇരുന്നു;
”ഒരു ദിവസം നീ ഒരു എഴുത്തുകാരന് ആകും…. വെറും എഴുത്തുകാരനല്ല, മഹാനായ എഴുത്തുകാരന്!”
ഒന്നാം ക്ലാസ്സില്‍ ആവുന്ന സമയം മുതല്‍ക്ക് തന്നെ വലിയ വലിയ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്ന് എടുത്തു കൊണ്ട് വന്നു മകനെക്കൊണ്ട് അവള് വായിപ്പിച്ചു. ആ മകന് പുസ്തകങ്ങള്‍ക്ക് മുന്നില്‍ വളര്‍ന്നു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ആറു മാസം കഴിഞ്ഞപ്പോള്‍ മകന് വേണ്ടി ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ ഹൃദയാഘാതം വന്ന് അവള് അടുക്കളയില്‍ മരിച്ചു വീണു. അവന് ഒറ്റക്കായി. പുസ്തകങ്ങളും മഹാനായ എഴുത്തുകാരനും അവന്റെ മനസ്സിന്റെ ഏതോ കോണില്‍ ഒളിച്ചിരുന്നു. അവനും ജീവിതമെന്ന തോണി തുഴയാന്‍ പങ്കായമെടുത്തു.

ആദ്യം ഒരു കടലാസ് ഫാക്ടറിയില്‍ ജോലി നോക്കി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവന് യു എസ് ആര്‍മിയില്‍ ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്ക് മുകളിലൂടെ മുപ്പത് ബോംബിടല്‍ ദൗത്യങ്ങള്‍ നടത്തി. യുദ്ധം കെട്ടടങ്ങിയപ്പോള്‍ അമേരിക്കയില്‍ തിരിച്ചെത്തി. പുതിയ ജോലി അന്വേഷിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസക്കാരന് എന്തു ജോലി കിട്ടാന്‍! അവസാനം ഇന്‍ഷുറന്‍സ് വില്‍ക്കുന്ന ജോലി കിട്ടി. തന്റെ ബാല്യകാല പ്രണയിനിയെ വിവാഹം ചെയ്തു.
രാവും പകലും അവന് ഇന്‍ഷുറന്‍സ് വില്പനയില് മുഴുകി. തളര്‍ന്ന് അവശനായ ഒരു ദിവസം വൈകിട്ട് അവന് അടുത്തുള്ള മദ്യശാലയില്‍ കയറി അല്പം മദ്യം കുടിച്ചു. ആ കുടി പിന്നീട് രണ്ടു ദിവസം കൂടുമ്പോള്‍ ആയി. പിന്നെപ്പിന്നെ ദിനേനയായി. അവസാനം മദ്യം അവനുമേല്‍ ആധിപത്യം സ്ഥാപിച്ചു. ബോധം കുറഞ്ഞും കടങ്ങള്‍ കൂടിയും വന്നു. ഭാര്യക്കും ആറ്റുനോറ്റുണ്ടായ പെണ്‍കുഞ്ഞിനും ജീവിതം നരകതുല്യമായി. അവന്റെ പെരുമാറ്റം സഹിക്കവയ്യാതെയായപ്പോള്‍ അവര്‍ അവനെ ഉപേക്ഷിച്ചു പോയി. ചുവന്ന മുടിയുള്ള അവള് വളര്‍ത്തിയ കുട്ടി, അവളുടെ സ്വപ്നത്തിലെ ‘മഹാനായ എഴുത്തുകാരന്’ തന്റെ മുപ്പത്തിരണ്ടാം വയസ്സില്‍ തന്നെ ജീവിതത്തെ വെറുത്തു തുടങ്ങി.

പിന്നീടുള്ള രണ്ടു വര്‍ഷങ്ങള്‍ അവന് അമേരിക്ക മുഴുവന്‍ സഞ്ചരിച്ചു. ഒരു കുപ്പി മദ്യത്തിനായി എന്തു ജോലികളും ചെയ്തു. മദ്യപിച്ചു മദോന്മത്തനായി അവന് തെരുവുകളില്‍ കഴിഞ്ഞു. തന്റെ ചുവന്ന മുടിയുള്ള അമ്മയുടെ സ്വപ്നം അവന് മറന്നു. ഒരു ദിവസം, മദ്യപിച്ചു ലക്കുകെട്ടു കിടന്നുറങ്ങിയത്തിനു ശേഷമുള്ള ഒരു പ്രഭാതത്തില്‍ അവന് ആ തെരുവിലൂടെ നടന്നു. മഞ്ഞു പെയ്യുന്ന ആ പ്രഭാതത്തില്‍ റോഡിന് ഓരം ചേര്‍ന്നു നില്ക്കുന്ന പീടിക കോലായികളിലൂടെ അവന് നടന്നു. അതിലൊരു പീടികയുടെ ജനലിലൂടെ അവന് ഒരു കൈത്തോക്ക് കണ്ടു. വില്ക്കാന് വെച്ചിരിക്കുകയാണ്. 29 ഡോളര്‍! തന്റെ കീശ തപ്പി. പത്തു ഡോളറിന്റെ മൂന്നു നോട്ടുകള്‍. അവസാന സമ്പാദ്യം. അത് കൊടുത്തു ആ തോക്ക് വാങ്ങാം. എന്നിട്ട് അഴുക്ക് പിടിച്ചു ദുര്‍ഗന്ധം വമിക്കുന്ന തന്റെ മുറിയില്‍ പോയി അത് ലോഡ് ചെയ്യണം. എന്നിട്ട് പതുക്കെ കണ്ണുകളടച്ചു തോക്ക് തലയോട് അടുപ്പിക്കണം. പിന്നെ കാഞ്ചി ഒറ്റ വലി…. ചുവന്ന മുടിയുള്ള ഐറിഷുകാരിയുടെ ‘മഹാനായ എഴുത്തുകാരന്’ ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി വിട പറയും.
പക്ഷേ, ആ ചിന്തയെ പൂര്‍ത്തിയാക്കാന്‍ അവന് കഴിഞ്ഞില്ല. ആ മഞ്ഞിലും അവന് ആ പീടികയുടെ മുന്നില്‍ നിന്ന് വിയര്‍ത്തു. ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം പോലും അവന് നഷ്ടമായിരുന്നു. പരിഭ്രാന്തിയോടെ ആ കടയുടെ മുന്നില്‍ നിന്ന് അവന് ഇറങ്ങിയോടി. ഓടുമ്പോള്‍, ഈ ലോകത്ത് ഏറ്റവും പരാജയപ്പെട്ട മനുഷ്യന് താനാണ് എന്നവന് തോന്നി. കാലുകള്‍ക്ക് വേഗത വര്‍ധിച്ചു. ആ ഓട്ടം നിന്നത് ഒരു പൊതു വായനശാലയുടെ അടുത്തായിരുന്നു. പുസ്തകങ്ങള്‍! അതിനു മുന്നിലൂടെ അവന് കടന്നു പോയി. ജീവിതവിജയത്തിന് വേണ്ടിയുള്ള എല്ലാ പുസ്തകങ്ങളും അവന് വായിച്ചു. ആര്‍ത്തിയോടെ. പിന്നീട് എല്ലാ ദിവസവും അവനാ വായനശാലയില്‍ എത്തി. പുതിയ പുസ്തകങ്ങള്‍ക്കായി വേറെ വായനശാലകള്‍ തേടി അവന് നടന്നു. അവന്റെ ശ്രദ്ധ വായനയില്‍ മാത്രമായി. മദ്യാസക്തി കുറഞ്ഞു. അല്ലെങ്കില്‍ പുസ്തകങ്ങള്‍ അവനെ മദ്യത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്നകറ്റി. പുസ്തകള്‍ അവന്റെ പുതിയ ലഹരിയായി.
ആ അന്വേഷണത്തിലാണ് അവന് ഡബ്ലിയു ക്ലമന്റ്സ്റ്റോണിന്റെ Success ത്രൂ A Mental Attitude എന്ന പുസ്തകം കാണുന്നത്. അതവനെ വല്ലാതെ സ്വാധീനിച്ചു. ജീവിതലക്ഷ്യം നേടിയെടുക്കാന്‍ സ്റ്റോണ്‍ മുന്നോട്ട് വെച്ച ആശയങ്ങളില്‍ അവന് ആകൃഷ്ടനായി. ആ പുസ്തകത്തിന്റെ ചട്ടയില്‍ നിന്നും സ്റ്റോണ്‍ അമേരിക്കയില്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ അധ്യക്ഷന്‍ ആണ് എന്നവനറിഞ്ഞു. ആ കമ്പനിയുടെ ബ്രാഞ്ച് തേടി അവന് ബോസ്റ്റണ്‍ മുഴുവന്‍ നടന്നു. ഒടുവില്‍ ആ കമ്പനിയില്‍ അവന് ജോലി കിട്ടി.
പിന്നീടുള്ള രണ്ടു വര്‍ഷങ്ങള്‍ അവന് അമേരിക്ക മുഴുവന്‍ സഞ്ചരിച്ചു. ഒരു കുപ്പി മദ്യത്തിനായി എന്തു ജോലികളും ചെയ്തു. മദ്യപിച്ചു മദോന്മത്തനായി അവന് തെരുവുകളില്‍ കഴിഞ്ഞു. തന്റെ ചുവന്ന മുടിയുള്ള അമ്മയുടെ സ്വപ്നം അവന് മറന്നു
ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം അവന് സ്ഥാനക്കയറ്റം കിട്ടി. ഇടക്ക് ലീവ് എടുത്ത് വാടകക്ക് എടുത്ത ടൈപ്പ് റൈറ്ററില്‍ അവന് ടൈപ്പ് ചെയ്തു കൊണ്ടിരുന്നു. ചുവന്ന മുടിയുള്ള അവന്റെ അമ്മ സമ്മാനിച്ച ആ സ്വപ്നം അവന്റെ മനസ്സില്‍ വീണ്ടും തെളിഞ്ഞു വന്നു. അവന് ഇന്‍ഷുറന്‍സ് വില്പനയെ കുറിച്ച് ഒരു കൈപ്പുസ്തകം എഴുതി. ആ ആത്മവിശ്വാസം സ്റ്റോണ്‍ നടത്തിയിരുന്ന ഒരു മാസികയുടെ എഡിറ്റര്‍ പോസ്റ്റിലേക്ക് ജോലിക്ക് അപേക്ഷിക്കാന്‍ അവനെ സഹായിച്ചു. സ്റ്റോണ്‍ സന്തോഷപൂര്‍വം ആ ജോലി അവനെ ഏല്‍പ്പിച്ചു. ഒപ്പം പ്രദേശികമായിരുന്ന ആ മാസികയെ ദേശീയാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ അവനെ ചുമതലപ്പെടുത്തി.

പത്തു വര്‍ഷം കൊണ്ട് അത് ഒരുപാട് വളര്‍ന്നു. ജോലിക്കാരുടെ എണ്ണം രണ്ടില്‍ നിന്ന് അറുപത്തിരണ്ടായി ഉയര്‍ന്നു. ആ മാസികയില്‍ തുടരെത്തുടരെ അവന് ലേഖനങ്ങള്‍ എഴുതി. അവസാനം പതിനെട്ടു മാസങ്ങള്‍ക്ക് ശേഷം അവന് ഒരു പുസ്തകം എഴുതി. ആദ്യം വെറും 5000 കോപ്പികള്‍ അടിച്ചു. അതും അധികം വിറ്റു പോയില്ല. ആയിടക്ക് ആംവേ കോര്‍പ്പിന്റെ സഹസ്ഥാപകന്‍ റിച്ച് ഡീവോസ് അവന്റെ പുസ്തകത്തേക്കുറിച്ച് അവരുടെ സമ്മേളനത്തില്‍ എടുത്തു പറഞ്ഞു. ആ സാക്ഷ്യപ്പെടുത്തല്‍ പുസ്തകത്തിന്റെ വിതരണത്തില്‍ അഭൂതപൂര്ണമായ വളര്‍ച്ചയുണ്ടാക്കി. ഒരു കൊല്ലം കൊണ്ട് മൂന്നര ലക്ഷം കോപ്പികള്‍ വിറ്റു പോയി. അതിനകം ഒരു പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനം അവന് സ്വപ്നം പോലും കാണാന്‍ കഴിയാത്ത വിലക്ക് അതിന്റെ അവകാശം വാങ്ങിച്ചു. പിന്നീട് ദശലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റുപോയി. ചുവന്ന മുടിയുള്ള ആ ഐറിഷുകാരിയുടെ സ്വപ്നം യാഥാര്‍ഥ്യമായി. അവന് മഹാനായ എഴുത്തുകാരനായി.
ഇതൊരു സാങ്കല്പിക കഥയല്ല, സംഭവകഥയാണ്. ഇതിനോടകം 22 ഭാഷകളില്‍, 50 ദശലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ ആ പുസ്തകത്തിന്റെ പേരാണ് ‘The Greatest Salesman in the World’. ചുവന്ന മുടിയുള്ള ആ അമ്മയുടെ മകന്റെ പേര് ‘ഓഗ് മാന്റിനോ’ എന്നും. വായന കൊണ്ട് ജീവിതത്തെ മാറ്റിമറിച്ച ഒരു മനുഷ്യന്റെ കഥ. ചുവന്ന മുടിയുള്ള ഒരു ഐറിഷുകാരി സ്വന്തം മകന്റെ മനസ്സിലേക്ക് കോരിയിട്ട ഒരു സ്വപ്നത്തിന്റെ കഥ. പക്ഷേ ആ പുസ്തകത്തില്‍ ആ കഥയില്ല. പക്ഷേ ആ പുസ്തകം സമ്മാനിക്കുന്നത് അവന്റെ കഥ കൂടിയാണ്. ചുവന്ന മുടിയുള്ള അവളുടെ സ്വപ്നത്തിന്റെ കൂടി കഥ!
































Jasar CK
13 February 2024 at 15:23
Nice writing