ആഗോള തലത്തില്‍ മാന്ദ്യത്തിന്റെ ആശങ്ക സജീവമാണെങ്കിലും ഇന്ത്യയുടെ വളര്‍ച്ചാ വഴി വേറിട്ടതാകുമെന്ന് അന്താരാഷ്ട്ര ഏജന്‍സികളടക്കം നിരീക്ഷിക്കുന്നു. അദാനി വിവാദം അല്‍പ്പമൊന്നുലച്ചെങ്കിലും ഇന്ത്യന്‍ ഓഹരി വിപണിയെ അതും സാരമായി ഏശിയില്ല. ഇന്ത്യയുടെ അടിസ്ഥാനങ്ങള്‍ ശക്തമാണെന്ന് നിരീക്ഷിക്കുകയാണ് പ്രമുഖ വിപണി വിദഗ്ധനും വെല്‍ത്ത് അഡൈ്വസറും അഹല്യ ഫിന്‍ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍. 2023-24 സാമ്പത്തിക വര്‍ഷവും ഇന്ത്യന്‍ വിപണിയില്‍ തിരുത്തലുകളുണ്ടാവാമെങ്കിലും അവ താല്‍ക്കാലികം മാത്രമായിരിക്കുമെന്നും മികച്ച നിക്ഷേപ അവസരങ്ങള്‍ വിനിയോഗിച്ച് ഇന്ത്യയുടെ ഗ്രോത്ത് സ്‌റ്റോറിയില്‍ പങ്കാളികളാകാമെന്നും അദ്ദേഹം പറയുന്നു

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ എന്തുകൊണ്ട് നിക്ഷേപിക്കണം?
ലോകത്ത് ഏറ്റവും വേഗം വളരുന്ന, വളരെ ശക്തമായ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ഇന്ത്യയുടെ അടിസ്ഥാനങ്ങളെല്ലാം വളരെ ശക്തമാണ്. രൂപയുടെ സ്വീകാര്യത ആഗോള തലത്തില്‍ ഉയരുന്നതും അനുകൂല ഘടകമാണ്. രൂപയിലുള്ള വിനിമയത്തിന് വിദേശ രാജ്യങ്ങള്‍ പലതും താല്‍പ്പര്യം കാണിക്കുന്നു. പണപ്പെരുപ്പത്തിനെ വെല്ലുന്ന നേട്ടം വേണമെങ്കില്‍ നല്ല ഓഹരികളില്‍, നല്ല മ്യൂച്വല്‍ ഫണ്ട് കണ്ടെത്തി അവയില്‍ നിക്ഷേപിക്കണം. ഇന്ത്യയുടെ ഗ്രോത്ത് സ്‌റ്റോറിയില്‍ പങ്കാളിയാകാനുള്ള അവസരമാണ് രാജ്യത്തെ കരുത്തുറ്റ കമ്പനികളില്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്നത്.
ക്വാളിറ്റിയുള്ള ഓഹരികള്‍ക്ക് പ്രാമുഖ്യം കൊടുത്താല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വലിയൊരു ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷന്‍ തന്നെയാണ്. ഈ വര്‍ഷവും മാര്‍ക്കറ്റില്‍ തിരുത്തലുണ്ടാകും. അതിനു ശേഷം പുതിയ ഉയരത്തിലെത്തും. തിരുത്തലുകള്‍ നിക്ഷേപ അവസരമായി ഉപയോഗിക്കണം. നമ്മുടെ ജിഡിപി വളര്‍ച്ച, പണപ്പെരുപ്പം, രാഷ്ട്രീയ സ്ഥിരത ഇവയൊക്കെ പരിഗണിക്കുമ്പോള്‍ തൊഴില്‍ ലഭ്യത ഉയരുകയും വിപണിയുടെ ആകെ മൂല്യം വര്‍ധിക്കുകയും ചെയ്യും. വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ കാരണം അതാണ്.

ചാഞ്ചാട്ടം താല്‍ക്കാലികം
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നു എന്നതാണ് ചാഞ്ചാട്ടത്തിന് ചെറിയ സാധ്യത കല്‍പിക്കപ്പെടാന്‍ കാരണം. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമായിരിക്കും. ചുരുക്കത്തില്‍ വളരെ നല്ല വാങ്ങല്‍ അവസരം ഈ വര്‍ഷം വിപണിയില്‍ ലഭ്യമാകും. അടുത്തിടെയുണ്ടായ അദാനി വിഷയം പോലെ രാഷ്ട്രീയ ബന്ധമുള്ള പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ചില പ്രത്യേക സ്റ്റോക്കുകളെ അത് ബാധിക്കാറുണ്ട്. മാര്‍ക്കറ്റിലും ചാഞ്ചാട്ടമുണ്ടാകാം. എന്നാല്‍ ദീര്‍ഘകാല പ്രവണതകള്‍ ശ്രദ്ധിച്ചാല്‍ ഇത് ഓഹരി വിപണിയുടെ ഭാഗമാണെന്ന് മനസിലാകും. ആഗോള തലത്തില്‍ വന്ന ഏറ്റവും വലിയ ക്രൈസിസാണ് കോവിഡ്. അതിനെ പോലും മറികടക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ലോകത്തിനും കഴിഞ്ഞു. ഇത്തരം പ്രതിസന്ധികള്‍ വരുമ്പോള്‍ മാര്‍ക്കറ്റ് ഡീപ്പായി കറക്റ്റ് ചെയ്യും. എല്ലാ പ്രതിസന്ധിയെയും മറികടന്ന് വിപണി മുന്നോട്ടു പോകുമെന്ന് നിക്ഷേപകര്‍ മനസിലാക്കണം.
വിപണിയാണ്, ചൂതാട്ട കേന്ദ്രമല്ല!
പലപ്പോഴും വിപണിയില്‍ പണം നഷ്ടമാകുന്നത് വേണ്ടത്ര ബോധ്യമില്ലാത്തവര്‍ ട്രേഡിംഗിലേക്ക് വരുന്നതുകൊണ്ടാണ്. സാധാരണക്കാര്‍ മാര്‍ക്കറ്റിനെ നിക്ഷേപത്തിന് പ്രയോജനപ്പെടുത്തണം. ക്വാളിറ്റിയുള്ള ഓഹരികളില്‍ നിക്ഷേപിക്കണം. ഒരു ബിസിനസിന്റെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വിപണിയെ ഒരു ചൂതാട്ട കേന്ദ്രമായി കാണരുത്.
പലപ്പോഴും വിപണിയില്‍ പണം നഷ്ടമാകുന്നത് വേണ്ടത്ര ബോധ്യമില്ലാത്തവര്‍ ട്രേഡിംഗിലേക്ക് വരുന്നതുകൊണ്ടാണ്.
മ്യൂച്വല്‍ ഫണ്ടുകള്‍ എത്രമാത്രം അവസരങ്ങളാണ് തുറന്നിടുന്നത്?
മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച സാധ്യതയാണ്. യോഗ്യതയുള്ളവര്‍ ഗവേഷണം നടത്തി മികച്ച ക്വാളിറ്റിയുള്ള ഓഹരികള്‍ കണ്ടെത്തി അതില്‍ നിക്ഷേപിക്കാന്‍ സഹാ
യിക്കുകയാണ് ചെയ്യുന്നത്. നമുക്ക് വൈദഗ്ധ്യമില്ലെങ്കില്‍ ഈ പ്രൊഫഷണലുകളുടെ ഉപദേശം തീര്‍ച്ചയായും സ്വീകരിക്കാം. മികച്ച വരുമാനം നേടിത്തരുന്നവയാണ് എല്ലാ മ്യൂച്വല്‍ ഫണ്ടുകളും. റിട്ടയര്‍മെന്റും കുട്ടികളുടെ വിദ്യാഭ്യാസവുമെല്ലാം ലക്ഷ്യമിട്ട് എസ്‌ഐപിയില്‍ നമുക്ക് നിക്ഷേപിക്കാവുന്നതാണ്. റിസ്‌കുണ്ടെങ്കിലും മികച്ച വരുമാനം നേടിത്തരുന്ന നിരവധി പ്രൊഡക്റ്റുകള്‍ ഓഹരി വിപണിയിലുണ്ട്.

കോവിഡ് പ്രശ്‌നമാവില്ല
കോവിഡ് ഇനിയും പ്രശ്‌നം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ കുറവാണ്. നിലവില്‍ മഹാമാരിയെക്കുറിച്ച് സര്‍ക്കാരുകളും ആരോഗ്യ സംവിധാനവും മികച്ച അവബോധം നേടിയിട്ടുണ്ട്. ഇന്ന് കോവിഡ് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതലെല്ലാം രാജ്യം എടുത്തിട്ടുണ്ട്.
അദാനി വിവാദത്തില്‍ വിപണിയില്‍ കാര്യമായ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. വിപണിയില്‍ ഇത് എത്രമാത്രം ആഘാതമുണ്ടാക്കി?
അദാനി-ഹിന്‍ഡര്‍ബര്‍ഗ് പ്രതിസന്ധിയില്‍ നിന്ന് വിപണി മോചിതമായിക്കഴിഞ്ഞു. അപ്രതീക്ഷിതമായി ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍, പ്രത്യേകിച്ച് രാഷ്ട്രീയം കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിഷയമാവുമ്പോള്‍ ഇംപാക്റ്റ് കൂടുതലായിരിക്കും. രാജ്യത്തിന്റെ ആകെ വളര്‍ച്ചക്കായി കോര്‍പ്പറേറ്റുകളെ ഒപ്പം കൊണ്ടുപോവുകയാണ് സര്‍ക്കാരുകള്‍ പൊതുവെ ചെയ്യുക. വലിയ ഇന്‍വെസ്റ്റ്‌മെന്റ് നടത്തുന്നതും തൊഴിലുകള്‍ സൃഷ്ടിക്കുന്നതുമൊക്കെ ഇത്തരം ഗ്രൂപ്പുകളായിരിക്കും. സ്വാഭാവികമാ
യും രാഷ്ട്രീയ ആരോപണങ്ങള്‍ ഇതിന്റെ ഭാഗമാണ്. സ്റ്റോക് മാര്‍ക്കറ്റിലും ഹിഡണ്‍ ആയ കാര്യങ്ങളുണ്ടെന്നത് വാസ്തവമാണ്. പല കമ്പനികളുടെയും ബാലന്‍സ് ഷീറ്റ് പരിശോധിച്ചാല്‍ ചെറിയ ക്രമക്കേടുകള്‍ കണ്ടുപിടിക്കാനായേക്കും. പല വലിയ പ്രശ്‌നങ്ങളും നാം കണ്ടിട്ടുണ്ട്. അത്രത്തോളം ഭീകരമായ അവസ്ഥ ഇന്നില്ല.

വിവാദങ്ങള്‍ നല്ലതിന്
ഇത്തരം വിവാദങ്ങള്‍ ഒരു തരത്തില്‍ നല്ലതാണ്. ഹിന്‍ഡര്‍ബര്‍ഗ് പോലെ റിസര്‍ച്ചും വെളിപ്പെടുത്തലുകളും നടത്തുന്ന കമ്പനികളും വിപണിയില്‍ ആവശ്യമാണ്. അകത്തളങ്ങളിലേക്ക് അന്വേഷണം നടക്കുന്നെന്ന് കണ്ടാല്‍ കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ അത് ഉപകരിക്കും. തട്ടിപ്പുകള്‍ കാണിക്കാനുള്ള പ്രവണത കുറയും. നല്ല ക്വാളിറ്റി കമ്പനികള്‍ മാത്രം നിലനിന്നാല്‍ മതി. അദാനി വിവാദം തന്നെ ശരിയാണോ തെറ്റാണോ എന്നതിനപ്പുറം എല്ലാവര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്.നമ്മുടെ കോര്‍പ്പറേറ്റ് ഗവേണന്‍സ് വളരെ സ്‌ട്രോംഗാണ്. സെബി, ആര്‍ബിഐ എന്നിവ ശക്തമായി നിലകൊള്ളുന്നു. സര്‍ക്കാരും രാഷ്ട്രീയമായി സ്റ്റേബിളാണ്. അതുകൊണ്ട് അടിയന്തര നടപടികള്‍ ഉണ്ടാകുന്നു. മറുവശത്ത് ഇന്ത്യ ശക്തമായി വളരുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ വിരുദ്ധ നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അതിനെയൊക്കെ മറികടക്കാനുള്ള കരുത്ത് ഇന്ന് നമുക്കുണ്ട്.
അദാനി വിവാദം തന്നെ ശരിയാണോ തെറ്റാണോ എന്നതിനപ്പുറം എല്ലാവര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്.നമ്മുടെ കോര്‍പ്പറേറ്റ് ഗവേണന്‍സ് വളരെ സ്‌ട്രോംഗാണ്
ക്വാളിറ്റി സ്റ്റോക്കുകള്‍ കണ്ടെത്തണം
നമുക്ക് ഇഷ്ടമുള്ള ബിസിനസും പ്രൊമോട്ടറെയും തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള വാല്യുവേഷന്‍ തെരഞ്ഞെടുക്കാനുമുള്ള ഏറ്റവും വലിയ അവസരമാണ് സ്റ്റോക് മാര്‍ക്കറ്റ്. ഇപ്പോഴും ആളുകള്‍ അത് കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടില്ല. പലരും ഊഹക്കച്ചവടമെന്ന മോശം വശത്തിലേക്കാണ് പോകുന്നത്. ഗാംബിള്‍ ചെയ്ത് പണം നഷ്ടപ്പെടുത്തുന്നു. ഏറ്റവും ക്രീമായ വശം കണ്ടുപിടിച്ച് നല്ല ക്വാളിറ്റി ഉള്ള സ്റ്റോക്കുകള്‍ സ്വന്തമാക്കി ആസ്വദിച്ചാണ് നിക്ഷപിക്കേണ്ടത്. ഓരോ ഇന്‍വെസ്റ്ററും നിക്ഷേപങ്ങള്‍ സംബന്ധിച്ച് അറിവുണ്ടാക്കിയെടുക്കുക എന്നതാണ് കാര്യം. സ്‌പെക്കുലേഷന്‍ വിപണിയുടെ ഭാഗമാണെന്ന് ഓര്‍ക്കണം. ജാഗ്രതയോടെ നിക്ഷേപം നടത്തണം. അഡൈ്വസ് തീര്‍ച്ചയായും എടുക്കാം. പക്ഷേ നമ്മുടെ കൂടി ഒരു റിസര്‍ച്ചിനു ശേഷമാവണം നിക്ഷേപം നടത്തേണ്ടത്.

The author is News Editor at The Profit.
