നല്ല ലാഭം, അല്ലെങ്കില്‍ ധാര്‍മിക ലാഭം ഉറപ്പാക്കുന്നതിനുള്ള വഴി നിങ്ങള്‍ ചെയ്യുന്ന ബിസിനസ് ദീര്‍ഘകാലത്തേക്കുള്ളതാണെന്ന് ഉറപ്പാക്കുകയാണ്: സജീവ് നായര്‍,ഫൗണ്ടര്‍ & ചെയര്‍മാന്‍, വീറൂട്ട്‌സ്

പരമ്പരാഗത കമ്പനികളെ സംബന്ധിച്ചെടുത്തോളം ലാഭത്തെ അടയാളപ്പെടുത്താന്‍ പരമ്പരാഗത മാനദണ്ഡങ്ങളും കണക്കുകളുമെല്ലാമുണ്ട്. എന്നാല്‍ മാര്‍ജിന്‍, ഫൈനാന്‍ഷ്യല്‍ ലെവറേജ്, ഓപ്പറേറ്റിങ് ലെവറേജ് തുടങ്ങിയ സാമ്പത്തിക ടെര്‍മിനോളജികള്‍ക്ക് അപ്പുറം ഞങ്ങളുടെ വീറൂട്ട്‌സ് വെല്‍നസ് സൊലൂഷന്‍സിനെപ്പോലുള്ള ഹെല്‍ത്ത്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ നയിക്കപ്പെടുന്നത് ഇന്നവേഷനിലധിഷ്ഠിതമായാണ്. എത്രമാത്രം ഇന്നവേഷന്‍ കൊണ്ടുവരാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനം. ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രദാനം ചെയ്യുന്ന വ്യതിരിക്തമായ മൂല്യം സൃഷ്ടിക്കുന്ന ചാലകശക്തിയാണ് ഇന്നവേഷന്‍. അത്തരം മൂല്യങ്ങളില്‍ നിന്നാണ് വലിയ ലാഭങ്ങളുണ്ടാകുന്നത്. വീറൂട്ട്‌സില്‍ ഞങ്ങള്‍ അനുവര്‍ത്തിക്കുന്നത് അതാണ്.
രണ്ട് വര്‍ഷത്തിനുള്ളില്‍ പൂജ്യം വരുമാനത്തില്‍ നിന്ന് 15 കോടി വരുമാനത്തിലേക്ക് എത്താന്‍ ഞങ്ങള്‍ക്ക് സാധിക്കും. കാരണം ഞങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് പ്രൊഡക്റ്റായ എപ്ലിമോ (EPLIMO) മുന്നോട്ട് വെക്കുന്ന യുണീക്‌നെസ് തന്നെയാണ്. ഇന്ത്യയിലെ ആദ്യത്തെ വ്യക്തിഗത ലൈഫ്‌സ്റ്റൈല്‍ മോഡിഫിക്കേഷന്‍ സൊലൂഷനാണത്. ഓരോ ഉപഭോക്താവിന്റെയും ജനിതക, ചയാപചയ ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രൊഡക്റ്റ് വികസിപ്പിച്ചിരിക്കുന്നത്.

നല്ല ലാഭത്തിനുള്ള വഴികള്‍
നല്ല ലാഭം, അല്ലെങ്കില്‍ ധാര്‍മിക ലാഭം ഉറപ്പാക്കുന്നതിനുള്ള വഴി നിങ്ങള്‍ ചെയ്യുന്ന ബിസിനസ് ദീര്‍ഘകാലത്തേക്കുള്ളതാണെന്ന് ഉറപ്പാക്കുകയാണ്. നിങ്ങളുടെ ബിസിനസിന്റെയും ഉല്‍പ്പന്നത്തിന്റെയും സേവനങ്ങളുടെയുമെല്ലാം സുസ്ഥിരതയില്‍ അധിഷ്ഠിതമാണത്. മികച്ച ആരോഗ്യത്തിന്റെ അടിസ്ഥാനമറിയുന്നവരാണ് ഞങ്ങളുടെ ഉപഭോക്താക്കള്‍. അവരുടെ ആരോഗ്യത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. മികവുറ്റ ആരോഗ്യം വാഗ്ദാനം ചെയ്യുന്ന വിപണിയിലെ മറ്റ് ഉല്‍പ്പന്നങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അവര്‍ ഞങ്ങളെ തെരഞ്ഞെടുക്കുന്നത്. സുസ്ഥിരമായി നില്‍ക്കുന്ന ബിസിനസാണ് ഇതെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണത്. ഓരോ വ്യക്തിയുടെയും പ്രത്യേകത അനുസരിച്ചുള്ള നവീകരണമാണ് ഞങ്ങള്‍ സാധ്യമാക്കുന്നത്.
സൂപ്പര്‍ഹ്യൂമന്‍ ട്രൈബ് എന്ന പേരില്‍ ഒരു പീര്‍ ഗ്രൂപ്പും അവര്‍ക്കായി ഞങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. അതിലൂടെ റിസര്‍ച്ച് അപ്‌ഡേറ്റുകളും ആരോഗ്യവുമായി ബന്ധപ്പെട്ട ഉപദേശങ്ങളുമെല്ലാം വിദഗ്ധരില്‍ നിന്ന് ലഭ്യമാകും. ഇത്‌പോലുള്ള ദീര്‍ഘകാല സമീപനമാണ് ധാര്‍മികപരമായ ലാഭം സൃഷ്ടിക്കുകയെന്നതാണ് ഞങ്ങളുടെ വിശ്വാസം. അങ്ങനെ വന്നാല്‍ മാത്രമേ ഉപഭോക്താക്കള്‍ നമ്മുടെ ഉല്‍പ്പന്നം അവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം റെക്കമെന്‍ഡ് ചെയ്യുകയുള്ളൂ.

ലാഭം പാപമല്ല
ലാഭമുണ്ടാക്കുന്നത് തെറ്റായ പ്രവൃത്തിയാണെന്ന ചിന്ത പുലര്‍ത്തുന്ന ആളുകള്‍ ഇപ്പോഴും കേരളത്തിലുണ്ട്. എന്നാല്‍ അവരുള്‍പ്പടെ നമ്മളെല്ലാവരും ജീവിക്കുന്നത് ലാഭത്തിന്റെ ഫലമായാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. മികച്ച ലാഭമുണ്ടാക്കുന്നതുകൊണ്ടാണ് പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള പല കമ്പനികളും അവരുടെ ജീവനക്കാര്‍ക്ക് മികച്ച ശമ്പളം നല്‍കുന്നത്. ചില വലിയ സ്റ്റാര്‍ട്ടപ്പുകളും പുതുതലമുറ കമ്പനികളും എംപ്ലോയി സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ (ഇസോപ്) നല്‍കുന്നതിനാലാണ് ജീവനക്കാര്‍ സഹഉടമകളും ലക്ഷാധിപതികളുമെല്ലാമാകുന്നത്.
ഗൂഗിളിന്റെ സുന്ദര്‍ പിച്ചായും മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ലയുമെല്ലാം പല സംരംഭകരെയും മറികടന്ന് ശതകോടീശ്വരന്മാരായി മാറിയതും അതിനാലാണ്. വലിയ ലാഭം വരുന്നതിനാലാണ് എംപ്ലോയി സ്‌റ്റോക് ഓപ്ഷന്‍ പ്ലാന്‍ പോലുള്ളവ നല്‍കാന്‍ സാധിക്കുന്നത്. ഇന്‍ഫോസിസ് പോലുള്ള ഉദാഹരണങ്ങള്‍ ഇന്ത്യയിലുമുണ്ട്. അവിടെ പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ ഒറ്റയക്കത്തിലേക്ക് വന്നപ്പോള്‍ കമ്പനിയുടെ തുടക്കകാലത്തുണ്ടായ ഡ്രൈവര്‍മാരുള്‍പ്പടെയുള്ള അതിസാധാരണക്കാര്‍ക്ക് വലിയ സമ്പത്താര്‍ജിക്കാന്‍ സാധിച്ചു. 90കള്‍ മുതല്‍ മികച്ച ലാഭമുണ്ടാക്കുന്ന കമ്പനിയാണ് ഇന്‍ഫോസിസ് എന്നതിനാലാണ് ഇത് സാധിച്ചത്.
എന്‍ ആര്‍ നാരായണമൂര്‍ത്തിയെപ്പോലുള്ള മഹാരഥന്‍മാരുടെ നേതൃത്വവും ഗുണം ചെയ്തു. എല്‍ ആന്‍ഡ് ടി പോലുള്ള സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്കുള്ള ഉടമസ്ഥാവകാശം നമുക്കറിയാവുന്നതാണ്. ഫ്‌ളിപ്കാര്‍ട്ട്, റേസര്‍പേ, പൈന്‍ലാബ്‌സ്, റിബല്‍ ഫുഡ്‌സ് തുടങ്ങിയ പുതുതലമുറ സംരംഭങ്ങളും ജീവനക്കാരെ ശാക്തീകരിക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. അതിനാല്‍തന്നെ ലാഭം തെറ്റാണെന്ന ചിന്ത അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കൃത്യമായ വിദ്യാഭ്യാസത്തിലൂടെയും അവബോധ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ പഴകിയ ആ ചിന്താഗതികളില്‍ തിരുത്തല്‍ വരുത്താന്‍ സാധിക്കൂ.

