ഓഹരി വിപണി നിക്ഷേപകരുടെ ആശങ്ക വാസ്തവമായി. ഇക്വിറ്റിയുടെയും ഡെറിവേറ്റീവുകളുടെയും നികുതി ഉയര്‍ത്തി കേന്ദ്ര ബജറ്റ്. ഓഹരികള്‍ക്ക് മേലുള്ള ലോംഗ് ടേം ക്യാപ്പിറ്റല്‍ ഗെയ്ന്‍ ടാക്സും (എല്‍ടിസിജി) ഷോര്‍ട്ട് ടേം ക്യാപ്പിറ്റല്‍ ഗെയ്ന്‍ ടാക്സും (എസ്ടിസിജി) ഉയര്‍ത്തി.
എല്‍ടിസിജി നിലവിലെ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. എസ്ടിസിജി നിലവിലെ 15 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്കും വര്‍ധിപ്പിച്ചു. അടിയന്തരമായി ജൂലൈ 23 മുതല്‍ തന്നെ പുതിയ നികുതി നിരക്കുകള്‍ നിലവില്‍ വരുമെന്ന് ഫിനാന്‍സ് ബില്‍ വ്യക്തമാക്കുന്നു.
ഫ്യൂച്ചറുകള്‍ക്കും ഓപ്ഷന്‍സിനും (എഫ് ആന്‍ഡ് ഒ) ഉള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സിലും (എസ്ടിടി) വര്‍ധന വരുത്തി നികുതി സംവിധാനത്തിന്റെ ആഴവും പരപ്പും വര്‍ധിപ്പിക്കാനും ധനമന്ത്രി ശ്രമിച്ചിട്ടുണ്ട്. ഫ്യൂച്ചറുകള്‍ക്ക് 0.02 ശതമാനമാണ് എസ്ടിടി. ഓപ്ഷന്‍സിന് 0.1 ശതമാനം എസ്ടിടി. ഒക്ടോബര്‍ 1 മുതല്‍ ഈ വര്‍ധനകള്‍ നിലവില്‍ വരും.
എഫ് ആന്‍ഡ് ഒയ്ക്കെതിരെ ശക്തമായ നിലപാട് കഴിഞ്ഞ ദിവസം കേന്ദ്രം വ്യക്തമാക്കിയപ്പോള്‍ തന്നെ നികുതി വര്‍ധനവിനെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സിനെ ഊഹക്കച്ചവടം എന്നാണ് കേന്ദ്രം കുറ്റപ്പെടുത്തിയത്.
ഓഹരി വിപണി നെഗറ്റീവായാണ് ബജറ്റിലെ നിര്‍ദേശങ്ങളോട് തുടക്കത്തില്‍ പ്രതികരിച്ചത്. സെന്‍സെക്സ് 1300 പോയന്റ് വരെ ഇടിഞ്ഞ് 79224 ല്‍ എത്തി. ഉച്ചക്ക് ശേഷമുള്ള വ്യാപാരത്തില്‍ തിരിച്ചു കയറി 80436 ലെവലിലേക്കെത്തി. നിഫ്റ്റിയിലും സമാനമായ താഴ്ചയും പിന്നീട് 24478 ലേക്ക് തിരിച്ചു വരവും ദൃശ്യമായി.

