ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഇന്ത്യന്‍ ബിസിനസില്‍ ഭൂരിപക്ഷം ഓഹരികള്‍ ഏറ്റെടുക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്‍മാറി ടാറ്റ. ബിസിനസ് പങ്കാളിയായ ആപ്പിളിന്റെ എതിര്‍പ്പാണ് ടാറ്റയെ വിവോ ഡീലില്‍ നിന്ന് പിന്നോട്ടടിക്കാന്‍ നിര്‍ബന്ധിതമാക്കിയത്.
കമ്പനിയുടെ 52 ശതമാനം ഓഹരി ടാറ്റ ഗ്രൂപ്പിന് വില്‍ക്കാനാണ് വിവോ ഇന്ത്യ പദ്ധതിയിട്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം ശക്തമായതോടെ കമ്പനിയെ കൂടുതല്‍ ഇന്ത്യന്‍ ബ്രാന്‍ഡാക്കാന്‍ വേണ്ടിയാണ് ഭൂരിഭാഗം ഓഹരികള്‍ ഇന്ത്യയിലെ ഏതെങ്കിലും ഗ്രൂപ്പിന് കൈമാറാന്‍ വിവോ ശ്രമിക്കുന്നത്.
എന്നാല്‍ ടാറ്റയുടെ പങ്കാളിയായ ടെക് ഭീമന്‍ ആപ്പിള്‍ ഈ ഇടപാടിനെ എതിര്‍ക്കുകയായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് ആപ്പിള്‍ ഡിവൈസുകള്‍ ടാറ്റ നിര്‍മിച്ചു നല്‍കുന്നുണ്ട്. ടാറ്റ ഏറ്റെടുത്ത തായ്വാന്‍ കമ്പനിയായ വിസ്ട്രോണിന്റെ ഫാക്ടറികളിലാണ് ഐഫോണുകള്‍ നിര്‍മിക്കുന്നത്. എതിരാളിയായ വിവോയുമായി തങ്ങളുടെ പങ്കാളിയായ ടാറ്റ കൈകോര്‍ക്കുന്നത് ആപ്പിളിനെ സംബന്ധിച്ച് ഗുണകരമല്ല. 30000 കോടി രൂപ വരുമാനമാണ് 2023 സാമ്പത്തിക വര്‍ഷത്തില്‍ വിവോ ഇന്ത്യ നേടിയത്.
ടാറ്റ ഏറ്റെടുത്ത തായ്വാന്‍ കമ്പനിയായ വിസ്ട്രോണിന്റെ ഫാക്ടറികളിലാണ് ഐഫോണുകള്‍ നിര്‍മിക്കുന്നത്. എതിരാളിയായ വിവോയുമായി തങ്ങളുടെ പങ്കാളിയായ ടാറ്റ കൈകോര്‍ക്കുന്നത് ആപ്പിളിനെ സംബന്ധിച്ച് ഗുണകരമല്ല
ഇന്ത്യയുമായി ഭൂമിശാസ്ത്രപരമായ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവോയും ഓപ്പോയുമടക്കം ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനികളെ ഈ നിയന്ത്രണങ്ങള്‍ ബാധിച്ചിട്ടുണ്ട്. ഫണ്ടിംഗിനെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഇന്ത്യയിലെ സംരംഭത്തിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഇന്ത്യന്‍ സംരംഭകര്‍ക്ക് കൈമാറിയാല്‍ ഈ പ്രതിസന്ധി മറികടക്കാം.
കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായിത്തീരും ഇതോടെ ബിസിനസ്. ചൈനയിലേക്ക് കള്ളപ്പണം കടത്തിയ കേസില്‍ വിവോ നിലവില്‍ ഇഡി അന്വേഷണം നേരിടുകയാണ്.
അടുത്തിടെ എംജി മോട്ടോഴ്സിന്റെ ഉടമാവകാശം ഉള്ള ചൈനീസ് കമ്പനിയായ എസ്എഐസി ഗ്രൂപ്പ് സജ്ജന്‍ ജിന്‍ഡലിന്റെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് തങ്ങളുടെ ഇന്ത്യയിലെ ഓഹരികളുടെ 51% ഉടമസ്ഥാവകാശം കൈമാറിയതും നിയമപരമായ വെല്ലുവിളികള്‍ മറികടക്കാനാണ്.

