ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കൊരു പ്രത്യേകതയുണ്ട്. തീര്‍ത്തും അപ്രതീക്ഷമായി ബഹുതലങ്ങളില്‍ അത് സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കും. ഈ മേഖലകളിലൂടെ വരുന്ന മാറ്റം തലമുറകളെ സ്വാധീനിക്കും. ഒരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ അത് നിര്‍ണായക വഴിത്തിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്യും. എന്നാല്‍ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും സേവനമായി ആ രംഗത്ത് വ്യാപരിക്കുന്നവര്‍ കാണണമെന്ന് മാത്രം. ആരോഗ്യസേവനമെന്ന മഹത്വം കര്‍മപഥത്തില്‍ പ്രാവര്‍ത്തികമാക്കുന്നു എന്നതാണ് ഡോ. അരുണ്‍ ഉമ്മനെന്ന ന്യൂറോസര്‍ജനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ന്യൂറോസര്‍ജന്മാരില്‍ പ്രധാനിയായ അരുണ്‍ ഉമ്മന്‍ അനേകം രോഗികളുടെയും അശരണരുടെയും ജീവിതങ്ങളിലാണ് വെളിച്ചം പകര്‍ന്നത്. 2014 മുതല്‍ എറണാകുളം വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹം. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ചും കേരളത്തിന് ഈ മേഖലയിലുള്ള സാധ്യതകളെക്കുറിച്ചും കാത്തിരിക്കുന്ന വലിയ വെല്ലുവിളിയെക്കുറിച്ചുമെല്ലാം ഡോ. അരുണ്‍ ഉമ്മന്‍ ദ പ്രോഫിറ്റിനോട് സംസാരിക്കുന്നു…
കേരളം എന്ന മെഡിക്കല്‍ ഹബ്ബ്
കണക്റ്റിവിറ്റിയാണ് കേരളത്തിന്റെ ഏറ്റവും മികച്ച ശക്തികളിലൊന്ന്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, മികച്ച റെയില്‍, റോഡ്, ജലഗതാഗത ശൃംഖല… ഇതെല്ലാം കേരളത്തിന്റെ മെഡിക്കല്‍ ഹബ്ബെന്ന സാധ്യതകള്‍ക്ക് മുതല്‍ക്കൂട്ടാകുന്നു. ഡോക്റ്റര്‍മാര്‍ക്ക് ഉന്നതഗുണനിലവാരത്തിലുള്ള പരിശീലനമാണ് കേരളത്തില്‍ ലഭിക്കുന്നത്. മാത്രമല്ല, ഏറ്റവും കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ ലോകത്തിന് നല്‍കുന്ന നാട് കൂടിയാണ് നമ്മുടേത്. മലയാളി നഴ്‌സുമാരുടെ എണ്ണമെടുത്താല്‍ തന്നെ അത് ബോധ്യമാകും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടിസ്‌പെഷാലിറ്റി ഹോസ്പിറ്റലുകള്‍ ഉണ്ടെന്നതാണ് കേരളത്തിന്റെ മറ്റൊരു സവിശേഷത. മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കും ഇത് കാരണമാകുന്നു. ഗള്‍ഫ്, ശ്രീലങ്ക, മാലദ്വീപ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്ന് മികച്ച ചികില്‍സയ്ക്കായി ആളുകള്‍ കേരളത്തിലേക്ക് എത്തുന്നുവെന്നത് ശ്രദ്ധേയകാര്യമാണ്.
വേണം ഗുണനിലവാരമുള്ള ചികില്‍സ
ഹെല്‍ത്ത്‌കെയര്‍ രംഗത്ത് വലിയ തോതില്‍ വികസനം വന്നെങ്കിലും ജനങ്ങള്‍ക്ക് രണ്ട് തട്ടില്‍ ചികില്‍സ നല്‍കുന്നത് കേരളം പോലൊരു സംസ്ഥാനത്തിന് ഒട്ടും യോജ്യമായ കാര്യമല്ല. കേവലം 30 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ അത്യാധുനിക ചികില്‍സാ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാകുന്നുള്ളൂ. സാമ്പത്തിക ശേഷി കുറഞ്ഞവര്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് കൂടുതലും ആശ്രയിക്കുന്നത്. അല്ലെങ്കില്‍ വലിയ സൗകര്യങ്ങള്‍ ഇല്ലാത്ത ചെലവ് കുറഞ്ഞ സ്വകാര്യ ആശുപത്രികളെ.

ചികില്‍സാ രംഗം പുരോഗമിച്ചുവെന്ന് പറയുമ്പോഴും അതിന്റെ ഗുണം എല്ലാവരിലേക്കും എത്തുന്നുണ്ടോയെന്നാണ് നാം എപ്പോഴും പരിശോധിക്കേണ്ടത്. അങ്ങനെ വരുന്നില്ലെങ്കില്‍ അതെങ്ങനെ വികസനമാകും? വളര്‍ച്ച അപൂര്‍ണമാണെന്നാണ് അതിനര്‍ത്ഥം. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 1-2 ശതമാനം മാത്രമാണ് ഇപ്പോള്‍ ആരോഗ്യരംഗത്തിന് നീക്കിവെക്കുന്നത്. ഇത് മാറണം. ഏറ്റവും ചുരുങ്ങിയത്, ജിഡിപിയുടെ 6-10 ശതമാനമെങ്കിലും ഹെല്‍ത്ത്‌കെയറിന് മാറ്റിവച്ചാലേ രാജ്യം സമഗ്രവികസനത്തിലേക്ക് കുതിക്കൂ. ഒരു രോഗി ഡോക്റ്ററുടെ മുന്നില്‍, അല്ലെങ്കില്‍ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തുമ്പോള്‍, അയാള്‍ പണമുള്ളവനാണോ ഇല്ലാത്തവനാണോ എന്ന മാനദണ്ഡമൊന്നും വിഷയമേ ആകരുത്.
ഉന്നതഗുണനിലവാരത്തിലുള്ള ചികില്‍സ അവര്‍ക്ക് ലഭ്യമാകുകയെന്നത് മാത്രമാകണം അവിടുത്തെ പരിഗണന. ഇതിനായി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സജന്യമായോ സബ്‌സിഡൈസ് ആയോ ചികില്‍സ ലഭ്യമാക്കുന്ന അവസ്ഥ വേണം. ജനങ്ങള്‍ക്ക് ഒരു പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് ശ്രമിക്കാവുന്നതാണ്. ഇതിലേക്കായി ആരോഗ്യ സെസ് പോലുള്ള എന്തെങ്കിലും നികുതി സംവിധാനവും ഏര്‍പ്പെടുത്തുന്നതിനക്കുറിച്ച് ചിന്തിക്കാവുന്നതാണ്. യുഎസ്, യുകെ തുടങ്ങി പല വികസിത രാജ്യങ്ങളിലും ചികില്‍സ ഏറെക്കുറേ സൗജന്യമായാണ് നല്‍കുന്നത്. ഹെല്‍ത്ത് കെയറിന് സര്‍ക്കാര്‍ പിന്തുണ അനിവാര്യമാണ്. അതേസമയം കേരളത്തിന്റെ ചികില്‍സാസംവിധാനങ്ങളുടെ മേന്മ കൃത്യസമയത്ത് ചികില്‍സ ലഭ്യമാകുന്നു എന്നതാണ്. ഇവിടെ സര്‍ജ
റികള്‍ക്കായി ഡെയ്റ്റുമെടുത്ത് കാത്തിരിക്കേണ്ട അവസ്ഥയില്ല.

കേരളം മികച്ചതാണ്, പക്ഷേ…
അടുത്തിടെയായി ഡോക്റ്റര്‍മാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വിചാരിക്കാത്ത തലങ്ങളില്‍ കേരളത്തിന്റെ മെഡിക്കല്‍ ഹബ്ബ് സാധ്യതകളെ ഭാവിയില്‍ ബാധിക്കും. നമ്മുടെ നാട്ടിലെ മെഡിക്കല്‍ എന്‍ട്രന്‍സ് വളരെയധികം മല്‍സരാധിഷ്ഠിതമാണ്. ഏറെ കടമ്പകള്‍ കടന്നാണ് ഒരാള്‍ ഡോക്റ്ററാകുന്നത്. സങ്കീര്‍ണമായ ഒരു പ്രോസസ് തന്നെയാണത്. എംബിബിഎസ്, എംഎസ്, എം സി എച്ച്, ഫെല്ലോഷിപ്പ്… അങ്ങനെ വര്‍ഷങ്ങളെടുത്താണ് പലരും ഡോക്റ്റര്‍ പ്രൊഫഷണിലേക്ക് ഇറങ്ങുന്നത്. 16-20 വര്‍ഷം വരെ പഠിച്ച ശേഷം പ്രൊഫഷനിലേക്ക് ഇറങ്ങുന്നവരുണ്ട്. മല്‍സരക്ഷമതയോടെ നിന്നാല്‍ മാത്രമേ ഇവിടെ കാര്യങ്ങള്‍ നടക്കൂ.
എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ ഇത്രയും എഫര്‍ട്ട് ഒരു ഡോക്റ്റര്‍ക്ക് വേണ്ട. അതിനാല്‍ തന്നെ മികച്ച പരിശീലനം നേടി പുറത്തിറങ്ങുന്ന ഇന്ത്യന്‍ ഡോക്റ്റര്‍മാരെ വലവീശി പിടിക്കാന്‍ കാത്തിരിക്കുകയാണ് മറ്റ് രാജ്യങ്ങള്‍. ഞാനുള്‍പ്പടെയുള്ള കേരളത്തിലെ ഡോക്റ്റര്‍മാര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന ഓഫറുകള്‍ വളരെ വലുതാണ്. ഈ പശ്ചാത്തലത്തില്‍ വേണം ഡോക്റ്റര്‍മാര്‍ക്കെതിരെ ഇവിടെ നടക്കുന്ന അതിക്രമങ്ങള്‍ നോക്കിക്കാണേണ്ടത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിന്നും ഡോക്റ്റര്‍മാര്‍ നാട് വിടുന്നതിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ വളര്‍ന്നുവരുന്ന യുവഡോക്റ്റര്‍മാര്‍ക്ക് ഇവിടെ നില്‍ക്കാന്‍ തോന്നാത്തത് സ്വാഭാവികം മാത്രമാണ്. ഡോക്റ്ററെ കുത്തിക്കൊന്നു എന്നെല്ലാം കേള്‍ക്കുമ്പോള്‍, എത്ര ആത്മാര്‍ത്ഥമായ എഫര്‍ട്ട് എടുത്താലും ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന തോന്നല്‍ യുവ ഡോക്റ്റര്‍മാര്‍ക്കുണ്ടാകും. അതിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എത്രപറഞ്ഞാലും അവരെ ഇവിടെ പിടിച്ചുനിര്‍ത്താന്‍ പറ്റിയെന്നും വരില്ല. ഹരാസ്‌മെന്റിനിടയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വലിയ ഓഫറുകള്‍ കൂടി വരുമ്പോള്‍ മനസ് മാറുന്നത് സ്വാഭാവികമാണ്. രാജിവെച്ച് പോയാലോയെന്ന് തോന്നും യുവാക്കള്‍ക്ക്. എംബിബിഎസിന് മുമ്പ് തന്നെ ഈ ഒരു ഓറിയന്റേഷന്‍, പുറത്തേക്ക് പോകാനുള്ള പ്രവണത, മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഇന്ന് കാണാന്‍ സാധിക്കും. പുറത്ത് പോയി പഠിച്ച്, പ്രാക്റ്റീസ് ചെയ്താല്‍ അതാകും നല്ലതെന്ന് അവര്‍ക്ക് തോന്നും. മെഡിക്കല്‍ പ്രൊഫഷനില്‍ നല്ല കഴിവും വൈദഗ്ധ്യവുമുള്ളവരില്‍ പലരും പുറത്തേക്കാണ് പോകുന്നത്.
അതിന് കാരണം ഇവിടുത്തെ സിസ്റ്റമാണ്. നമ്മുടെ ഹെല്‍ത്ത് സിസ്റ്റം വളരെ പരിതാപകരമാണെന്നേ പറയേണ്ടൂ. ഒരുപാട് മനുഷ്യവിഭവശേഷിയുണ്ട്, നല്ല ഹോസ്പിറ്റലുകളുണ്ട്, ഏറ്റവും നല്ല മെഡിസിന്‍സ് ഉണ്ട്, സൗകര്യങ്ങള്‍ ഉണ്ട്… പക്ഷേ സിസ്റ്റമാണ് പ്രശ്‌നം. അത് ബ്യൂറോക്രസിയുടെ കഴിവുകേടാണ്. സര്‍ക്കാര്‍ തരുന്ന പിന്തുണയുടെ പ്രശ്‌നമാണ്. ഈ മോശം സംവിധാനം മുതലെടുക്കാന്‍ വേണ്ടി നിരവധി വിദേശ രാജ്യങ്ങള്‍ രംഗത്തുണ്ട്. എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ ഡോക്റ്റര്‍മാരെ വിളിക്കുകയാണ്. യുവാക്കള്‍ക്കും അത് നന്നായി അറിയാം.

ഭാവിയില്‍ ഇത് വലിയ ദോഷം ചെയ്യും. നല്ല ഡോക്റ്റര്‍മാര്‍ ആരും നാട്ടില്‍ നില്‍ക്കില്ല. നഴ്‌സുമാരുടെ കാര്യവും ഇതുതന്നെയാണ്. ഒത്തിരി നല്ല സിസ്റ്റര്‍മാര്‍പുറത്തുപോകുകയാണ്. കുറച്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആകുമ്പോഴേക്കും അവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. വളരെ അനുഭവപരിചയം കുറവായ സിസ്റ്റേഴ്‌സിനെയാണ് ഇവിടെ ലഭിക്കുന്നത്. ബാക്കിയുള്ളവര്‍ എല്ലാം പുറത്തുപോകുന്നത് ഇവിടുത്തെ സിസ്റ്റം അത്ര മോശമായതിനാലാണ്. ലോണ്‍ എടുത്ത് പഠിച്ചവരാണ് നഴ്‌സുമാരില്‍ നല്ലൊരു ശതമാനവും.

എന്നാല്‍ ഇവിടുത്തെ സാലറിയില്‍ അവര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നില്ല. ലോണ്‍ അടയ്ക്കാന്‍ പറ്റുന്നില്ല. ഡോക്‌റ്റേഴ്‌സും അങ്ങനെ തന്നെ. ഈ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള പ്രവണത സ്വാഭവികമാണ്. എന്നാല്‍ ഇത് കേരളത്തിന്റെ ആരോഗ്യരംഗത്തിന് വലിയ ഭീഷണിയായി മാറും എന്ന വസ്തുത നമ്മള്‍ ഗൗരവത്തിലെടുക്കുന്നില്ല. ഈ നഷ്ടം, അല്ലെങ്കില്‍ കൊഴിഞ്ഞുപോക്ക്, ഭാവിയില്‍ വലിയ തോതില്‍ കൂടും.
അതിന്റെ ഫലമെന്നോണം, പ്രത്യേകിച്ച് കഴിവൊന്നുമില്ലാത്ത ഡോക്റ്റര്‍മാരാകും കേരളത്തില്‍ കൂടുതലുണ്ടാവുക. ഈ സാഹചര്യത്തില്‍ നിന്ന്
പുറത്തുകടക്കാന്‍ നമ്മുടെ ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ് ചെയ്‌തേ മതിയാകൂ. അതിനെ ഗ്ലാമറൈസ് ചെയ്യണം. ജിഡിപിയില്‍ 1-2 ശതമാനമേയുള്ളൂ ആരോഗ്യമേഖലയ്ക്കുള്ള സംഭാവന. നേരത്തെ പറഞ്ഞതുപോലെ, അത് ഒരു 6-10 ശതമാനമാക്കണം. മെഡിക്കല്‍ പ്രൊഫഷണലുകളുടെ ശമ്പളം കൂട്ടണം. അങ്ങനെയൊക്കെ മാത്രമേ മാറ്റം വരൂ.

ആരോഗ്യരംഗത്തിനുള്ള നീക്കിയിരുപ്പ് കൂട്ടുന്നത് വലിയ മാറ്റങ്ങള്‍ മേഖലയിലുണ്ടാകും. നമ്മുടെ രാജ്യത്തെ ലൈഫ് എക്‌സ്‌പെക്റ്റന്‍സി നിരക്ക് വളരെ കൂടുതലാണ്. ഇതിനു ആനുപാതികമായി പലതരത്തിലുള്ള രോഗചികിത്സ വേണം. ഇത് ലഭ്യമാക്കുന്നതിനുള്ള ഫണ്ട് നിലവിലെ ജിഡിപി പ്രകാരം തികയില്ല. യുഎസ് ആണ് നിലവില്‍ ആരോഗ്യരംഗത്തിനായി ഏറ്റവും കൂടുതല്‍ ജിഡിപി വകയിരുത്തിയിരിക്കുന്നത്.

ഏകദേശം 17 ശതമാനത്തോളം വരുമിത്. മറ്റ് വികസിത യൂറോപ്യന്‍ രാജ്യങ്ങളും പത്ത് ശതമാനത്തിനു മുകളില്‍ ജിഡിപി ആരോഗ്യരംഗത്തിന്റെ വളര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ രംഗത്ത് പ്രകടമായ ഒരു വ്യത്യാസമുണ്ടാകണമെങ്കില്‍ 6 മുതല്‍ 10 ശതമാനം വരെയെങ്കിലും സര്‍ക്കാര്‍ ചെലവിടലില്‍ വര്‍ദ്ധനവ് ആവശ്യമാണ്. നികുതിപ്പണത്തില്‍ നിന്നോ പ്രത്യേക സെസ് ഏര്‍പ്പെടുത്തിയോ ഇതിനുള്ള തുക കണ്ടെത്തണം. ഇത്തരം ഒരു സാഹചര്യം നിലവില്‍ വന്നാല്‍ മാത്രമേ കൂടുതല്‍ വിദേശ നിക്ഷേപകര്‍ ആരോഗ്യരംഗത്തേക്ക് കടന്നു വരുകയുള്ളൂ. മികച്ച സാധ്യതകളുള്ള ഒരു വികസനമേഖലയെന്ന തലത്തിലുള്ള ഹെല്‍ത്ത്‌കെയര്‍ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് അത് അനിവാര്യമാണ് താനും.
