പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാനും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ബിബേക് ദേബ്രോയ് (69) അന്തരിച്ചു. മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം.
ദേബ്രോയിയുടെ മരണത്തില്‍ പ്രധാനമന്ത്രി മോദി ദുഃഖം രേഖപ്പെടുത്തി. ‘ബിബേക് ദേബ്രോയ് ജി ഒരു ഉന്നത പണ്ഡിതനായിരുന്നു. സാമ്പത്തിക ശാസ്ത്രം, ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം, ആത്മീയത തുടങ്ങി വിവിധ മേഖലകളില്‍ അവഗാഹമുള്ളയാളായിരുന്നു. ഇന്ത്യയുടെ ബൗദ്ധിക ഭൂപ്രകൃതിയില്‍ അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചു. പൊതുനയത്തിലെ സംഭാവനകള്‍ക്കപ്പുറം, നമ്മുടെ പുരാതന ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കുകയും യുവാക്കള്‍ക്ക് അവ പ്രാപ്യമാക്കുകയും ചെയ്തു,’ മോദി എക്സില്‍ എഴുതി.
പത്മശ്രീ പുരസ്‌കാരത്താല്‍ ആദരിക്കപ്പെട്ട ഡെബ്രോയ്, പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സിന്റെ ചാന്‍സലറായി സേവനമനുഷ്ഠിക്കുകയും 2019 ജൂണ്‍ 5 വരെ നിതി ആയോഗ് അംഗവുമായിരുന്നു. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്ത അദ്ദേഹം ഒന്നിലധികം പത്രങ്ങളുടെ എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്.
മാക്രോ ഇക്കണോമിക്‌സ്, പബ്ലിക് ഫിനാന്‍സ് എന്നിവയില്‍ വൈദഗ്ധ്യമുള്ള ഡെബ്രോയ് സാമ്പത്തിക പരിഷ്‌കരണം, ഭരണം, റെയില്‍വേ തുടങ്ങിയ വിഷയങ്ങളില്‍ വ്യാപകമായി എഴുതിയിട്ടുണ്ട്. മഹാഭാരതവും ഭഗവദ് ഗീതയും ഉള്‍പ്പെടെയുള്ള ക്ലാസിക്കല്‍ സംസ്‌കൃത ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങളും പ്രശസ്തമാണ്.

