Connect with us

Hi, what are you looking for?

Entrepreneurship

ഫോറസ്റ്റ് പോസ്റ്റ്; മഞ്ജുവിന്റെ കാടറിഞ്ഞ സംരംഭം

വനഭൂമിയെ അംഗീകരിക്കാനും വനവിഭവങ്ങള്‍ ആസ്വദിക്കാനും ആയി അവസരം നല്‍കുന്ന ഒരു സംരംഭമുണ്ട് ചാലക്കുടിയില്‍, പേര് ഫോറസ്റ്റ് പോസ്റ്റ്. ചാലക്കുടി, കരുവന്നൂര്‍ നദീതടങ്ങളില്‍ വനത്തെ ആശ്രയിച്ചു ജീവിക്കുന്ന തദ്ദേശീയരുടെ ആശ്രയമാണ് മഞ്ജു തുടക്കമിട്ട ഫോറെസ്റ്റ് പോസ്റ്റ്

വനഭംഗി ഏറെയുള്ള ഒരു പ്രദേശമാണ് തൃശൂയൂര്‍ ജില്ലയിലെ വാഴച്ചാല്‍, ചാലക്കുടി മേഖലകള്‍. ഈ സ്ഥലത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമസക്കാരായ ആദിവാസി സമൂഹങ്ങള്‍ക്ക് സാമൂഹിക വനാവകാശം ലഭിച്ച പ്രദേശങ്ങളിലൊന്നാണ് വാഴച്ചാല്‍ വനത്തിന് ചുറ്റുമുള്ള പ്രദേശം. ഇവിടത്തെ ഗ്രാമങ്ങള്‍ക്ക് അവരുടെ പരമ്പരാഗതമായി കൈവശം വച്ചിരിക്കുന്ന വനഭൂമിയെ അംഗീകരിക്കാനും, വിഭവങ്ങള്‍ സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും അവകാശം നല്‍കുന്നു. അതിനാല്‍ തന്നെ വനവിഭവങ്ങളുടെ വിപണനം ഇവിടെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു. ചാലക്കുടി, കരുവന്നൂര്‍ നദീതടങ്ങള്‍ വനത്തെ ആശ്രയിച്ചു ജീവിക്കുന്ന തദ്ദേശീയ ഗ്രാമങ്ങളും വാസസ്ഥലങ്ങളും ഇത്തരത്തില്‍ ശ്രദ്ധേയമാണ്.

ഈ ജനവിഭാഗത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതിശാസ്ത്ര വിദഗ്ധയാണ് ഡോ. മഞ്ജു വാസുദേവന്‍. പരാഗണ പരിസ്ഥിതി ശാസ്ത്രത്തില്‍ പിഎച്ച്.ഡി.നേടിയ മഞ്ജു കേരളത്തിലെ റിവര്‍ റിസര്‍ച്ച് സെന്ററിലെ കണ്‍സര്‍വേഷന്‍ ആന്‍ഡ് ലൈവ് ലിഹുഡ്‌സ് പ്രോഗ്രാമിനും നേതൃത്വം നല്‍കുന്നു. നദീജല അവകാശ സമര സേനാനിയായ ഡോ ലത അനന്തയ്ക്കൊപ്പം നദീജല അവകാശ പ്രസ്ഥാനത്തില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ആദിവാസി വിഭാഗവുമായി അടുത്ത് പരിചരിച്ചതിന്റെ ഭാഗമായാണ് ഫോറസ്റ്റ് പോസ്റ്റ് ഉദ്യമത്തിന്റെ തുടക്കം. തുടക്കം വാഴച്ചാലില്‍ നിന്നായിരുന്നു എങ്കിലും ഇന്ന് വാഴച്ചാലിന്റെ മാത്രമല്ല തമിഴ്‌നാട്ടിലേയും ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിനായി ഈ ശൃംഖല പ്രവര്‍ത്തിക്കുന്നു. ആദിവാസി വിഭാഗത്തിലെ അംഗങ്ങളുമായി കാട്ടിലേക്ക് പോകുമായിരുന്ന മഞ്ജു ഒരു യാത്രയില്‍, വനത്തില്‍ കാട്ടുശതാവരി സമൃദ്ധമാണെന്ന് മനസ്സിലാക്കി. അവര്‍ അതില്‍ നിന്ന് അച്ചാര്‍ ഉണ്ടാക്കാന്‍ തുടങ്ങി.ഇതായിരുന്നു എല്ലാത്തിന്റെയും തുടക്കമെന്ന് പറയാം.

ഒരു പ്രാദേശിക പരിപാടിയില്‍, ഒരു സ്ത്രീ മഞ്ജുവിന്റെ അടുത്ത് വന്ന് അച്ചാറല്ലാതെ മറ്റെന്തെങ്കിലും ശതാവരി ഉല്‍പ്പന്നങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചു. കാട്ടുതേനിന്റെ ഉപയോഗത്തെക്കുറിച്ച് അറിയാമായിരുന്ന മഞ്ജു, തേന്‍ ഉപയോഗിച്ച് ശതാവരി ഉത്പന്നം തയാറാക്കി പരീക്ഷിച്ചു. അത് വിജയം കാണുകയും ചെയ്തു. ഇത് ഒരവസരമായി മഞ്ജു കാണുകയായിരുന്നു. തുടര്‍ന്നും വനവിഭവങ്ങള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വനവിഭവങ്ങള്‍ കൊണ്ടുള്ള ഭക്ഷണ ഉല്‍പന്നങ്ങള്‍ മാത്രമല്ല, ഗോത്രങ്ങള്‍ നിര്‍മ്മിച്ച കൊട്ടകള്‍, പായകള്‍, സഞ്ചികള്‍, മറ്റ് സാധനങ്ങള്‍ എന്നിവയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള പ്രാഥമിക മാര്‍ഗമായി ഈ പ്രാദേശിക പരിപാടികള്‍ മാറി.

കൂടുതല്‍ ആളുകളിലേക്ക്

പ്രാദേശിക പരിപാടികള്‍ ജനനിബിഢമായതോടെ കാദര്‍, മലയര്‍, മുതുവര്‍ എന്നീ ഗോത്രങ്ങളുമായി ഇടപഴകിയ മഞ്ജുവും സംഘവും 2017-ന്റെ തുടക്കത്തില്‍ ഫോറസ്റ്റ് പോസ്റ്റ് എന്ന ശൃംഖല സ്ഥാപിച്ചു. ഡോ.മഞ്ജു വാസുദേവന്റെ ഇടപെടലില്‍ കൊണ്ട് കേരളത്തിലെ തദ്ദേശീയ സമൂഹങ്ങള്‍ക്ക് ഉപജീവനത്തിനുള്ള അവസരങ്ങള്‍ നല്‍കാന്‍ ഫോറസ്റ്റ് പോസ്റ്റിലൂടെ സാധിച്ചു. ഇന്ന് വാഴച്ചാല്‍ മേഖലയിലെ കാടിനെ ആശ്രയിച്ചു ജീവിക്കുന്ന സ്ത്രീ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഫോറെസ്റ്റ് പോസ്റ്റ്.

കാട്ടു നെല്ലിക്ക, തേന്‍മെഴുക് തുടങ്ങിയ കാട്ടു വിഭവങ്ങള്‍ കൊണ്ട് ചെറിയ ചെറിയ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി തുടങ്ങിയതായിരുന്നു തുടക്കം. പല ഊരുകളിലും പെടുന്ന സ്ത്രീ സമൂഹങ്ങളുമായി ഇടപഴുകുന്നത് തന്നെ അപൂര്‍വമാണ്. അങ്ങനെയുള്ളവര്‍ക്ക് വരുമാനം നേടാന്‍ സഹായിക്കാന്‍ കഴിഞ്ഞു എന്നതാണ് ഫോറെസ്റ്റ് പോസ്റ്റിന്റെ വിജയം. അത് കൊണ്ട് അവര്‍ക്ക് വീടുകളിലെ ആവശ്യങ്ങള്‍ക്ക് പുരുഷന്മാരെ ആശ്രയിക്കേണ്ടി വരുന്നില്ല. അവര്‍ക്കു അവരുടേതായ ഒരു സമ്പാദ്യം വീടുകളില്‍ ഉണ്ടാക്കാനാകുന്നു. അവരാണ് തങ്ങളുടെ പരമ്പരാഗത അറിവുകള്‍ കൂട്ടായ്മകളില്‍ പങ്കു വയ്ക്കുന്നത്.

നിലവില്‍ എട്ടു ഊരുകളില്‍ നിന്നും അഞ്ച് ഉത്പന്നങ്ങളാണ് നിര്‍മിച്ചെടുക്കുന്നത്. തേന്‍മെഴുകു കൊണ്ട് സോപ്പ്, ലിപ് ബാം അടക്കം ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നു. മലരുടെ ഒക്കെ പരമ്പരാഗത കേശ സംരക്ഷണ അറിവുകള്‍ വച്ചുണ്ടാക്കുന്ന ഹെയര്‍ ഓയില്‍, പിന്നെ കാട്ടിലെ ഭക്ഷ്യയോഗ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന മാങ്ങാ ഇഞ്ചി മിട്ടായി, അച്ചാറുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ എന്നിവയും വിപണിയിലെത്തിക്കുന്നു. മുതുവ വിഭാഗത്തിലെ സ്ത്രീകള്‍ ഈറ്റ വച്ച് മെടഞ്ഞുണ്ടാക്കുന്ന കുട്ട, വട്ടി, പായ മുതല്‍ ജിയോ ടാഗ് വരെ ഉല്‍പന്നങ്ങളും ഇത്തരം കൂട്ടായ്മകള്‍ വഴി ശേഖരിക്കുന്നു.

സ്ത്രീ ശാക്തീകരണവും വരുമാനവും

മലയ, ഇരുള വിഭാഗത്തില്‍ പെട്ട വനിതകള്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണെങ്കിലും കാടിനെ ആശ്രയിച്ചല്ല ജീവിക്കുന്നത്. അവരെ തുന്നല്‍, കരകൗശല മോഡലുകള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ പഠിപ്പിച്ചു ആ ഉത്പന്നങ്ങളും ശേഖരിക്കുന്നു. തദ്ദേശീയരായ ആളുകള്‍ക്ക് വിഭവങ്ങള്‍ എവിടെ കണ്ടെത്താമെന്നും വിളവെടുപ്പ് വര്‍ഷത്തിലെ ഏത് സമയത്താണെന്നും അറിയാം. പരിസ്ഥിതിയെ ചൂഷണം ചെയ്യാതെ എത്രമാത്രംവനത്തില്‍ നിന്ന് വിളവെടുക്കാമെന്നും അവര്‍ക്കറിയാം. ഔഷധ ഇലകള്‍, വേരുകള്‍, മരങ്ങളുടെ പുറംതൊലി, തേന്‍ എന്നിവയും പല ഉല്‍പ്പന്നങ്ങളും സംസ്ഥാന വനം വകുപ്പിന്റെ വന വികസന ഏജന്‍സി ന്യായവിലയ്ക്ക് ആദിവാസികളില്‍ നിന്ന് വാങ്ങുന്നു.

നീലഗിരിയിലെ കീസ്റ്റോണ്‍ ഫൗണ്ടേഷനില്‍ നിന്നും സാമ്പത്തിക പിന്തുണയും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ പോലുള്ള കൂട്ടായ്മകളുമായി ബന്ധിപ്പിച്ചുകൊണ്ട് ഫോറസ്റ്റ് പോസ്റ്റ് കൂടുതല്‍ അവസരങ്ങള്‍ തുറക്കുകയുമാണ്. ഫോറസ്റ്റ് പോസ്റ്റ് വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്കിപ്പോള്‍ നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങാം. പ്രാദേശിക ഓര്‍ഗാനിക് ഷോപ്പുകളില്‍ നിന്നും വാങ്ങാനാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്