ഇവി അഥവാ ഇലക്ട്രിക് വാഹന ഇന്‍ഷുറന്‍സ് എന്നും അറിയപ്പെടുന്ന ഗ്രീന്‍ ഓട്ടോ ഇന്‍ഷുറന്‍സ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കും മറ്റു ഹൈബ്രിഡ് കാറുകള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഗ്രീന്‍ ഇന്‍ഷുറന്‍സ്. ഇവി യുഗത്തിലേക്ക് ചുവടു വെച്ചതിനാല്‍ ഗ്രീന്‍ ഓട്ടോ ഇന്‍ഷുറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
എന്താണ് ഗ്രീന്‍ ഓട്ടോ ഇന്‍ഷുറന്‍സ്?
പരിസ്ഥിതിയെക്കുറിച്ച് അവബോധമുള്ളവര്‍ക്കും, ഇലക്ട്രിക് വാഹനങ്ങളുടെ തനതായ ആവശ്യങ്ങള്‍ക്കും പ്രത്യേകം പരിരക്ഷ ഉറപ്പാക്കുന്നവയാണ് ഗ്രീന്‍ ഓട്ടോ ഇന്‍ഷുറന്‍സ്. ഈ ഇന്‍ഷുറന്‍സ് പോളിസികള്‍ സാധാരണ വാഹന ഇന്‍ഷുറന്‍സുകള്‍ക്കപ്പുറം, ഇവി ബാറ്ററികള്‍ക്കും മറ്റ് ഇലക്ട്രിക് പാര്‍ട്‌സുകള്‍ക്കും പരിരക്ഷ ഉറപ്പാക്കുന്നു. ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ ഓടിക്കുന്ന, കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഈ ഇന്‍ഷുറന്‍സ് പോളിസി പ്രോത്സാഹനവും ആനുകൂല്യങ്ങളും നല്‍കുന്നു.
ഗ്രീന്‍ ഓട്ടോ ഇന്‍ഷുറന്‍സിന്റെ ഏറ്റവും പ്രധാന സവിശേഷത, ഇലക്ട്രിക് വാഹനത്തിന്റെ ഏറ്റവും ചെലവറിയ പാര്‍ട്ട് ആയ ബാറ്ററിക്ക് അത് പരിരക്ഷ നല്‍കുന്നു എന്നതാണ്. ഇവി ബാറ്ററി ഏതെങ്കിലും ഘട്ടത്തില്‍ മാറ്റേണ്ടി വരുമ്പോള്‍, 10 ലക്ഷം രൂപ വരെ ചെലവാകും എന്നതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
എന്തുകൊണ്ട് പ്രാധാന്യം അര്‍ഹിക്കുന്നു?
ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതിന് ഗ്രീന്‍ ഓട്ടോ ഇന്‍ഷുറന്‍സ് പരിധിയിലധികം സഹായിക്കുന്നു.മാത്രമല്ല, ഇത് ഉപഭോക്താക്കള്‍ക്ക് മികച്ച പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. ഈ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് പ്രത്യേക കവറേജും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.
ഗ്രീന്‍ ഓട്ടോ ഇന്‍ഷുറന്‍സ് സാധാരണയായി കുറഞ്ഞ പ്രീമിയത്തോടെയാണ് വരുന്നത്. ഇത് ഇത്തരം ഇന്‍ഷുറന്‍സുകളുടെ ചെലവ് കുറയ്ക്കുന്നു. കൂടാതെ ചില പോളിസികള്‍, ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ പെയ്‌മെന്റിനും പരിരക്ഷ നല്‍കുന്നു.

