ഇലക്ട്രിക്ക് ആവാഹനങ്ങള്‍ക്ക് ജനപ്രീതി ഏറുകയാണ്. ഐസ് എഞ്ചിനുകള്‍ (പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍) പുറം തളളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് പ്രകൃതിക്ക് വരുത്തുന്ന വിനാശകരമായ ഫലങ്ങള്‍ ഇല്ലാതാക്കുന്നുവെന്നതാണ് എലെക്ട്രിക്കിന്റെ പ്രധാന നേട്ടം. ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇ.വി വില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രണ്ടാമത് നില്‍ക്കുന്നത് കര്‍ണാടകയാണ്. മൂന്നാം സ്ഥാനം കേരളത്തിനാണ്. വാഹന്‍ പരിവാഹന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ അനുസരിച്ച് 2024 ജനുവരി മുതല്‍ ജൂലൈ വരെ കേരളത്തില്‍ ആകെ 1,12,000 കാറുകളാണ് വിറ്റഴിഞ്ഞത്. ഇതില്‍ 80,000 വാഹനങ്ങള്‍ പെട്രോള്‍ കാറുകളാണ്. 13,000 വാഹനങ്ങള്‍ ഹൈബ്രിഡ് പെട്രോള്‍ കാറുകളാണ്. 8,000 ത്തോളം വാഹനങ്ങള്‍ ഡീസല്‍ വാഹനങ്ങളാണ്.7.6 ശതമാനമാണ് ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന എങ്കില്‍ 5.4 ശതമാനമാണ് ഇ.വി കളുടെ വില്‍പ്പന.
പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ പോലെ ഇലക്ട്രിക് വാഹനങ്ങളില്‍ വിപുലമായ സെഗ്മെന്റുകള്‍ ഇല്ല എന്നത് നിലവിലെ ഒരു പോരായ്മയാണ്. ഉദാഹരണത്തിന് ഹാച്ച് ബാക്ക് സെഗ്മെന്റ് അതുകഴിഞ്ഞ് ഒരു സെഡാന്‍ സെഗ്മെന്റ് തുടര്‍ന്ന് ഒരു സ്മാള്‍ യൂട്ടിലിറ്റി സെഗ്മെന്റ്, എം.പി.വി, മള്‍ട്ടിയൂട്ടിലിറ്റി സെഗ്മെന്റ് അങ്ങനെ സെഗ്മെന്റ് തിരിച്ച് വ്യക്തമായ ഒരു വിഭജനം ഐസ് എഞ്ചിനുകളില്‍ കാണാനാകും. ടാറ്റാ മോട്ടോഴ്‌സ്, എം.ജി മോട്ടോഴ്‌സ്, സിട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് കേരളത്തിലെ ഇലക്ട്രിക്ക് കാര്‍ വിപണിയില്‍ നിലവില്‍ പ്രധാനമായും പങ്കാളിത്തമുളളത്.

