മഹിന്ദ്ര ഥാര്‍ പുതുക്കിയ പതിപ്പ് ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചതിനു പിന്നാലെ, 5 ഡോറുകളുള്ള ഥാര്‍ വിപണിയിലെത്തിക്കുന്നു. ഥാര്‍ അര്‍മദ എന്ന പേരിലായിരിക്കും വാഹനം വിപണിയിലെത്തുക. ഥാര്‍ അര്‍മദക്ക് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും ഉണ്ടാകും. 1.5 ലീറ്റര്‍ എന്‍ജിന് 117 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ലഭിക്കും. അഞ്ച് ഡോര്‍ പതിപ്പിന് അര്‍മദ എന്ന പേരു നല്‍കുന്നതോടെ മഹീന്ദ്രയുടെ ഐതിഹാസിക മോഡലുകളിലൊന്നിന്റെ തിരിച്ചുവരവാകും.
നേരത്തെ ഥാര്‍ 5 ഡോറിന്റെ പരീക്ഷണയോട്ട വിഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഥാറിന്റെ രൂപഭംഗി നിലനിര്‍ത്തി നീളം കൂട്ടിയെത്തുന്ന വാഹനം വിപണി പിടിച്ചെടുക്കും എന്നാണ് കരുതുന്നത്. 112 കിലോവാട്ട് വരെ കരുത്തും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റര്‍ എം സ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനു കൂട്ട് ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ ബോക്‌സുകളാണ്. 97 കിലോവാട്ട് വരെ കരുത്തും 300 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിനൊപ്പവും ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകള്‍ ലഭ്യമാണ്.

