ഒടുവില്‍ വാഹന കമ്പനികളും സര്‍ക്കാരും തമ്മില്‍ ധാരണയായി. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്ന ഉപഭോക്താക്കള്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ 25000 രൂപ വരെ കാര്‍ കമ്പനികള്‍ സബ്‌സിഡി നല്‍കും. സ്‌ക്രാപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ഈ സബ്‌സിഡി ലഭിക്കും. ഉല്‍സവ സീസണില്‍ കാര്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണിത്.
വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമില്‍ അംഗങ്ങളായ കമ്പനികളുടെ സിഇഒമാരുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ മുന്‍നിര വാണിജ്യ, യാത്ര വാഹന നിര്‍മാതാക്കളെല്ലാം ഇത്തരത്തില്‍ ഡിസ്‌കൗണ്ട് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മലിനീകരണം കുറയ്ക്കുക, റോഡ് സുരക്ഷ ഉറപ്പാക്കുക തുടങ്ങി ലക്ഷ്യങ്ങളും തീരുമാനത്തിന് പിന്നിലുണ്ട്.
മാരുതി സുസുക്കി, ടാറ്റ മോട്ടേഴ്‌സ്, ഹ്യുണ്ടായ്, കിയ, ടൊയോട്ട തുടങ്ങി യാത്രാവാഹന നിര്‍മാതാക്കള്‍ 1.5 ശതമാനമോ 20000 വരെയോ ഡിസ്‌കൗണ്ട് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്‌ക്രാപ്പ് ചെയ്ത സര്‍ട്ടിഫിക്കറ്റുമായി പുതിയ കാര്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ക്ക് 25000 രൂപ ഇളവാണ് മെഴ്‌സിഡസ് ബെന്‍സ് നല്‍കുക.
ടാറ്റ മോട്ടേഴ്‌സ്, വോള്‍വോ ഐഷര്‍, അശോക് ലൈലാന്‍ഡ്, മഹീന്ദ്ര, ഫോഴ്‌സ് മോട്ടേഴ്‌സ്, ഇസുസു മോട്ടേഴ്‌സ്, എസ്എംഎല്‍ ഇസുസു തുടങ്ങിയ വാണിജ്യ വാഹന നിര്‍മാതാക്കള്‍ എക്‌സ്‌ഷോറും വിലയുടെ 3% വരെ നല്‍കാന്‍ തയാറാണ്. 3.5 ടണ്ണിന് മുകളില്‍ ഭാരമുള്ള വാഹനങ്ങളാവണം.
സര്‍ക്കാര്‍ ഏറെ അധ്വാനിച്ചിട്ടും, പ്രചാരണം നടത്തിയിട്ടും ആളുകള്‍ സ്വയമേവ വാഹനങ്ങള്‍ പൊളിക്കാന്‍ തയാറല്ല. 2025 മാര്‍ച്ച് മാസത്തോടെ 90000 സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 60 വാഹനം പൊളിക്കല്‍ കേന്ദ്രങ്ങളും 75 ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും സ്ഥാപിക്കാനും സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ട്.

