ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ ഇതിനോടകം തന്നെ തരംഗമായി മാറിയ സിറോസ് കേരളത്തില്‍ അവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു. കിയ ഇന്ത്യ ഏരിയ സെയില്‍സ് മാനേജര്‍ ആശിഷ് ജോണ്‍ മാത്യൂസ്, ഇഞ്ചിയോണ്‍ കിയ സെയില്‍സ് വൈസ് പ്രസിഡന്റ് പ്രേംജിത്ത് സോമന്‍, സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് റെജി വര്‍ഗീസ് എന്നിവര്‍ ചടങ്ങിന്റെ ഭാഗമായി.
ടെക് പ്രേമികള്‍ക്കും നഗരയാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പുതിയ മോഡലില്‍ ഒട്ടനവധി ഫീച്ചറുകളാണ് കിയ അവതരിപ്പിച്ചിരിക്കുന്നത്. ‘ഡിസൈന്‍, ടെക്‌നോളജി, സ്‌പേസ് എന്നിവയില്‍ പുതിയ മാനദണ്ഡങ്ങള്‍ രചിക്കുന്ന വിപ്ലവകരമായൊരു മോഡലാണ് സിറോസ്’ പുതിയ മോഡലവതരിപ്പിച്ച് നയീം ഷാഹുല്‍ പറഞ്ഞു. സിറോസിലൂടെ, കിയ ഇന്ത്യ തങ്ങളുടെ ഉല്‍പ്പന്ന ശ്രേണി കൂടുതല്‍ മികച്ചതാക്കുകയും, സമാനതകളില്ലാത്ത സുഖസൗകര്യങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യ, ഉപഭോക്ത കേന്ദ്രീകൃതമായ രൂപകല്‍പ്പന തുടങ്ങിയവ സമന്വയിപ്പിച്ച് ഒരു പുതിയ എസ്യുവി അനുഭവം തന്നെയാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്യുവല്‍ പാനല്‍ പനോരമിക് സണ്‍റൂഫും പതിനാറോളം ഓട്ടോണമസ് സുരക്ഷാക്രമീകരണങ്ങളോട് കൂടിയ അഡാസ് ലെവല്‍ 2 ഫീച്ചറും ഉള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് സിറോസ് നിരത്തുകളിലേക്കെത്തുന്നത്. 30 ഇഞ്ച് വലിപ്പമുള്ള ട്രിനിറ്റി പനോരാമിക് ഡിസ്‌പ്ലേ പാനല്‍, വയര്‍ലെസ് ചാര്‍ജര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 64 നിറങ്ങളുള്ള ആമ്പിയന്റ് മൂഡ് ലൈറ്റിങ് എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. സ്ലൈഡ് ചെയ്യാനും മടക്കാനും കഴിയുന്ന പിന്‍സീറ്റുകളുമാണ് സിറോസിന്റെ മറ്റൊരു സവിശേഷത, കൂടാതെ പിന്നിലെ സീറ്റുകളില്‍ വെന്റിലേറ്റഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സുരക്ഷയ്ക്കായി, ആറ് എയര്‍ബാഗുകള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ലെയിന്‍-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററോട് കൂടിയ 360 ഡിഗ്രീ ക്യാമറ തുടങ്ങിയവും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമെ സെഗ്മെന്റില്‍ ആദ്യമായി ഓവര്‍-ദി-എയര്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ സിറോസ് വാഗ്ദാനം ചെയ്യുന്നു. ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാതെ തന്നെ ഏറ്റവും പുതിയ സോഫ്റ്റ്വെയറും ഫീച്ചറുകളും ഓട്ടോമാറ്റിക് ആയി തന്നെ ഉപഭോക്താവിന് ലഭ്യമാകുന്നു. വരുന്ന ഫെബ്രുവരി 3-ന് സിറോസിന്റെ വില പ്രഖ്യാപിക്കും.

