ഒരാളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഒരു മുഖ്യ സൂചകമാണ് സിബില്‍ സ്‌കോര്‍ അഥവാ ക്രെഡിറ്റ് സ്‌കോര്‍. പ്രധാന ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അംഗങ്ങളില്‍ നിന്നാണ് സിബില്‍ പ്രാഥമികമായി വിവരങ്ങള്‍ ശേഖരിക്കുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ലഭിച്ചാല്‍ കുറഞ്ഞ പലിശനിരക്ക്, വലിയ വായ്പ തുക, ലളിതമായ ഡോക്യുമെന്റേഷന്‍, കൂടുതല്‍ തിരിച്ചടവ് കാലയളവ് എന്നിവ ഉള്‍പ്പെടെ കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളാണ് നിങ്ങള്‍ക്ക് ലഭിക്കുക. പ്രോപ്പര്‍ട്ടി വിലയുടെ 80% വരെ വായ്പ ലഭിക്കുകയും ചെയ്യും. പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തും. കാര്‍ഡ് ഉപയോഗിക്കാതെ സുരക്ഷിതമായി സൂക്ഷിച്ചാല്‍ മതിയാകും.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യം ബാങ്കുകളും അനുവദിക്കുന്ന ലോണുകളില്‍ 90 ശതമാനവും സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ 700നു മുകളിലുള്ളവര്‍ക്കാണ്. ക്രെഡിറ്റ് സ്‌കോര്‍ കുറയാതെ നോക്കുക എന്നതാണ് ഫിനാന്‍ഷ്യല്‍ പ്ലാനിംഗില്‍ അനിവാര്യമായ കാര്യം. ക്രെഡിറ്റ് കാര്‍ഡുകളുടെ ശരിയല്ലാത്ത ഉപയോഗം ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കാരണമാകും. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ക്രെഡിറ്റ് കാര്‍ഡുകള്‍ കൃത്യമായി വിനിയോഗിക്കുക
ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ക്രെഡിറ്റ് സ്‌കോറില്‍ ഓരോരുത്തരുടെയും ക്രെഡിറ്റ് ഹിസ്റ്ററിയുടെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. അതായത് അനേകം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ നടത്തുന്ന എല്ലാ ക്രയവിക്രയങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒന്നില്‍ കൂടുതല്‍ കാര്‍ഡ് കൈവശം വയ്ക്കുന്നുണ്ടെങ്കില്‍ അവയെല്ലാം ശരിയായ രീതിയില്‍ മാനേജ് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പിക്കുക. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവഴിക്കലിനും അടയ്ക്കേണ്ട തീയതിക്കും മുമ്പ് പണം തിരിച്ചടയ്ക്കുന്നതിനും കൃത്യമായ പ്ലാന്‍ സൂക്ഷിക്കുക. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുമ്പോള്‍, ആവശ്യം വന്നാല്‍ ഉപയോഗിക്കാവുന്ന വായ്പാ പരിധി താഴുകയാണ് ചെയ്യുന്നത്.
സ്‌കോര്‍ അടിക്കടി പരിശോധിക്കുക
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രയവിക്രയം നടത്തുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ഒരു ആത്മപരിശോധന അനിവാര്യമാണ്. എന്താണ് തന്റെ ക്രെഡിറ്റ് സ്‌കോര്‍ നിലവാരം എന്ന് ഇടക്കിടക്ക് പരിശോധിക്കണം.ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയില്‍ നിന്ന് ഇടയ്ക്ക് നിങ്ങളുടെ സ്‌കോര്‍ എത്രയാണെന്ന് അറിയാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടാം. വര്‍ഷത്തില്‍ എത്ര തവണയാണ് വേണ്ടതെന്നത് അനുസരിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഏജന്‍സി സബ്സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കാറുണ്ട്. ബാങ്കുകള്‍ വഴിയും ക്രെഡിറ്റ് സ്‌കോര്‍ അറിയാനാകും. ഇത് പരിശോധിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. http://www.cibil.com എന്ന വെബ്സൈറ്റില്‍ ഇതിനുള്ള സൗകര്യമുണ്ട്.
വായ്പാ ആവശ്യമുള്ളപ്പോള്‍ മാത്രം
വായ്പ ആവശ്യമുണ്ടോയെന്ന് ചോദിച്ച് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളെ അങ്ങോട്ട് സമീപിക്കുന്ന കാലമാണിപ്പോള്‍. ആര്‍ക്ക് വേണമെങ്കിലും വായ്പക്കായി അപേക്ഷിക്കാം. എന്നാല്‍ വായ്പ അത്യാവശ്യമാണെങ്കില്‍ മാത്രം എടുക്കുക. ഇനി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പണത്തിന്റെ വിനിമയം എങ്കില്‍ ഒരു പരിധി നിശ്ചയിക്കുക.
35 ശതമാനത്തില്‍ കൂടുതല്‍ ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ വരുമ്പോള്‍ സ്‌കോര്‍ വളരെ വേഗത്തില്‍ താഴും. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കുക. കൂടുതല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ കുറയാനുള്ള സാധ്യത കൂടുതലാണ്. വീടുണ്ടാക്കുക, കാര്‍ വാങ്ങുക, സ്ഥലം വാങ്ങുക… വായ്പയെടുത്ത് നിങ്ങള്‍ നടത്തുന്ന ഇത്തരം നിക്ഷേപങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല.
ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കുക
സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമാണ് ബില്ലുകള്‍ കൃത്യസമയത്തുതന്നെ അടയ്ക്കുന്നത്. ഇലക്ട്രിസിറ്റി ബില്ലായാലും ടെലിഫോണ്‍ ബില്ലായാലും മാസത്തിന്റെ ആദ്യ തീയതികളില്‍ തന്നെ അടയ്ക്കാന്‍ ശ്രദ്ധിക്കുക.ലോണ്‍/ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ചെക്കുകള്‍ ഒരിക്കലും ബൗണ്‍സ് ചെയ്യാന്‍ അനുവദിക്കരുത്.

