എ.ടി.എം ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ കാര്‍ഡില്ലാതെ പണം നിക്ഷേപിക്കാനുള്ള സംവിധാനം ഒരുക്കാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ആര്‍.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്.
എപ്പോള്‍ മുതല്‍ ഇത് പ്രാവര്‍ത്തികമാകാറാകുമെന്നോ ഇതിന്റെ രീതി എത്തരത്തില്‍ ആയിരിക്കുമെന്നതോ സംബന്ധിച്ച കാര്യങ്ങളില്‍ വരും ദിവസങ്ങളിലേ വ്യക്തത വരികയുള്ളൂ. നിലവില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) ഉപയോഗിച്ച് കാര്‍ഡ്ലെസ് പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കുന്നുണ്ട്. ഇതേ മാതൃക തന്നെയാകും ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്നതിലും നടപ്പിലാക്കുകയെന്നാണ് വിവരം.
ബാങ്ക് ഇടപാടുകള്‍ നടത്തുന്നവരെ സംബന്ധിച്ച് കൂടുതല്‍ എളുപ്പത്തില്‍ നിക്ഷേപം നടത്താന്‍ പുതിയ സംവിധാനം വരുന്നതിലൂടെ സാധിക്കും. യു.പി.ഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് രാജ്യത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതു തന്നെയാണ് പുതിയ പ്രഖ്യാപനത്തിലേക്ക് റിസര്‍വ് ബാങ്കിനെ നയിച്ചതും.

