തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ (Dhanlaxmi Bank) മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി (MD&CEO) കെ.കെ. അജിത് കുമാറിനെ നിയമിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരി 29ന് ആണ് പ്രസ്തുത സ്ഥാനത്ത് നിന്നും ജെ.കെ. ശിവന്‍ വിരമിച്ചത്. പ്രസ്തുത ഒഴിവിലേക്കാണ് അജിത് കുമാര്‍ നിയമിതനാകുന്നത്.
ഫെഡറല്‍ ബാങ്കിന്റെ പ്രസിഡന്റും ചീഫ് എച്ച്.ആര്‍ ഓഫീസറുമായ കെ.കെ. അജിത് കുമാര്‍, ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്‍ഡ് കുവൈറ്റ് കണ്‍ട്രി ഹെഡ്ഡും സി.ഇ.ഒയുമായ മാധവ് നായര്‍ എന്നിവരുള്‍പ്പെടെയുള്ള അഞ്ച് പേരുടെ പട്ടികയില്‍ നിന്നുമാണ് കെ.കെ. അജിത് കുമാറിനെ റിസര്‍വ് ബാങ്ക് തിരഞ്ഞെടുത്തത്.
അജിത് കുമാറിന്റെ നിയമനത്തിന് ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍ ചേര്‍ന്ന് അനുമതി നല്‍കും. അതിനു ശേഷമാണ് ഓഹരി ഉടമകളുടെ സമ്മതം തേടുക.

