മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് വിതരണം ചെയ്ത വായ്പകള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 18.60 ശതമാനം വളര്‍ച്ചയോടെ ആകെ 61,703.26 കോടി രൂപയെന്ന എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 33,359.30 കോടി രൂപയിലുമെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 62.12 ശതമാനം വളര്‍ച്ചയില്‍ 1047.98 കോടി രൂപയുടെ അറ്റാദായത്തോടെയാണ് ഈ നില കൈവരിച്ചിട്ടുള്ളത്. രാജ്യവ്യാപകമായി 93 ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്കാണ് കമ്പനി സേവനം നല്‍കി വരുന്നത്.
മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മാത്രമായുള്ള വായ്പാ വിതരണം 15 ശതമാനം വര്‍ധിച്ച് 50167.12 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 43443.26 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 459.81 കോടിയേക്കാള്‍ അറ്റാദായം 22.40 ശതമാനം വര്‍ധിച്ച് 562.81 കോടി രൂപയിലുമെത്തിയിട്ടുണ്ട്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷം ഇതേകാലയളവിലെ 17615.07 കോടിയേക്കാള്‍ 23.26 ശതമാനം വര്‍ധിച്ച് 21712.34 കോടി രൂപയിലുമെത്തിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 953.38 കോടിയേക്കാള്‍ 25.59 ശതമാനം വളര്‍ച്ചയുമായി 2024 സാമ്പത്തിക വര്‍ഷത്തിന്റെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 1197.31 കോടി രൂപ വരുമാനം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ധനവുമായി 2024 മാര്‍ച്ച് 31 വരെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് മൊത്തം 4298445 ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കി.
2025 സാമ്പത്തിക വര്‍ഷത്തില്‍ സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിനെ കുറിച്ചും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനെ കുറിച്ചും ശുഭാപ്തി വിശ്വാസമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടി രൂപയുടെ വായ്പാ വിതരണമെന്ന നാഴികക്കല്ലു തങ്ങള്‍ പിന്നിട്ടതായും റീട്ടെയില്‍ സേവനദാതാവ് എന്ന നില തങ്ങള്‍ തുടരുമെന്നും ശാഖകളില്‍ 78 ശതമാനവും മെട്രോ ഇതരമേഖലകളിലാണെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

