അടിസ്ഥാനസൗകര്യ വികസനവും ഉല്‍പ്പാദന കേന്ദ്രങ്ങളുടെ വളര്‍ച്ചയുമാണ് കേരളത്തിലും ഉറപ്പാക്കേണ്ടതെന്ന് എം എ യൂസഫലി. കൂടുതല്‍ വ്യവസായ സാധ്യതകള്‍ തുറക്കണം, ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തണം
ചൈന ഇന്ന് കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇബുവില്‍ എത്തുമ്പോള്‍ ഉണ്ടായ അനുഭവം ചൂണ്ടികാട്ടി ചൈനയുടെ വ്യവസായ മുന്നേറ്റത്തിന്റെ നേര്‍സാക്ഷ്യം വ്യക്തമാക്കുകയാണ് എം എ യൂസഫലി. ഇന്നത്തേത് പോലെ സാങ്കേതിക വിപ്ലവത്തിന്റെ സാധ്യതകള്‍ ചൈന ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കാത്ത കാലം.
ഇബുവിലെ സന്ദര്‍ശത്തിനിടെ അന്നത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയെ യൂസഫലി കാണാനിടയായി, ദീര്‍ഘനേരം സംസാരിക്കാന്‍ അവസരം ലഭിച്ചു. ചൈനയിലെ മുന്‍നിര നേതാവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ഏറെ ആകാംക്ഷയോടെ യൂസഫലി ചോദിച്ചു, നിങ്ങളുടെ രാജ്യം ഇത്രയധികം ജനസംഖ്യയുള്ള മികച്ച യുവതയുള്ള രാജ്യമാണ്, എന്നിട്ടും ചീനവല ചീനചട്ടി തുടങ്ങിയ ചുരുക്കം ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ വരെ പരിചിതമായിട്ടുള്ളൂ.
അത്രവലിയ സ്വാധീനം വ്യാവസായിക രംഗത്ത് സൃഷ്ടിക്കാന്‍ കഴിയാത്തത് എന്താണ്. അദ്ദേഹത്തിന്റെ മറുപടിയാണ് ഏറെ ഞെട്ടിച്ചതെന്ന് എം എ യൂസഫലി ചൂണ്ടികാട്ടുന്നു, ഇത്രയും നാള്‍ ലോകത്തിന് മുന്നിലേക്ക് വാതില്‍തുറക്കാനായുള്ള തയാറെടുപ്പിലായിരുന്നു ചൈന…അടിസ്ഥാനസൗകര്യ വികസനവും ഉല്‍പ്പാദന കേന്ദ്രങ്ങളും കൂടുതല്‍ സജ്ജീകരിക്കാനുള്ള യാത്രയിലായിരുന്നു ചൈന ഇതുവരെ, ഇനി ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയുടെ ഗതിനിര്‍ണയിക്കുന്ന സമയം തുടങ്ങുകയാണ്. കാലം ഈ വാക്കുകള്‍ ശരിയാണെന്ന് തെളിയിച്ചു.
30 വര്‍ഷങ്ങള്‍ക്കിപ്പുറം വ്യവസായ രംഗത്ത് ചൈനയുടേതായ ചിത്രം തെളിഞ്ഞുകഴിഞ്ഞു. റോഡ്, പാലം, ഹൈസ്പീഡ് റെയില്‍ തുടങ്ങിയ നിരവധി മാറ്റങ്ങള്‍ കൊണ്ട് പുതിയ പാത തന്നെ വെട്ടി തുറന്നു. ഷാങ്ഹായ്, ബെയ്ജിങ് തുടങ്ങി ചൈനയുടെ വിവിധയിടങ്ങളില്‍ ഇന്ന് ലുലുവിന്റെ സ്ഥാപനങ്ങളുണ്ട്. ചെറുകിട വ്യവസായങ്ങളും മൈക്രോ നിര്‍മ്മാണ ഹബ്ബുകളും ചൈനയെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ നിരയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചു.
ഇത്തരത്തില്‍ അടിസ്ഥാനസൗകര്യ വികസനവും ഉല്‍പ്പാദന കേന്ദ്രങ്ങളുടെ വളര്‍ച്ചയുമാണ് കേരളത്തിലും ഉറപ്പാക്കേണ്ടതെന്ന് എം എ യൂസഫലി പറയുന്നു. കൂടുതല്‍ വ്യവസായ സാധ്യതകള്‍ തുറക്കണം, ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തണം.
നേട്ടമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍
വ്യവസായ മേഖലയില്‍ സമൂലമായ മുന്നേറ്റമാണ് പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനങ്ങള്‍ വഴിതുറന്നത്. രൂപയില്‍ തന്നെ വാണിജ്യത്തിനുള്ള സാധ്യത തന്നെ യാഥാര്‍ത്ഥ്യമായിരിക്കുന്നു. സാമൂഹികമായ മുന്നേറ്റത്തിനാണ് ഇത് വഴിതുറക്കുക. യുവജനത യൂറോപ്പിലേക്കും യുകെയിലേക്കും കുടിയേറുന്നത് കുറയ്ക്കാന്‍ ഈ മുന്നേറ്റത്തിലൂടെയേ കഴിയൂ. കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വഴിതുറക്കുകയും, താല്‍പ്പര്യമുള്ളവര്‍ക്ക് കൂടുതല്‍ അവസരം തുറന്നുകൊടുക്കുയുമാണ് ചെയ്യേണ്ടത്.
കാലത്തിന് അനുസരിച്ചുള്ള മാറ്റം വരണം.ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ വിശ്വാസ്യതയും സ്വീകാര്യതയും വര്‍ധിക്കുന്ന കാലഘട്ടമാണിത്. ഇത് തിരിച്ചറിയാന്‍ കഴിയണം. എന്‍ആര്‍ഐ നിക്ഷേപത്തിനുള്ള ബുദ്ധിമുട്ടകള്‍ രാജ്യത്ത് ഇന്നില്ല. ഈ മാറ്റങ്ങള്‍ ഉള്‍കൊണ്ടുള്ള വ്യവസായ സാധ്യത യുവസംരംഭകര്‍ പ്രയോജനപ്പെടുത്തണം.
ഇന്ത്യന്‍ നിര്‍മ്മിത ഗൃഹോപകരണ ഉല്‍പ്പന്നമായ ഹൈം ബ്രാന്‍ഡിന്റെ ലോഗോ പ്രകാശനവും ഹൈം ടിവിയുടെ പ്രകാശനവും നിര്‍വഹിക്കുന്നതിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു എം എ യൂസഫലി രാജ്യത്തെയും കേരളത്തിലെയും വ്യവസായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.

