കാര്‍ഷികരംഗത്തേക്ക് കിടക്കുന്നവര്‍ ചോദിക്കുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്നാണ് എളുപ്പത്തില്‍ നേട്ടമുണ്ടാക്കാന്‍ ഏത് വിള കൃഷി ചെയ്യണമെന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ആകാശവെള്ളരി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ സസ്യം കൃഷി ചെയ്യുക അത്ര എളുപ്പമല്ലെങ്കിലും ഒരിക്കല്‍ പിടിച്ചുകിട്ടിയാല്‍ പിന്നെ വര്‍ഷങ്ങളോളം മികച്ച ഫലം ഉറപ്പാണ്.

ആകാശവെള്ളരി, പേര് പോലെ തന്നെ ഏറെ വ്യത്യസ്തമാണ് ഈ ഫലവും. സുസ്ഥിര പച്ചക്കറിയായും ഔഷധസസ്യമായും ആകാശവെള്ളരിയെ ഒരേപോലെ ഉപയോഗിച്ച് വരുന്നു. ഒരിക്കല്‍ വേരുറച്ചാല്‍ തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂര്‍വ്വ സസ്യമാണ് ആകാശവെള്ളരി. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം ആദ്യകാലങ്ങളില്‍ വീടുകളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ വിപണന സാധ്യത മനസിലാക്കിയ ചില കര്‍ഷകര്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആകാശവെള്ളരി കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
കാഴ്ചയില്‍ വെള്ളരിക്കയുമായി യാതൊരു സാമ്യവും ഈ വിളക്ക് ഇല്ല. മാത്രമല്ല കണ്ടാല്‍ കൂടുതല്‍ സാദൃശ്യം കുമ്പളത്തോടാണ് താനും. പാഷന്‍ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ് ഔഷധഗുണത്തിലും അഗ്രഗണ്യനായ ഈ വള്ളിവര്‍ഗ്ഗ വിള. പണ്ടുകാലം മുതലേ കേരളത്തിലെ വൈദ്യ കുടുംബങ്ങളില്‍ ആഞ്ഞിലി മരങ്ങളില്‍ പടര്‍ത്തി വളര്‍ത്തിയിരുന്നൊരു ഔഷധസസ്യം കൂടിയാണിത്. ഇതിന്റെ ഔഷധമൂല്യം തന്നെയാണ് ഈ സസ്യത്തെ വേറിട്ട് നിര്‍ത്തുന്നതും. പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാല്‍ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്മ, ഉദരരോഗങ്ങള്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങക്കെതിരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഔഷധം തന്നെയാണ്. ആകാശവെള്ളരി ബാഗിലോ ചെറിയ സ്ഥലത്തോ കൃഷി ചെയ്യാന്‍ വളരെ പ്രയാസമാണ്. കാരണം ഇതിനു പടരാന്‍ ധാരാളം സ്ഥലം വേണം.
വിത്ത് നടീല്‍ ആണ് ഗുണകരം
വിത്തുപയോഗിച്ചും തണ്ടുകള്‍ മുറിച്ചുനട്ടും രണ്ടു വിധത്തില്‍ ആകാശവെള്ളരി കൃഷി ചെയ്യാം.വള്ളികള്‍ വേരു പിടിപ്പിച്ച് വെക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്താല്‍ 7ാം മാസം മുതല് കായ്ചു തുടങ്ങും. വെള്ളവും വളവും വളര്‍ച്ചക്കനുസരിച്ച് കൊടുത്തു കൊണ്ടിരിക്കണം. നടാനുള്ള കുഴി രണ്ടടി വീതം നീളം, വീതി, ആഴം എന്ന അളവിലെടുക്കണം. ഇതില്‍ മേല്‍മണ്ണ്, ഉണക്ക ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തിളക്കി തൈകള്‍ നടാം. ആകാശവെള്ളരിയുടെ നല്ല വളര്‍ച്ചയ്ക്ക് ദിവസവും വെള്ളം ലഭിക്കണം.
ഇനി വേരല്ല തണ്ടുകള്‍ നട്ടാണ് ആകാശവെള്ളരി കൃഷി ചെയ്യുന്നത് എങ്കില്‍, തൈകള്‍ ഒരു വര്‍ഷം കൊണ്ടു പൂവിട്ട് കായ്കള്‍ പിടിക്കാന്‍ തുടങ്ങും. എല്ലാകാലങ്ങളിലും പൂവിട്ടു കായ്കള്‍ പിടിക്കുമെങ്കിലും വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ കായ്കളുണ്ടാകുന്നത്. ഒരു ചെടിയില്‌നിന്ന് എഴുപത് വെള്ളരിവരെ കിട്ടും. കിലോയ്ക്ക് 120 രൂപ വരെ പ്രാദേശിക വിപണിയില്‍ ഇതിനു വില വരും.
രണ്ട് കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ആകാശ വെള്ളരി കായ്കള്‍ ഇളം പ്രായത്തില്‍ പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞു പഴുത്തുകഴിഞ്ഞാല്‍ പഴമായും ഉപയോഗിക്കാം. കായ് പച്ചയ്ക്ക് സലാഡ് ആയും വിളഞ്ഞാല്‍ ജാം, ജെല്ലി, ഫ്രൂട്ട് സലാഡ്, ഐസ്‌ക്രീം എന്നിവയൊരുക്കാനും നന്ന്. തൊണ്ട് ചെത്തിക്കളയേണ്ടതില്ല. പഴുത്ത കായ്കള്‍ മുറിക്കുമ്പോള്‍ പുറത്ത് പപ്പായയിലേതു പോലെ കനത്തില്‍ മാംസളമായ കാമ്പും അകത്ത് പാഷന്‍ ഫ്രൂട്ടിലേതു പോലെ പള്‍പ്പും വിത്തുകളുമുണ്ടാകും
ഔഷധഗുണങ്ങള്‍ ഏറെ
ആകാശവെള്ളരി പച്ചക്കറി എന്നതില്‍ ഉപരിയായി ഒരു ഔഷധം എന്ന നിലക്കാണ് കൂടുതല്‍ പ്രശസ്തം. ഔഷധഗുണമുള്ള ആകാശ വെള്ളരിയുടെ ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ഔഷധച്ചായ ദിവസ്സവും കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പച്ചയോ ഉണക്കിയെടുത്തതോ ആയ രണ്ട് ആകാശവെള്ളരിയിലകള്‍ ഒരു ഗ്ലാസ്സ് വെള്ളത്തിത്തിലിട്ട് തിളപ്പിച്ചാണ് ഔഷധ ചായ ഉണ്ടാക്കുന്നത്. മാത്രമല്ല, ആകാശവെള്ളരി ഷുഗര്‍, പ്രെഷര്‍, കൊളസ്‌ട്രോള്‍ എന്നിവയെ നിയന്ത്രിക്കുന്നതിനും മികച്ച മരുന്നാണ്. കായ്കളിലടങ്ങിയ ‘പാസിപ്ലോറിന്’ എന്ന ഘടകമാണ് രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളെസ്‌ട്രോള്‍ എന്നീ അവസ്ഥകള്‍ക്കെതിരെ പോരാടുന്നത്.

