മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍, കൊണ്ടോട്ടി ബ്‌ളോക്കിലാണ് 21.19 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാഴയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാഴകളുടെ ഊരാന് ഈ കൊച്ചു ഗ്രാമം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല വാഴയൂരിലെ വാഴക്കൃഷി. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിന് മുകളിലായി വാഴയൂരില്‍ വഴക്കുറിശി ആരംഭിച്ചിട്ട്. കാര്‍ഷിക ഗ്രാമം എന്ന ചന്തം ചാര്‍ത്തലിന്റെ ശോഭ ഒട്ടും കുറയാതെയാണ് നാളിതുവരെ വാഴയൂരിലെ കര്‍ഷകര്‍ തങ്ങളുടെ ഗ്രാമത്തെയും തൊഴിലിനേയും നെഞ്ചോട് ചേര്‍ത്തത്.
മലപ്പുറം ജില്ലയുടെ വടക്ക്പടിഞ്ഞാറെ അതിര്‍ത്തിയില്‍ ചാലിയാറിന്റെ തീരത്തുള്ള ഈ പ്രദേശത്തേക്ക് ലക്ഷണമൊത്ത വാഴക്കുലകളും വാഴക്കന്നുകളും തേടി ആളുകള്‍ വരാറുള്ള ഒരു കാലമുണ്ടായിരുന്നു. ഇന്ന് കാലം പുരോഗമിച്ചപ്പോള്‍ ബഹുഭൂരിപക്ഷം ആളുകളും കൃഷിയില്‍ നിന്നും അവധിയെടുത്തു. അതോടെ വാഴയൂരിന്റെ കീര്‍ത്തി അല്‍പമൊന്ന് മങ്ങി. എന്നാല്‍ ഇന്ന് കര്‍ഷക കൂട്ടായ്മയുടെ പിന്‍ബലത്തില്‍ വാഴയൂര്‍ തിരിച്ചു വരവിന്റെ പാതയിലാണ്.
എന്തുകൊണ്ട് വാഴക്കൃഷി ?
എന്തുകൊണ്ടാണ് വാഴയൂര്‍ വാഴകൃഷിക്ക് പ്രശസ്തമായത് എന്ന ചോദ്യത്തിന് ഇവിടെ ഏറെ പ്രസക്തിയുണ്ട്. ചാലിയാറിന്റെ ഓരത്തെ വളക്കൂറുള്ള വയലുകള്‍ തന്നെയാണ് അതിനുള്ള പ്രധാന കയറണം. ചാലിയാര്‍ പുഴ ഒഴുക്കിക്കൊണ്ട് വരുന്ന എക്കല്‍ മണ്ണ് കൃഷിക്ക് ഏറെ പ്രയോജനകരമാണ്. മാത്രമല്ല വെള്ളത്തിന്റെ ലഭ്യതയും കാലാവസ്ഥയും വാഴകൃഷിക്ക് വേണ്ട വഴിയൊരുക്കുന്നു. ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെമാകെ നെല്‍കൃഷിക്ക് പേരുകേട്ട ഇടമായിരുന്നു. അക്കാലയളവില്‍ ഇടവിളയായാണ് വാഴ നട്ടിരുന്നത്.
എന്നാല്‍ വാഴക്കൃഷിയുടെ വിജയം നെല്ലിന് ബദലായി വാഴ കൂടുതല്‍ കൃഷി ചെയ്യുന്നതിന് കര്‍ഷകരെ നിര്‍ബന്ധിതരാക്കി. അങ്ങനെയാണ് വാഴകൃഷിക്ക് പറ്റിയ ഊരായി വാഴയൂര്‍ മാറുന്നത്. അധ്വാനവും നഷ്ടസാധ്യതയും കുറവുള്ളതുകൊണ്ടാണ് കര്‍ഷകര്‍ വാഴയുടെ വഴിയേ നടക്കുന്നത്. ആ യാത്ര വിജയം കാണാന്‍ തുടങ്ങിയതോടെ കൂടുതല്‍ കര്‍ഷകര്‍ ഈ വഴിയേ സഞ്ചരിക്കാന്‍ തുടങ്ങി. ഇതോടെ നെല്ലിറക്കുന്നത് പോലുള്ള തുടര്‍ച്ചയായുള്ള കൃഷിയും ചെലവ് കുറഞ്ഞു. ഇപ്പോള്‍ 35 വര്‍ഷത്തിലേറെ തുടര്‍ച്ചയായി വാഴ മാത്രം വിളയുന്ന വയലുകള്‍ വാഴയൂരിന്റെ വഴിയോരങ്ങളിലുണ്ട്.
10 മാസത്തെ കൃഷിയില്‍ മുതല്‍ മുടക്കിന്റെ ഇരട്ടിലാഭം ഉറപ്പാണ് എന്നതാണ് വാഴക്കൃഷിയുടെ പ്രത്യേകത. ശരാശരി 12 കിലോ തൂക്കമുള്ള വാഴക്കുലകളാണ് ഇവിടെ വിളയുന്നത്. അതിലേറെ വലുപ്പമുള്ള കുലകളും ലഭിക്കാറുണ്ട്. ജൈവകൃഷിരീതിയാണ് പലരും പ്രോത്സാഹിപ്പിക്കുന്നത്. അതിനാല്‍ തന്നെ വിപണിയില്‍ മികച്ച വില ലഭിക്കുകയും ചെയ്യുന്നു. ഓണം, വിഷു സീസണുകള്‍ മുന്‍നിര്‍ത്തിയാണ് കൃഷി പുരോഗമിക്കുന്നത്. ഓരോ വര്‍ഷവും വാഴപ്പഴത്തിന്റെ വില വര്‍ധിക്കുകയാണ് എന്നത് ഇവിടുത്തെ കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്നുള്ള വാഴക്കുല എത്തുന്നുണ്ട്.
വാഴക്കൃഷി ആയതിനാല്‍ തന്നെ മുഴുവന്‍ സമയ കര്‍ഷകര്‍ പ്രദേശത്ത് കുറവാണ്. പലര്‍ക്കും വാഴകൃഷി സൈഡ് ബിസിനസ്സാണ്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലും ഇവര്‍ കൃഷിയിറക്കുന്നു. അതിനാല്‍ കൃഷിയിറക്കുന്ന സമയത്ത് കരാര്‍ തൊഴിലാളികളെ പണിക്കായി എടുക്കുകയാണ് പതിവ്. കമ്പനി, കയറ്റിറക്ക് തൊഴിലാളികള്‍, കല്‍പ്പണിക്കാര്‍, കൂലിപ്പണിക്കാര്‍ തുടങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍വീസില്‍ നിന്ന് വിരമിച്ചവരുമെല്ലാം വാഴകര്‍ഷകരായി രംഗത്തുണ്ട്. സ്വാശ്രയ സംഘങ്ങളും കുടുംബശ്രീ വനിതകളും അവരെ ഇന്ന് വാഴകര്‍ഷകരായി പാടത്തുണ്ട്. പഞ്ചായത്തില്‍ കുടുംബശ്രീ വനിതാസംഘങ്ങളും കൃഷിയുടെ സാധ്യത മനസിലാക്കി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
കുലച്ച വാഴയുടെ കന്നിന്റെ കിഴങ്ങ് മുതിരയോ കടലയോ ചേര്‍ത്തുണ്ടാക്കുന്ന പുഴുക്ക് ഒരു കാലത്ത് ഇവിടത്തുകാരുടെ പ്രധാന ഭക്ഷണമായിരുന്നു. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്ത കാലമായിരുന്നു അത്. പ്രദേശത്തെ മുതിര്‍ന്നവരുടെ നാവിന്‍ തുമ്പില്‍ അന്നത്തെ വിഭവങ്ങളുടെ സ്വാദ് ഇപ്പോഴുമുണ്ട്. മറ്റിടങ്ങളിലെന്ന പോലെ വാഴയൂരിലും വയലുകള്‍ ഭീഷണിയിലാണെങ്കിലും വാഴയുള്ള വയലുകള്‍ക്ക് തത്കാലം ഭീഷണിയില്ല. ഭൂവുടമയ്ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുന്നത് തന്നെ കാരണം. ഒരു കന്നിന് 3540 രൂവരെ പാട്ടം ലഭിക്കുന്നുണ്ട്.
കൃഷി ചെയ്യാന്‍ ആളുകള്‍ മത്സരിച്ച് വയലുകളെടുക്കുന്നതിനാല്‍ ഓരോ വര്‍ഷവും പാട്ടം കൂടുകയാണ്. ഇടക്കാലത്ത് കൃഷി മതിയായെന്ന ധാരണയില്‍ കുറച്ചധികം കര്‍ഷകര്‍ വാഴക്കൃഷിയില്‍ നിന്നും വിരമിച്ചിരുന്നു. പ്രസ്തുത വര്‍ഷത്തെ കൃഷിയെ അത് ബാധിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം കൂടുതല്‍ കര്‍ഷകര്‍ കൃഷിയുടെ ഭാഗമായി. പലരും സൈഡ് ബിസിന്‍സ് എന്ന നിലക്കാണ് കൃഷി ചെയ്യുന്നത് എന്നത് തന്നെയാണ് വാഴയൂരിലെ വാഴക്കൃഷിയുടെ ഇപ്പോഴത്തെ വിജയം.
തമിഴ്‌നാല്‍ നിന്നുമുള്ള വഴക്കന്നുകള്‍
കഴിഞ്ഞ കുറച്ചു കാലം മുന്‍പ് വരെ വാഴയൂരിലെ വാഴകള്‍ക്ക് അവിടുത്തേത് മാത്രമായ ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. വളക്കൂറുള്ള വയല്‍മണ്ണില്‍ കായ്ക്കുന്നതിനാല്‍ തന്നെ പോഷകവും രുചിയും കൂടുതലായിരുന്നു. എന്നാലിപ്പോള്‍ കൃഷി കുറഞ്ഞതോടെ, വിത്തുല്‍പാദനവും നിലച്ചു. അതോടെ വാഴയൂരിലെ വാഴകൃഷിയിലും പല മാറ്റങ്ങളും വന്നു. തമിഴ് നാട്ടില്‍ നിന്നുള്ള വാഴക്കന്നുകളും വളവുമെല്ലാമാണ് ഇപ്പോള്‍ വാഴയൂരിന്റെ പെരുമ നിലനിര്‍ത്തുന്നത്.
എന്നിരുന്നാലും നാടന്‍ വളപ്രയോഗം എന്ന തത്വത്തില്‍ ഉറച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഇവിടുത്തെ കര്‍ഷകര്‍ തുടരുന്നുണ്ട്. ചാണകപ്പൊടി, കോഴിവളം എന്നിവയും തമിഴ്‌നാട്ടില്‍ നിന്നെത്തുന്നു. മേട്ടുപ്പാളയത്തില്‍ നിന്നുള്ള കന്നുകള്‍ മികച്ച വിളവ് നല്‍കുന്നതായി കര്‍ഷകര്‍ പറയുന്നു. നേരത്തെ കുലയ്ക്കുന്നതും കൂടുതല്‍ പടല കായ ലഭിക്കുന്നതും മേട്ടുപ്പാളയം കന്നിന്റെ മേന്മയാണ്.
തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ മേഖലകളിലെ വാഴക്കര്‍ഷകര്‍ ഇവിടെനിന്നും ഗുണമേന്മയുള്ള വാഴക്കന്നുകള്‍ ഒരുകാലത്ത് ശേഖരിച്ചിരുന്നു. നാടന്‍ രീതിയില്‍ തന്നെയാണ് അവര്‍ കൃഷി ചെയ്തിരുന്നതും. തമിഴ്‌നാട്ടില്‍ നിന്ന് ചാണകപ്പൊടിയും കോഴിവളവും എത്തിയതോടെ കൃഷിരീതികളിലും മാറ്റംവന്നു. അതോടെ ഏത് പ്രദേശത്തെ വാഴക്കന്നായാലും മതി എന്ന അവസ്ഥയായി.പച്ചിലവളം ഇടക്കാലത്ത് പരീക്ഷിച്ചെങ്കിലും ഇപ്പോഴില്ല. രാസവള പ്രയോഗം തീരെയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എന്തയാലും ഇടക്കാലത്ത് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വഴക്കര്‍ഷകര്‍. ഇപ്പോള്‍ പുതുതലമുറ കര്‍ഷകരും കൃഷിയുടെ ഭാഗമാണ് എന്നത് ഭാവിസാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.
വാഴയും പച്ചക്കറികളും
വാഴക്കൊപ്പം പച്ചക്കറികളും കൃഷി ചെയ്യുക എന്നതാണ് ഇവിടുത്തെ രീതി. വാഴതോപ്പുകളില്‍ ഇടവിളയായാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. ഇത് വാഴ നട്ട് വിളവ് ആകുന്നത് വരെ കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഇത്ഇടക്കാലാവരുമാനം നല്‍കുന്നു. പയര്‍, വെണ്ട, പാവക്ക, ചിരങ്ങ തുടങ്ങിയവയാണ് വാഴകള്‍ക്കിടയില്‍ വ്യാപകമായി കൃഷി ചെയ്യുന്നത്.വഴക്ക് നനയ്ക്കുമ്പോള്‍ ഒപ്പം ഈ പച്ചക്കറികള്‍ക്കും നന ലഭിക്കുന്നു എന്നതിനാല്‍ പ്രത്യേക പരിചരണം ആവശ്യമില്ല. നിശ്ചിത ദിവസത്തിനകം വിളവെടുപ്പ് നടത്തുകയും ചെയ്യാം എന്നതാണ് പ്രത്യേകത.
ഇത്തരം പച്ചക്കറികള്‍ നട്ട് മൂന്ന് നാല് മാസങ്ങള്‍ക്കിടയില്‍ വിളവെടുക്കാനാകുന്നത് കര്‍ഷകരുടെ ആദായം വര്‍ധിപ്പിക്കുന്നു. ഇത് കര്‍ഷകര്‍ക്ക് അധിക വരുമാനവും ഇടക്കാലാശ്വാസവും നല്‍കുന്നു.പച്ചക്കറി വിളവെടുപ്പ് കഴിയുമ്പോള്‍ ബാക്കിയാകുന്ന ചെടികളും വള്ളികളും വെട്ടിമുറിച്ച് വാഴയുടെ തടത്തില്‍ തന്നെ നിക്ഷേപിക്കുന്നു. ഇത് വാഴയ്ക്ക് മികച്ച വളമാകുന്നു.
എന്നാല്‍ ഒരു കാലത്ത് അധികലാഭത്തിനായി ഇത്ര വളക്കൂറുള്ള ഈ ഭൂമിയില്‍ കര്‍ഷകര്‍ കീടനാശിനി രാസവള പ്രയോഗങ്ങള്‍ നടത്തിയിരുന്നു എന്നത് ഇന്നും ആശങ്കയുണര്‍ത്തുന്നു. ഫ്യൂറഡാന്‍, ഫോറൈറ്റ് തുടങ്ങിയ കീടനാശിനികള്‍ ഉപയോഗിച്ചിരുന്ന കൃഷിയിടങ്ങള്‍ ഇന്നുമുണ്ട്.
പാടത്ത് പണ്ടുണ്ടായിരുന്ന ഞണ്ട്, തവള, ഞവുഞ്ഞി, മീനുകള്‍ തുടങ്ങിയവയെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് വാതാഴയൂരിലെ വാഴക്കൃഷിയുടെ സ്വാഭാവികതയെ ബാധിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള വളത്തിന്റെ വരവിലും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.എന്നാല്‍ ഒത്തുപിടിച്ചാല്‍ മാലയും പോരും എന്ന പോലെ വാഴയൂരിന്റെ വാഴപ്പെരുമ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ കര്‍ഷകര്‍.

