തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്സിന്റെ മാനേജിംഗ് ഡയറക്ടറായി ടി.എസ്. കല്യാണരാമന്‍ തുടരും.. ഈ വര്‍ഷം ജൂണ്‍ 19ന് അദ്ദേഹത്തിന്റെ നിലവിലെ നിയമന കാലാവധി അവസാനിക്കാനിരിക്കേയാണ് പുനര്‍നിയമനം. ഇത് പ്രകാരം 2029 ജൂണ്‍ 19 വരെ കാലാവധിയിലാണ് അദ്ദേഹത്തിന് പുനര്‍നിയമനം. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 250ലധികം ഷോറൂമുകളാണ് ഇന്ത്യയിലും വിദേശത്തുമായി കമ്പനിക്കുള്ളത്.
ഇതോടൊപ്പം ടി.എസ്. കല്യാണരാമന്റെ മക്കളും കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരുമായ (Wholetime Directors) ടി.കെ. സീതാറാം, ടി.കെ. രമേഷ് എന്നിവര്‍ക്കും അടുത്ത അഞ്ചുവര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയിട്ടുണ്ട്. അതെ സമയം ഓഹരി വിപണിയില്‍ കല്യാണ്‍ ജ്വല്ലേഴ്സ് മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. 14 ശതമാനമാണ് കഴിഞ്ഞ മൂന്നുമാസത്തെ നേട്ടം. 37,400 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനി 22 ശതമാനം വളര്‍ച്ചയോടെ 180 കോടി രൂപ ലാഭവും 40 ശതമാനം വര്‍ധനയോടെ 4,512 കോടി രൂപ വരുമാനവും നേടിയിരുന്നു.

