ട്വന്റി ഫോര്‍ട്ടീന്‍ ഹോട്ടല്‍സ് ഇന്ത്യയുടെ ബെംഗളൂരു വിമാനത്താവളത്തിന് സമീപം നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന 5 സ്റ്റാര്‍ ഹോട്ടല്‍ വില്പനക്ക് ഒരുങ്ങുന്നു. എം.എ. യൂസഫലി നയിക്കുന്ന ലുലുഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപക വിഭാഗമാണ് ട്വന്റി ഫോര്‍ട്ടീന്‍ ഹോട്ടല്‍സ്. യൂസഫലിയുടെ മരുമകനായ അദീബ് അഹമ്മദാണ് സ്ഥാപകന്‍.
നിലവില്‍ 75 ശതമാനം നിര്‍മാണവും പൂര്‍ത്തിയാക്കിയ ഈ പ്രൊജക്ട് ഏറ്റെടുക്കാന്‍ ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ട് രംഗത്തു വന്നിട്ടുണ്ട്. 350 കോടി രൂപ നല്‍കാന്‍ തയാറാണെന്നാണ് ഈ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. 217 റൂമുകളുള്ള ഹോട്ടലിന്റെ മൂല്യം കണക്കാക്കുന്നത് 400 കോടി രൂപയാണ്. രണ്ടുമാസത്തിനകം വില്‍പന പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഹോട്ടലിന്റെ പണി പൂര്‍ത്തിയാക്കാന്‍ 40-50 കോടി രൂപ കൂടി ആവശ്യമായി വരും.
ഇന്ത്യയില്‍ ലുലുഗ്രൂപ്പിന് 6 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണുള്ളത്. ബെംഗളൂരുവില്‍ 135 മുറികളുള്ള ഹോട്ടലും കമ്പനിക്കുണ്ട്. കേരളത്തില്‍ കൊച്ചിയിലും കണ്ണൂരിലുമാണ് മറ്റ് പ്രൊപ്പര്‍ട്ടികള്‍. മറ്റ് നാല് വലിയ പദ്ധതികളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. മാരിയറ്റിന്റെ കൊച്ചി, ബെംഗളൂരു ഹോട്ടലുകളുടെ നടത്തിപ്പ് ചുമതലയും ലുലുഗ്രൂപ്പിനാണ്.

