Connect with us

Hi, what are you looking for?

Business & Corporates

പ്രൗഢിയുടെ ദര്‍പ്പണങ്ങള്‍; ആറന്മുള വാല്‍ക്കണ്ണാടി നിര്‍മാണം

കേരളം കാണാനെത്തുന്ന ഏതൊരു വിനോദസഞ്ചാരിയും കേരളത്തില്‍ നിന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തുക്കളില്‍ ഉറപ്പായും ഒന്ന് ആറന്മുള വാല്‍ക്കണ്ണാടിയായിരിക്കും

പഴമയുടെ, പൈതൃകത്തിന്റെ, പാരമ്പര്യത്തിന്റെ പ്രതീകമായി ആറന്മുള വാല്‍ക്കണ്ണാടി ലോക ശ്രദ്ധ നേടിയിട്ട് നൂറ്റാണ്ടുകളേറെയായി. കേരളം കാണാനെത്തുന്ന ഏതൊരു വിനോദസഞ്ചാരിയും കേരളത്തില്‍ നിന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തുക്കളില്‍ ഉറപ്പായും ഒന്ന് ആറന്മുള വാല്‍ക്കണ്ണാടിയായിരിക്കും. 4000വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തില്‍ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിര്‍മ്മാണം നിലനില്‍ക്കുന്നെങ്കില്‍ അത് ആറന്മുളയില്‍ മാത്രമേയുള്ളു. പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ചുവടുപിടിച്ചുള്ള നിര്‍മാണമാണ് ആറന്മുള വാല്‍ക്കണ്ണാടിയെ വ്യത്യസ്തമാക്കുന്നത്. പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ആറന്മുള എന്ന മനോഹര ഗ്രാമത്തെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയതില്‍ ആറന്മുളക്കണ്ണാടിക്ക് ഉള്ള പങ്ക് വളരെ വലുതാണ്.

രസം ഉപയോഗിച്ചുണ്ടാക്കുന്ന ദര്‍പ്പണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടില്‍ ആണ് ആറന്മുള കണ്ണാടി നിര്‍മിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായാണ് ഇത്തരത്തിലുള്ള കാണാണ്ടി നിര്‍മാണം. കേരളത്തിലറന്മുളയില്‍ മാത്രമാണ് ഇത്തരത്തില്‍ കണ്ണാടി നിര്‍മിക്കുന്നത്. മുഖത്തിന്റെ ശരിയായ പ്രതിഫലനം പ്രകടമാക്കാന്‍ ആറന്മുളക്കണ്ണാടിക്ക് കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ലോഹക്കൂട്ടുകളില്‍ നിന്നും നിര്‍മിക്കുന്ന കണ്ണാടിയായതിനാല്‍ തന്നെ മറ്റു കണ്ണാടികളെക്കാള്‍ വില വളരെയേറെ കൂടുതലാണ്.കേരളത്തിന്റെ മഹത്തായ ലോഹസങ്കലനവിദ്യയുടെ മകുടോദാഹരണമാണ് ഓരോ ആറന്മുള കണ്ണാടിയും.

എന്തുകൊണ്ട് ആറന്മുളക്കണ്ണാടി വ്യത്യസ്തമാകുന്നു

ഭൗമ സൂചിക ലഭിച്ച അപൂര്‍വം ചില വസ്തുക്കളില്‍ ഒന്നാണ് ആറന്മുള വാല്‍ക്കണ്ണാടി. നേരത്തെ പറഞ്ഞതുപോലെ ഇതിന്റെ പ്രധാന പ്രത്യേകത ഇതിന്റെ നിര്‍മാണം മറ്റ് കണ്ണാടികളുടേതുപോലെ രസം ചേര്‍ത്തല്ല. മറിച്ച് ലോഹനിര്‍മാണ വിദഗ്ധര്‍ക്ക് മാത്രം അറിയാവുന്ന പ്രത്യേകയിനം രസക്കൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഏറെ സാങ്കേതികത നിറഞ്ഞതാണ് ഇതിന്റെ നിര്‍മാണം. കണ്ണാടി നിര്‍മാണത്തിനായി തെരഞ്ഞെടുക്കുന്ന ചില്ലിന്റെ ഒരു വശത്ത് മെര്‍ക്കുറിയോ മറ്റ് രാസവസ്തുക്കളോ പൂശി അതില്‍ പതിക്കുന്ന പ്രകാശമെല്ലാം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചാണ് സാധാരണ കണ്ണാടികള്‍ നിര്‍മിക്കുന്നത്.

ചില പ്രത്യേക ലോഹങ്ങള്‍ പ്രത്യേക അനുപാതത്തില്‍ മൂശയില്‍ ഉരുക്കി വാര്‍ത്തെടുത്താണ് ആറന്മുള കണ്ണാടി നിര്‍മാണം. പണിക്കാരന്റെ മിടുക്കും കൃത്യതയുമാണ് കണ്ണാടി നിര്‍മാണത്തില്‍ പ്രതിഫലിക്കുന്നത്. പോറലോ പൊട്ടലോ ഇല്ലാതെയാണ് ഓരോ കണ്ണാടിയും നിര്‍മിക്കപ്പെടുന്നത്. സ്ഫടികത്തേക്കാള്‍ മിനുസവും തിളക്കവും ഇതിന് കാണാന്‍ സാധിക്കും.

ആറന്മുള കണ്ണാടിയെപ്പറ്റി പറയുമ്പോള്‍ എടുത്തു പറയേണ്ട കാര്യം അതിന്റെ ഈടാണ്. പതിറ്റാണ്ടുകളോളം ആറന്മുള വാല്‍ക്കണ്ണാടി യാതൊരുവിധ കേടുപാടുകളും കൂടാതെ ഇരിക്കും. അപൂവ്വമായ ലോഹക്കൂട്ടായതിനാലാണ് ഇത്. സാധാരണ കണ്ണാടികള്‍ പ്രതിഫലിപ്പിക്കുന്നത് കണ്ണാടിയുടെ പുറകില്‍ പൂശിയിരിക്കുന്ന രസത്തിന്റെ പ്രതലങ്ങളാണ്. എന്നാല്‍ ആറന്മുള കണ്ണാടിയെ പ്രതിഫലിപ്പിക്കുന്നത് അതിന്റെ മിനുക്കി എടുത്ത മേല്‍ പ്രതലം തന്നെയാണ്. കണ്ണാടി നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും യാതൊരുവിധ യന്ത്രങ്ങളുടെയും ഉപയോഗം വരുന്നില്ല. പൂര്‍ണമായും മനുഷ്യ നിര്മിതമായാണ് ആറന്മുള കണ്ണാടിയുടെ നിര്‍മാണം.

അല്‍പം ചരിത്രം

ആറന്മുള വാല്‍ക്കണ്ണാടിയുടെ പെരുമയെപ്പറ്റി പറയുമ്പോള്‍ കണ്ണാടിയുടെ പ്രശസ്തിക്കു പിന്നിലെ മനോഹരമായ ഒരു കഥ കൂടി പറയാതെ വയ്യ. ആറന്മുളയിലെ ഏറ്റവും പ്രശസ്തമായ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയായ തിരുവാറന്മുളയപ്പന് ഏറെ പ്രിയപ്പെട്ട ഒന്നാണ് ആറന്മുള വാല്‍ക്കണ്ണാടി. തിരുവാറന്മുളയപ്പന്‍ മുഖം നോക്കുന്നത് ലോഹസങ്കരങ്ങള്‍ കൊണ്ട് തീര്‍ത്ത ഈ വാല്‍ക്കണ്ണാടിയിലാണ് എന്നാണ് ഐതിഹ്യം. ആ ഐതിഹ്യത്തിന്റെ ചുവടു പിടിച്ച് ധാരാളം പേര്‍ ഇവിടെയെത്തി കന്നഡി സ്വന്തമാക്കുന്നു. ഇത്തരത്തിലാണ് കണ്ണാടിയുടെ പെരുമ കടല്‍ കടന്നത്.

പൈതൃകമായി കിട്ടിയ തൊഴില്‍

ഓട്ടു പാത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ തന്നെയാണ് ആറന്മുള വാല്‍ക്കണ്ണാടിയുടെ നിര്‍മാണത്തിന് പിന്നിലും. എന്നാല്‍ ഒട്ടു പത്രങ്ങളും വിളക്കുകളും ഉണ്ടാക്കുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് ഇത് നിര്‍മിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണല്‍ കലരാത്ത പുഞ്ച മണ്ണും മേച്ചില്‍ ഓടും പഴയ ചണചാക്കും ചേര്‍ത്ത് അരച്ചുണ്ടാക്കിയ കരുവില്‍ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. പ്രളയത്തില്‍ പുഞ്ച മണ്ണ് എടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ആറന്മുള കണ്ണാടിയുടെ നിര്‍മാണം വഴിമുട്ടിയത്.

ലോഹസങ്കരം നിര്‍മിച്ച ശേഷം തടി ഫ്രയിമുകളില്‍ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തില്‍ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു ജോലിയാണിത്. അതിനാല്‍ പാരമ്പര്യ തൊഴിലാളികള്‍ മാത്രമാണ് ഇത് ചെയ്യാറുള്ളത്. മിനുക്കുപണികള്‍ ചെയ്യുന്നതിനായി തുണിമാത്രമാണ് ഉപയോഗിക്കുന്നത്.

ആറന്മുളയിലെ വളരെ ചുരുക്കം ചില ലോഹവാര്‍പ്പുകാരായ കുടുംബങ്ങള്‍ക്ക് മാത്രമേ ഇപ്പോഴും ആറന്മുള വാല്‍ക്കണ്ണാടിയുടെ നിര്‍മാണം വശമുള്ളൂ. ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണം ഇന്ന് ഏഴു കുടുംബങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. തലമുറകളായി കൈമാറി വരുന്നതാണ് ഇതിന്റെ രഹസ്യ ലോഹക്കൂട്ട്. തലമുറകള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ലോഹനിര്മാതാക്കളുടെ കുലത്തില്‍പെട്ടവരാണ് ആറന്മുള കണ്ണാടിയുടെ ശില്‍പികള്‍ എന്നും വിശ്വസിക്കപ്പെടുന്നു.

ലോഹപ്പുരയില്‍ പണിയെടുക്കുന്ന എല്ലാവര്ക്കും ആറന്മുള വാല്‍ക്കണ്ണാടിയുടെ കൂട്ട് അറിയില്ല. സംഘത്തില്‍ ആലക്ക് നേതൃത്വം നല്‍കുന്ന വ്യക്തിക്ക് മാത്രമാണ് ഇതിന്റെ രഹസ്യമറിയുക. ഒരു തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് അതീവ ശ്രദ്ധയോടെയാണ്. ആലക്ക് നേതുത്വം നല്‍കുന്ന തങ്ങളുടെ അനന്തര അവകാശിയായി യോഗ്യനെന്ന് തോന്നുന്ന ആള്‍ക്ക് തന്റെ മരണസമയത്താണ് ഈ രഹസ്യക്കൂട്ട് പറഞ്ഞുകൊടുക്കുക.ഈ ആചാരം ഇന്നും തുടര്‍ന്ന് പോരുന്നു.

എന്തുകൊണ്ട് പുഞ്ച മണ്ണ് ?

കണ്ണാടി നിര്‍മാണത്തിനായി എന്തുകൊണ്ട് പുഞ്ച മണ്ണ് ഉപയോഗിക്കുന്നു എന്ന സംശയം ഏതൊരു വ്യക്തിക്കും ഉണ്ടാകും. അതുകൊണ്ടാണല്ലോ പ്രളയത്തില്‍ പുഞ്ച മണ്ണ് എടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ കണ്ണാടി നിര്‍മാണം നിലച്ചത്.പ്രധാനമായും കണ്ണാടി നിര്‍മിക്കുന്നതിനുള്ള അച്ചുണ്ടാക്കാനാണ് പുഞ്ച മണ്ണ് ഉപയോഗിക്കുന്നത്. ആറന്മുളയിലും സമീപ പ്രദേശങ്ങളിലുമുള്ള പാടശേഖരങ്ങളില്‍ നിന്നുമാണ് ഈ കളിമണ്ണ് ശേഖരിക്കുന്നത്. ചുട്ടുപഴുത്ത ലോഹത്തിന്റെ വീഴുമ്പോള്‍ എച്ചിന്റെ ആകൃതി വ്യത്യാസം ഉണ്ടാകരുത്. അതിനുള്ള ഉറപ്പ് പുഞ്ചമണ്ണിനുണ്ട്. അതിനാലാണ് കണ്ണാടി നിര്‍മാണത്തിനായി അത് ഉപയോഗിക്കുന്നത്.

കണ്ണാടി നിര്‍മാണത്തിന് മുന്നോടിയായി ഏകദേശം ഒന്‍പത് കിലോ ഉരുകിയ ലോഹ സങ്കരം വഹിക്കാന്‍ കഴിയുന്ന വൃത്താകൃതിയുള്ള ഒരു പാത്രം ഇരുമ്പ് കൊണ്ട് നിര്‍മിക്കുന്നു. ഇതിനെ കോവ എന്ന് വിളിക്കുന്നു. ചെമ്പ്, ഈയം, നാഗം എന്നിവയുടെ ഭാഗങ്ങള്‍ ഒരു പ്രത്യേക അളവില്‍ ഇതിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നു. പിന്നീട് കോവയുടെ വായ് ഭാഗം കളിമണ്ണുകൊണ്ട് അടക്കുന്നു. കരിയും തൊണ്ടും നിരസിച്ചു കത്തിച്ച വാര്‍പ്പിലാണ് ലോഹ നിര്‍മാണം.

ലോഹ സങ്കരത്തെ 400 ഡിഗ്രിയില് ചൂടാക്കുന്നു. പിന്നീട് ഉരുകിക്കിട്ടിയ മിശ്രിതത്തെ നിരപ്പായ പ്രതലത്തിലേക്ക് ഒഴിക്കുന്നു. പിന്നീട് തണുക്കുമ്പോള്‍ ഈ ലോഹക്കൂട്ടിന്റെ കൂടം കൊണ്ട് പൊട്ടിക്കുന്നു. ഉരുക്കി കിട്ടിയ ലോഹ സങ്കരം പിന്നീട് നന്നായി വെന്ത് ഭസ്മമായ കളിമണ്ണും, നല്ലെണ്ണയും, ചണവും കൂട്ടിയിളക്കിയ മിശ്രിതം ഉപയോഗിച്ച് മിനുക്കുന്നു. രണ്ടാം ഘട്ടമായി കോട്ടണ്‍ തുണിയും മൂന്നാം ഘട്ടമായി വെല്‍വെറ്റ് തുണിയും ഉപയോഗിക്കുന്നു. ഇത്തരത്തില്‍ അത്യന്തം ക്ലേശകരമാണ് ആറന്മുള വാല്‍ക്കണ്ണാടിയുടെ നിര്‍മാണം.

വിദേശ വിപണിയിലെ താരം

കേരളത്തില്‍ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പര്യായമായി കണക്കാക്കുന്ന ആറന്മുള കണ്ണാടിക്ക് വിദേശ വിപണിയിലും ആരാധകര്‍ ഏറെയാണ്. ഒരു കാലത്ത് ടൂറിസം രംഗത്തെ ആസ്പദമാക്കിയായിരുന്നു ഈ മേഖലയുടെ നിലനില്‍പ്പ് തന്നെ. വൈദിക കാലത്തെ ലോഹകണ്ണാടിയുടെ ഋഗ്വേദത്തിലെ പരാമര്‍ശം വളരെ ശ്രദ്ധേയമാണ്. ഋഗ്വേദത്തില്‍ വിവരിക്കുന്ന ഈ ലോഹകണ്ണാടിയെ പ്രൊഫസ്സര്‍ മാക്‌ഡോണല്‍ കണ്ണാടിയായി ഉപയോഗിക്കുന്ന മിനുസപ്പെടുത്തിയ ലോഹം എന്നാണ് വിശേഷിപ്പിച്ചത്.

വിദേശ വിപണിയില്‍ പ്രൗഢിയുടെ പര്യായമായ ഒരു കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി സ്‌നേഹോപഹാരമായി ഇന്ത്യക്കകത്തും പുറത്തും വിതരണം ചെയ്യപ്പെടുന്നു. ഇന്ന് ആറന്മുളയുടെ ബ്രാന്‍ഡ് ഐഡന്റിറ്റിയായി ആറന്മുള വാല്‍ക്കണ്ണാടി മാറിക്കഴിഞ്ഞു.പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിച്ചുകൊണ്ട് തന്നെ പുതു തലമുറക്ക് ഇഷ്ടം തോന്നുന്ന രീതിയില്‍ വാല്‍ക്കണ്ണാടിയുടെ വനിര്‍മാണം നടത്തുകയാണ് ആറന്മുളയിലെ കണ്ണാടി നിര്‍മാതാക്കള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്