99 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജര്‍മന്‍ സഹോദരങ്ങളായ അഡോള്‍ഫ് ഡാസ്ലറും റുഡോള്‍ഫ് ഡാസ്ലറും ചേര്‍ന്ന് ആരംഭിച്ച ഷൂ നിര്‍മാണ കമ്പനി. അന്ന് ഡാസ്ലര്‍ ബ്രദേഴ്സ് ഷൂ ഫാക്റ്ററി എന്ന പേരില്‍ സ്ഥാപിതമായ കമ്പനി 1949 ലാണ് അഡിഡാസ് എന്ന പേരിലേക്ക് മാറുന്നത്.
1924 ല്‍ ചെറുകിട വ്യവസായമായി ആരംഭിച്ച ഡാസ്ലര്‍ ബ്രദേഴ്സ് ഷൂ ഫാക്റ്ററി എന്ന സ്ഥാപനം 1949 ആയപ്പോഴേക്കും അഡിഡാസ് എന്ന പേരില്‍ ഒരു ബ്രാന്‍ഡായി പരിണമിച്ചു. തുടക്കം ഷൂവില്‍ നിന്നായിരുന്നതിനാല്‍ അന്നും ഇന്നും എന്നും ഷൂ നിര്‍മാണത്തിനാണ് കമ്പനി പ്രാമുഖ്യം നല്‍കുന്നത്. 1936 ല്‍ സമ്മര്‍ ഒളിമ്പിക് മത്സരത്തില്‍ ജെസീ ഓവെന്‍ പങ്കെടുത്തത് അഡോള്‍ഫ് ഡാസ്ലറിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ ആയിരുന്നു.അവിടെ നിന്നുമാണ് ഡാസ്ലര്‍ ഷൂ ഫാക്റ്ററിയുടെ തലവര മാറുന്നത്.
രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ചു നാസി പാര്‍ട്ടിയും ആയി വളരെ മികച്ച ബന്ധ പുലര്‍ത്തിയിരുന്നു റുഡോള്‍ഫ് ഡാസ്ലര്‍. ഈ ബന്ധത്തെ ന്യായീകരിക്കാന്‍ അഡോള്‍ഫ് ഡാസ്ലറിന് കഴിഞ്ഞില്ല. 1949 റുഡോള്‍ഫ് ഡാസ്ലര്‍ കമ്പനിയുടെ പടികള്‍ ഇറങ്ങി. കമ്പനിയില്‍ നിന്ന് പിരിഞ്ഞു എങ്കിലും കായികവിപണിയുടെ സാധ്യതകള്‍ അടുത്തറിയാമായിരുന്ന റുഡോള്‍ഫ് തന്റെ ബിസിനസ് ആശയത്തെ വിട്ടുകളയാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ അദ്ദേഹം പൂമ എന്ന പേരില്‍ ഒരു കായിക ഉല്‍പ്പന്ന നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചു.
സഹോദരനുമായി ബിസിനസ് പിരിഞ്ഞ അതെ വര്‍ഷം തന്നെ അഡോള്‍ഫ് ഡാസ്ലര്‍ തന്റെ സ്വന്തം ഷൂ നിര്‍മാണ കമ്പനിക്ക് രൂപം നല്‍കി. അഡോള്‍ഫ് ഡാസ്ലര്‍ എന്ന പേര് ലോപിപ്പിച്ച് അഡിഡാസ് എന്ന പേര് ബ്രാന്‍ഡ് നെയിം ആയി സ്വീകരിച്ചത് അദ്ദേഹമാണ്. 1949 ലോഞ്ച് ചെയ്യുമ്പോള്‍ തന്നെ വശങ്ങളില്‍ മൂന്നു വരകളോട് കൂടിയ ഷൂസ് അഡിഡാസ് വിപണിയിലെത്തിച്ചു. ഈ ഡിസൈന്‍ ആണ് പിന്നീട് അഡിഡാസിന്റെ ബ്രാന്‍ഡിംഗില്‍ സഹായകരമായി മാറിയത്.

