Connect with us

Hi, what are you looking for?

Business & Corporates

ബിസിനസിലെ ക്യാഷ്ഫ്‌ളോ മാനേജ്‌മെന്റ്‌

ബിസിനസിലെ പണത്തിന്റെ ഒഴുക്ക് മനസിലാക്കാത്ത സംരംഭകര്‍ക്ക് അടിപതറും

ഒരു പഴമൊഴിയുണ്ട് ‘പണമാണ് രാജാവ്” (Cash is King). ബിസിനസിനെ വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും ഈ രാജാവാണ്. ബിസിനസിലെ പണത്തിന്റെ ഒഴുക്ക് മനസിലാക്കാത്ത സംരംഭകര്‍ക്ക് അടിപതറും. കണക്കുകള്‍ ലാഭം കൂടുതല്‍ കാണിക്കുമ്പോഴും പണം എവിടെ പോകുന്നു? എന്തുകൊണ്ട് ലാഭം പണമായി മാറുന്നില്ല? ബിസിനസ് നഷ്ടം കാണിക്കുമ്പോഴും ബിസിനസില്‍ പണം നിലനില്‍ക്കുന്നതായി കാണുന്നു. ഇതെന്തൊരു അത്ഭുതം? സംരംഭകന് പിടിതരാതെ പണം ഒരു പ്രഹേളിക തീര്‍ക്കുന്നു

ലാഭനഷ്ട കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിസിനസില്‍ വലിയ ലാഭം, എന്നാല്‍ കയ്യില്‍ കാശൊന്നുമില്ല. ഇങ്ങനെയൊരു അവസ്ഥ നിങ്ങള്‍ എപ്പോഴെങ്കിലും അഭിമുഖീകരിച്ചിട്ടുണ്ടോ?

ഭൂരിഭാഗം ബിസിനസുകാരും മിക്കവാറും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടുണ്ടാകും. ബിസിനസ് നല്ല ലാഭത്തില്‍ നടക്കുമ്പോഴും ബിസിനസില്‍ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥ. ബിസിനസുകളുടെ പതനത്തിനു തന്നെ ഇത് കാരണമാകുന്നു. ഒട്ടുമിക്ക ബിസിനസുകളും പരാജയപ്പെടുന്നത് ഒരൊറ്റ കാര്യത്തില്‍ സംഭവിക്കുന്ന പിഴവൊന്നു കൊണ്ടു മാത്രമാണ്, പണം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ വരുന്ന വീഴ്ച.

ഒരു പഴമൊഴിയുണ്ട് ‘പണമാണ് രാജാവ്” (Cash is King). ബിസിനസിനെ വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും ഈ രാജാവാണ്. ബിസിനസിലെ പണത്തിന്റെ ഒഴുക്ക് മനസിലാക്കാത്ത സംരംഭകര്‍ക്ക് അടിപതറും. കണക്കുകള്‍ ലാഭം കൂടുതല്‍ കാണിക്കുമ്പോഴും പണം എവിടെ പോകുന്നു? എന്തുകൊണ്ട് ലാഭം പണമായി മാറുന്നില്ല? ബിസിനസ് നഷ്ടം കാണിക്കുമ്പോഴും ബിസിനസില്‍ പണം നിലനില്‍ക്കുന്നതായി കാണുന്നു. ഇതെന്തൊരു അത്ഭുതം? സംരംഭകന് പിടിതരാതെ പണം ഒരു പ്രഹേളിക തീര്‍ക്കുന്നു.

ലാഭവും നഷ്ടവും പണവും

ബിസിനസിലെ ലാഭനഷ്ട കണക്ക് (Profit & Loss Account) ബിസിനസിന്റെ ലാഭം അല്ലെങ്കില്‍ നഷ്ടം സംരംഭകര്‍ക്ക് മുന്നില്‍ വരച്ചിടുന്നു. എന്നാല്‍ ഇത് ബിസിനസിലെ യഥാര്‍ത്ഥ പണത്തിന്റെ ചിത്രം നല്‍കുന്നില്ല. സംരംഭകന്‍ ലാഭനഷ്ട കണക്കിനെ മാത്രം ആശ്രയിച്ചു കൊണ്ട് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് എപ്പോഴും ശരിയാകണമെന്നില്ല. ബിസിനസിലെ പണത്തിന്റെ ചലനങ്ങള്‍ (Movements) ഈ കണക്കുകളില്‍ നിന്നും ലഭ്യമല്ല. പണം എവിടെ നിന്നൊക്കെ വരുന്നു എങ്ങോട്ടൊക്കെ പോകുന്നു എന്ന് മനസിലാക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ബിസിനസിനെ ശരിയായ പാതയിലൂടെ നയിക്കാന്‍ സംരംഭകന് സാധിക്കുകയുള്ളൂ.

അടിപൊളി വില്‍പ്പന, എന്നാല്‍ പണം എവിടെ പോയി?

ബിസിനസ് അടിപൊളിയായി നടക്കുന്നു. ഉപഭോക്താക്കള്‍ കടന്നു വരുന്നു, വില്‍പ്പന കുതിച്ചുയരുന്നു, ബിസിനസിലെ ലാഭം കണക്കുകളില്‍ കുമിഞ്ഞുകൂടുന്നു എന്നാല്‍ ബിസിനസ് ഞെരുങ്ങിയാണ് മുന്നോട്ടു പോകുന്നത്. ഈ വരുന്ന ലാഭമൊക്കെ എവിടെ? എന്തുകൊണ്ട് അത് പണമായി കാണുന്നില്ല. നിങ്ങള്‍ അസ്വസ്ഥനാകുന്നു. വില്‍പ്പന കൂടുംതോറും ബിസിനസില്‍ പണത്തിന്റെ അഭാവം നിങ്ങളെ കുഴയ്ക്കുന്നു.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കടം നല്‍കുന്നു

നിങ്ങളുടെ വില്‍പ്പനയില്‍ ഉടനെ പണം ലഭിക്കുന്നില്ല. നിങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കടം നല്‍കുന്നു. അവര്‍ പണം ഒരു നിശ്ചിത സമയത്തിനുള്ളില്‍ മാത്രമേ നല്‍കുകയുള്ളൂ. നിങ്ങളുടെ വില്‍പ്പന വര്‍ദ്ധിക്കുന്തോറും നിങ്ങളുടെ ഡെറ്റേഴ്‌സും (Debtors) വര്‍ദ്ധിക്കുന്നു. വില്‍പ്പനയിലെ വര്‍ദ്ധന ബിസിനസില്‍ കൂടുതല്‍ ലാഭം കൊണ്ടുവരുന്നു. എന്നാല്‍ അത് അപ്പോള്‍ തന്നെ പണമായി മാറുന്നില്ല. പണം വരുന്നത്പിന്നീട് മറ്റൊരു സമയത്താണ്. അതാണ് ലാഭം മുഴുവന്‍ പണമായി അപ്പോള്‍ തന്നെ ബിസിനസില്‍ കാണാത്തത്.

കൂടുതല്‍ കടം നല്‍കി വില്‍പ്പന നടത്തുമ്പോള്‍ ബിസിനസില്‍ പണത്തിന്റെ ഞെരുക്കം സ്വാഭാവികമായി ഉടലെടുക്കുന്നു. ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതിനും അത് മാര്‍ക്കറ്റ് ചെയ്യുന്നതിനും നിങ്ങള്‍ക്ക് പണം ചെലവഴിച്ചേ കഴിയൂ. വില്‍പ്പനയുടെ ചെലവ് (Cost of Sales) വഹിക്കുകയും എന്നാല്‍ ഉടനെ തന്നെ അത് വില്‍പ്പനയിലൂടെ പണമാക്കി മാറ്റാന്‍ കഴിയാതാകുകയും ചെയ്യുന്നു. ചെലവ് ഇപ്പോള്‍ തന്നെ വഹിക്കുന്നു എന്നാല്‍ വില്‍പ്പനയുടെ പണം പിന്നീടേ ലഭിക്കുന്നുള്ളൂ. പണം പെട്ടിയില്‍ കാണില്ല എന്ന് ചുരുക്കം.

ഡെറ്റേഴ്‌സില്‍ നിന്നും പണം ലഭിക്കാന്‍ വരുന്ന കാലതാമസം

ഡെറ്റേഴ്‌സിന് നല്‍കിയിരിക്കുന്ന സമയ പരിധിക്കുള്ളില്‍ പണം പിരിച്ചെടുക്കാന്‍ കഴിയുന്നില്ലായെങ്കില്‍ ബിസിനസില്‍ പണത്തിന്റെ അഭാവം എപ്പോഴും അനുഭവപ്പെടും. നീണ്ട കാലം കടം നല്‍കുന്നത് ബിസിനസിനെ ദോഷകരമായി ബാധിക്കുന്നത് ഇവിടെയാണ്. ക്യാഷ് സൈക്കിളിന്റെ (Cash Cycle) വലുപ്പം കൂടുന്നത് ദോഷം ചെയ്യും. പണം ചെലവഴിക്കപ്പെടുകയും എന്നാല്‍ അത് ബിസിനസില്‍ തിരികെയെത്താന്‍ കാലതാമസം എടുക്കുകയും ചെയ്യുന്നത് പണത്തിന്റെ ലഭ്യത കുറയ്ക്കും.

വില്‍പ്പന വര്‍ദ്ധിപ്പിക്കുവാന്‍ വാരിവലിച്ച് കടം നല്‍കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരും. കൃത്യമായ ക്രെഡിറ്റ് പോളിസി (Credit Policy) ഇല്ലാത്ത ബിസിനസുകള്‍ക്ക് കടം നിയന്ത്രിക്കുവാന്‍ സാധിക്കുകയില്ല. പണം കൃത്യസമയത്ത് തിരികെ ലഭിക്കേണ്ടത് ബിസിനസിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഡെ്‌റ്റേഴ്‌സിനെ ഫോളോഅപ്പ് ചെയ്ത് പണം യഥാസമയം പിരിച്ചെടുക്കാന്‍ കഴിയണം. കടം നല്‍കി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അത് മാനേജ് ചെയ്യാനുള്ള സംവിധാനങ്ങള്‍ കൂടി സംരംഭകര്‍ ഒരുക്കിയില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പിന്നീട് പാണ്ടായി മാറും.

സ്റ്റോക്ക് കൂടുന്നു പണം കുടുങ്ങുന്നു

വില്‍പ്പന കൂടുമ്പോള്‍ കൂടുതല്‍ സ്റ്റോക്ക് ആവശ്യമായി വരുന്നു. ഉല്‍പ്പാദനം വര്‍ദ്ധിക്കേണ്ടതുണ്ട്. അതിനനുസൃതമായി അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി ശേഖരിക്കണം. ഉല്‍പ്പാദനത്തിനായുള്ള മറ്റു ചെലവുകളും ഇതിനൊപ്പം വര്‍ദ്ധിക്കുന്നുണ്ട്. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു, അവ സ്റ്റോക്ക് ചെയ്യുന്നു. വില്‍പ്പന കൂടുമ്പോള്‍ അതിന് ആനുപാതികമായി മറ്റു ചെലവുകളിലും വ്യത്യാസം വരുന്നു. ഒരു വശത്ത് വില്‍പ്പന വര്‍ദ്ധിക്കുമ്പോള്‍ മറുവശത്ത് അതിനാവശ്യമായ ചെലവുകള്‍ക്കായി പണം ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്നു.

അകത്തേക്ക് വരുന്ന പണവും പുറത്തേക്ക് പോകുന്ന പണവും

അകത്തേക്ക് വരുന്ന പണവും പുറത്തേക്ക് പോകുന്ന പണവും തമ്മിലുള്ള സമയത്തിന്റെ അന്തരം (Time Gap) നിങ്ങള്‍ കണ്ടു കഴിഞ്ഞു. ഇത് ഒരിക്കലും ലാഭനഷ്ട കണക്കുകളില്‍ ദൃശ്യമാകുന്നില്ല. വില്‍പ്പനയുടെ വര്‍ധന ലാഭനഷ്ട കണക്കുകളില്‍ കാണാം. അതിനനുസരിച്ചുള്ള ലാഭവും അതില്‍ രേഖപ്പെടുത്തും. എന്നാല്‍ പണം അതെവിടെ നിന്നും വന്നു എവിടേക്ക് പോയി എന്നൊന്നും അത് സംരംഭകര്‍ക്ക് പറഞ്ഞു നല്‍കുന്നില്ല.

ബിസിനസിലെ പണത്തിന്റെ ഒഴുക്ക് എങ്ങിനെയാണ് കണ്ടെത്തുക. ലാഭം നോക്കി തീരുമാനമെടുക്കുമ്പോള്‍ അത് നടപ്പില്‍ വരുത്താനുള്ള പണം എവിടെനിന്ന് ലഭ്യമാകും? ബിസിനസിലേക്ക് വരുന്നതും പോകുന്നതുമായ പണത്തിനെ പിന്തുടര്‍ന്നാല്‍ മാത്രമേ ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയൂ. ഇതിനായി ക്യാഷ്ഫ്‌ളോ നിങ്ങളെ സഹായിക്കും.

ബിസിനസിലെ ക്യാഷ്ഫ്‌ളോ

ബിസിനസിലേക്ക് വരുന്നതും അതില്‍ നിന്നും പോകുന്നതുമായ പണത്തിന്റെ യാത്ര കൃത്യമായി മനസിലാക്കുവാന്‍ ക്യാഷ്ഫ്‌ളോ സംരംഭകനെ പ്രാപ്തനാക്കുന്നു. ബിസിനസില്‍ രണ്ട് രീതിയിലുള്ള ക്യാഷ്ഫ്‌ളോ ഉണ്ട്.

പോസിറ്റീവ് ക്യാഷ്ഫ്‌ളോ

ബിസിനസിലേക്ക് വരുന്ന പണത്തിന്റെ അളവ് ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണത്തിന്റെ അളവിനേക്കാള്‍ കൂടിയിരിക്കും. ബിസിനസില്‍ പണം നിലനില്‍ക്കാന്‍ പോസിറ്റീവ് ക്യാഷ്ഫ്‌ളോ സഹായിക്കുന്നു.

നെഗറ്റീവ് ക്യാഷ്ഫ്‌ളോ

ബിസിനസിലേക്ക് വരുന്ന പണത്തിന്റെ അളവ് ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണത്തിന്റെ അളവിനേക്കാള്‍ കുറഞ്ഞിരിക്കും. ഇത് ബിസിനസില്‍ പണം ഇല്ലാതെയാക്കും. ബിസിനസ് പ്രശ്‌നങ്ങളിലേക്ക് പോകും. തുടര്‍ച്ചയായ നെഗറ്റീവ് ക്യാഷ്ഫ്‌ളോ ബിസിനസിന്റെ അന്തകനാകും.

എന്തിനാണ് ക്യാഷ്ഫ്‌ളോ സ്റ്റേറ്റ്‌മെന്റ്?

ബിസിനസിന്റെ ക്യാഷ്ഫ്‌ളോ സ്റ്റേറ്റ്‌മെന്റ് പണത്തിന്റെ വരവും പോക്കും ബിസിനസിന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയും വരച്ചിടുന്നു. നിശ്ചിത ഇടവേളകളില്‍ ക്യാഷ്ഫ്‌ളോ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുകയും അത് വിശകലനം ചെയ്യുകയും വേണം. പണത്തിനു മേല്‍ ശക്തമായ നിയന്ത്രണം ചുമത്താന്‍ ഇത് സഹായകരമാകും. ക്യാഷ്ഫ്‌ളോ സ്റ്റേറ്റ്‌മെന്റില്‍ മൂന്ന് വിഭാഗത്തിലായാണ് പണത്തിന്റെ ബിസിനസിലേക്കുള്ള വരവും (Cash Inflow) ബിസിനസില്‍ നിന്നുള്ള പോക്കും (Cash Outflow) രേഖപ്പെടുത്തുന്നത്.

  1. ബിസിനസിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണം (Cash from Operating Activities).
  2. നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണം (Cash from Investing Activities).
  3. ഫിനാന്‍സിംഗ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണം (Cash from Financing Activities).

ഈ മൂന്ന് ഹെഡുകളിലായി പണത്തിന്റെ ബിസിനസിലേക്കുള്ള വരവും പോക്കും വിശകലനം ചെയ്യുന്നു. എവിടെ നിന്നൊക്കെ പണം വന്നു. അത് എന്തിനായി ചെലവഴിച്ചു എന്നതൊക്കെ ക്യാഷ്ഫ്‌ളോ സ്റ്റേറ്റ്‌മെന്റ് സംരംഭകന് പറഞ്ഞു നല്‍കുന്നു. ലാഭനഷ്ട കണക്കുകളില്‍ നിന്നും വേറിട്ടൊരു കാഴ്ചയും അറിവും ക്യാഷ്ഫ്‌ളോ സ്റ്റേറ്റ്‌മെന്റിലൂടെ സംരംഭകന് ലഭ്യമാകുന്നു.

ബിസിനസിലെ ക്യാഷ്ഫ്‌ളോ മെച്ചപ്പെടുത്താം

ലാഭമുണ്ടെങ്കിലും പണമില്ലാത്ത അവസ്ഥ മാറ്റി ബിസിനസിലെ പണത്തിന്റെ വരവ് മെച്ചപ്പെടുത്താന്‍ കഴിയും. ബിസിനസിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും ബിസിനസില്‍ നിന്നുള്ള പണത്തിന്റെ പോക്ക് നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്. ക്യാഷ്ഫ്‌ളോ മെച്ചപ്പെടുത്താന്‍ ചില തന്ത്രങ്ങള്‍ സ്വീകരിക്കാം.

  1. ക്യാഷ് സെയില്‍സ് വര്‍ദ്ധിപ്പിക്കുക

രൊക്കം പണത്തിന് (Cash and Carry) വില്‍പ്പന നടത്തുവാന്‍ ശ്രദ്ധിക്കുക. ഇന്ന് വില്‍പ്പന നടത്തി രണ്ടു മാസത്തിനു ശേഷം പണം ലഭിക്കുന്നതിലും നല്ലത് വില്‍പ്പന നടത്തുമ്പോള്‍ തന്നെ പണം ലഭിക്കുവാന്‍ ശ്രമിക്കുന്നതാണ്. ഇതിനായി ക്യാഷ് ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യാം. പരമാവധി ക്യാഷ് സെയില്‍സ് നടത്തുക. ഇത് ബിസിനസില്‍ പണം എപ്പോഴുമുണ്ടാവാന്‍ സഹായകരമാകും.

  1. ഡെറ്റേഴ്‌സില്‍ നിന്നും കൃത്യമായി പണം പിരിച്ചെടുക്കുക

ഡെറ്റേഴ്‌സിന് നല്‍കിയ സമയപരിധിക്കുള്ളില്‍ തന്നെ പണം പിരിച്ചെടുക്കുവാന്‍ ശ്രമിക്കണം. ഇതിനായി ശക്തമായ കളക്ഷന്‍ സംവിധാനങ്ങള്‍ ബിസിനസില്‍ ഏര്‍പ്പെടുത്തണം. വില്‍പ്പന വര്‍ദ്ധിക്കുകയും കളക്ഷന്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ പണം ലഭിക്കുവാന്‍ കാലതാമസം നേരിടും. ഇത് സംഭവിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. വ്യക്തമായ ക്രെഡിറ്റ് പോളിസി തയ്യാറാക്കുക. അനര്‍ഹരായവര്‍ക്ക് കടം നല്‍കാതിരിക്കുക.

ഓരോ ഉപഭോക്താവിനേയും ശരിയായി വിലയിരുത്തിയതിനു ശേഷം മാത്രമേ ക്രെഡിറ്റ് അനുവദിക്കാവൂ. വില്‍പ്പന വര്‍ദ്ധിപ്പിക്കുവാന്‍ ആളും തരവും നോക്കാതെ വാരി വലിച്ച് ക്രെഡിറ്റ് നല്‍കുന്നത് ഭാവിയില്‍ കെണിയാകും. പണത്തിന്റെ വരവും കൂടി പ്ലാന്‍ ചെയ്തതിന് ശേഷമാവണം ക്രെഡിറ്റ് നല്‍കേണ്ടത്. മോശമായ ഉപഭോക്താക്കളെ ഒഴിവാക്കുവാനുള്ള ബുദ്ധിവൈഭവം സംരംഭകന്‍ കാണിക്കണം.

  1. സ്റ്റോക്കില്‍ അനാവശ്യമായി നിക്ഷേപിക്കാതിരിക്കുക

ആവശ്യത്തിനുള്ള സ്റ്റോക്ക് മാത്രം നിലനിര്‍ത്തുക. അനാവശ്യമായി സൂക്ഷിക്കുന്ന ചരക്കുകള്‍ ബിസിനസിലെ പണം തിന്നു തീര്‍ക്കും. വില്‍പ്പനക്ക് ആനുപാതികമായി മാത്രം ചരക്കുകള്‍ സൂക്ഷിക്കുക. ഡെഡ് സ്റ്റോക്ക് പരമാവധി ഒഴിവാക്കുക. ഓരോ ഉല്‍പ്പന്നത്തിന്റെയും വില്‍പ്പനയ്ക്ക് അനുസൃതമായി മാത്രം ചരക്കുകള്‍ പ്ലാന്‍ ചെയ്യുക. നിരന്തരം സ്റ്റോക്ക് പരിശോധിച്ചു കൊണ്ടിരിക്കുക. പണം അനാവശ്യമായി ചരക്കുകളില്‍ കുടുങ്ങിക്കിടക്കുന്നത് ഇല്ലാതെയാക്കുക.

  1. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ക്രെഡിറ്റ് നേടുക

രൊക്കം പണം നല്‍കാതെ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുവാന്‍ സാധിക്കുമെങ്കില്‍ ആ അവസരം ഉപയോഗിക്കുക. പരമാവധി ക്രെഡിറ്റ് ലഭിക്കുവാന്‍ ശ്രമിക്കുക. ഇത് വില കൂടി പരിഗണിച്ചാവണം തീരുമാനിക്കേണ്ടത്. രൊക്കം പണം നല്‍കുമ്പോള്‍ ബിസിനസില്‍ നിന്നും പണം ഉടനെ പുറത്തേക്ക് പോകുന്നു. ഇത് വൈകിപ്പിക്കുവാന്‍ സാധിക്കുമെങ്കില്‍ അത് ശ്രമിക്കാവുന്നതാണ്.

  1. അനാവശ്യമായ മറ്റ് നിക്ഷേപങ്ങള്‍ ഒഴിവാക്കുക

ബിസിനസില്‍ തന്നെ നിലനിര്‍ത്തി അതിനെ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കേണ്ട പണമെടുത്ത് അനാവശ്യ നിക്ഷേപങ്ങള്‍ നടത്താതിരിക്കുക. പ്രത്യേകിച്ചും ബിസിനസിനു പുറത്തുള്ള നിക്ഷേപങ്ങള്‍ക്കായി ബിസിനസില്‍ നിന്നും പണം വലിക്കുമ്പോള്‍ ബിസിനസില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നു. ബുദ്ധിപരമല്ലാത്ത നിക്ഷേപങ്ങള്‍ ബിസിനസിനെ ഇല്ലാതെയാക്കും. ബിസിനസില്‍ മിച്ചം വരുന്ന പണം ബിസിനസിനെ വളര്‍ത്താന്‍ ഉപയോഗിക്കുക.

  1. ഡ്രോയിംഗ്‌സിന് (Drawings) പരിധി നിശ്ചയിക്കുക

ഉടമസ്ഥരുടെ ഡ്രോയിംഗ്‌സിന് പരിധി നിശ്ചയിക്കുക. തോന്നിയതു പോലെ ബിസിനസില്‍ നിന്നും പണമെടുക്കുന്നത് ഒഴിവാക്കുവാന്‍ ഇത് സഹായകരമാകും. ഇതിനായി വ്യക്തമായ ഒരു നയം രൂപീകരിക്കുക. അനാവശ്യമായ ചെലവുകള്‍ നിയന്ത്രിക്കുവാന്‍ ഇതുമൂലം കഴിയും. ബിസിനസിന്റെ തുടക്കത്തില്‍ തന്നെ ഇതു ചെയ്യാന്‍ സാധിച്ചാല്‍ വളരെ നല്ലത്. ഓരോരുത്തരും സ്വയം നിയന്ത്രിക്കുക. ബിസിനസിലെ അച്ചടക്കം പണത്തെ കാത്തുസൂക്ഷിക്കും.

ബിസിനസിന്റെ ജീവരക്തം

പണമാണ് ബിസിനസിന്റെ ജീവരക്തം. പണത്തിന്റെ ഒഴുക്കിനെ കാര്യക്ഷമമായി, ന്യൂനതകളില്ലാതെ നിയന്ത്രിക്കേണ്ടതുണ്ട്. വില്‍പ്പന കൂടിയത് കൊണ്ടുമാത്രം പണം ബിസിനസില്‍ ഉണ്ടാവണമെന്നില്ല എന്ന് നിങ്ങളിപ്പോള്‍ കണ്ടു കഴിഞ്ഞു. പണത്തിനെ പിന്തുടരുകയും അതിനെ മാനേജ് ചെയ്യുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും വളരെ വലുതാണ്. ക്യാഷ്ഫ്‌ളോ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുക. പണത്തിന്റെ വരവും പോക്കും നിങ്ങളുടെ കൈവെള്ളയിലെ രേഖകള്‍ പോലെ പരിചിതമാകട്ടെ. പണം ബിസിനസില്‍ നിലനില്‍ക്കും, ബിസിനസ് അഭിവൃദ്ധി പ്രാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി