റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് കൊച്ചുകുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഉല്‍പന്നങ്ങളുടെ ആഗോള വിദഗ്ധരായ മദര്‍കെയര്‍ പിഎല്‍സിയുമായി സംയുക്ത സംരംഭം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.
റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയന്‍സ് ബ്രാന്‍ഡ്സ് ഹോള്‍ഡിംഗ് യുകെ ലിമിറ്റഡ് (ആര്‍ബിഎല്‍ യുകെ), മദര്‍കെയര്‍ ബ്രാന്‍ഡും ഇന്ത്യയുമായും നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, ബംഗ്ലാദേശും എന്നിവയുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ ആസ്തികളും സ്വന്തമാക്കുന്നതാണ് സംയുക്ത സംരംഭം.
കരാര്‍ പ്രകാരം ആര്‍ബിഎല്‍ യുകെ സംയുക്ത സംരംഭത്തില്‍ 51 ശതമാനം ഓഹരിയും മദര്‍കെയര്‍ ഗ്ലോബല്‍ ബ്രാന്‍ഡ് ലിമിറ്റഡ് ബാക്കിയുള്ള 49 ശതമാനം നിലനിര്‍ത്തും.
16 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിനാണ് ആര്‍ബിഎല്‍ യുകെ ഓഹരികള്‍ ഏറ്റെടുക്കുന്നത്. സംയുക്ത സംരംഭം നിര്‍ദ്ദിഷ്ട ദക്ഷിണേഷ്യന്‍ പ്രദേശങ്ങളില്‍ മദര്‍കെയര്‍ ബ്രാന്‍ഡിന്റെ ഫ്രാഞ്ചൈസറായി പ്രവര്‍ത്തിക്കും, രണ്ട് ഓര്‍ഗനൈസേഷനുകളുടെയും ശക്തി പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ വളര്‍ച്ചാ അവസരങ്ങള്‍ തുറക്കും. വര്‍ഷങ്ങളായി ഇന്ത്യയിലെ രക്ഷിതാക്കള്‍ക്ക് മദര്‍കെയര്‍ വിശ്വസനീയമായ പേരാണെന്നും ഈ സംയുക്ത സംരംഭം ഞങ്ങളുടെ പങ്കാളിത്തത്തില്‍ ആവേശകരമായ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുമെന്നും റിലയന്‍സ് ബ്രാന്‍ഡ്സ് മാനേജിംഗ് ഡയറക്ടര്‍ ദര്‍ശന്‍ മേത്ത പറഞ്ഞു.
2018-ലാണ് റിലയന്‍സ് ബ്രാന്‍ഡുകള്‍ യുകെ ആസ്ഥാനമായുള്ള മദര്‍കെയര്‍ ബ്രാന്‍ഡിന്റെ അവകാശം ആദ്യമായി സ്വന്തമാക്കിയത്. നിലവില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ശക്തമായ സാന്നിധ്യത്തിന് പുറമെ 25 നഗരങ്ങളിലായി 87 സ്റ്റോറുകലും ഉണ്ട്.
റിലയന്‍സുമായുള്ള കരാര്‍ ദക്ഷിണേഷ്യയിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും മദര്‍കെയര്‍ ബ്രാന്‍ഡ് ശക്തിയുടെ ആന്തരിക മൂല്യം അടിവരയിടുകയും ചെയ്യുന്നുവെന്ന് മദര്‍കെയര്‍ ചെയര്‍മാന്‍ ക്ലൈവ് വൈലി പറഞ്ഞു.

