മലയാളിയുടെ ജീവിത ശൈലിയില്‍ വന്ന മാറ്റം കളിമണ്‍ പാത്രങ്ങള്‍ക്കും ഓടിനുമൊക്കെ പകരക്കാരനെ കൊണ്ട് വന്നത് ഈ മേഖലയുടെ വളര്‍ച്ചയെ അല്‍പം മന്ദീഭവിപ്പിച്ചു. എന്നാല്‍ പിന്നീട് ജീവിതശൈലി രോഗങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും മലയാളികള്‍ക്കിടയില്‍ തീവ്രമായതോടെ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ക്കും അലുമിനിയത്തിനും വിടപറഞ്ഞുകൊണ്ട് മലയാളികള്‍ വീണ്ടും കളിമണ്‍പാത്രങ്ങളുടെ ഉപഭോക്താക്കളായി. 2017 ലെ പ്രളയം കളിമണ്ണിന്റെ ലഭ്യത ഇല്ലാതാക്കി.അതോടൊപ്പം തൊഴിലാളി പ്രശ്‌നങ്ങളും വന്നു.

കളിമണ്ണിന്റെ ക്ഷാമം, തൊഴിലാളിക്ഷാമം, ഇന്നവേഷനില്ലായ്മ അങ്ങനെ പലവിധ പ്രശനങ്ങള്‍കൊണ്ട് കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണങ്ങള്‍ നാടുനീങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ തൊഴിലിനെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മലപ്പുറം നിലമ്പൂര്‍ അരുവാക്കോട്ടെ അമ്പതോളം കുടുംബങ്ങളിലെ സ്ത്രീകള്‍. അനശ്വരം എന്ന പേരില്‍ ഒരു സംഘം രൂപീകരിച്ച് ഇതിനായി മണ്‍പാത്ര നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. ഓരോ ജില്ലകളിലും പ്രദര്‍ശനം സംഘടിപ്പിച്ച് ഇവര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു.
ചായക്കപ്പുകളും ചെറുതും വലുതുമായ മീന്‍ ചട്ടികള്‍, ചിക്കന്‍ കറിച്ചട്ടികള്‍, അപ്പ ചട്ടികള്‍, ചപ്പാത്തി ചട്ടി, ചീനചട്ടികള്‍, ജഗ്ഗ്, മഗ്ഗ്, കപ്പ്, ഗ്ലാസ് തുടങ്ങിയ അടുക്കള ഉപകരണങ്ങളും അലങ്കര ഉല്‍പ്പന്നങ്ങളായ കുങ്കുമച്ചെപ്പ്, മെഴുകുതിരി സ്റ്റാന്‍ഡ്, പെന്‍ ഹോള്‍ഡര്‍, ഗണപതി രൂപങ്ങള്‍, മുത്തുമണി പാത്രങ്ങള്‍, ഗാര്‍ഡന്‍ ജാര്‍, പലതരം മാസ്‌ക്കുകള്‍, ഷോകെയ്സില്‍ വയ്ക്കാവുന്ന കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ (മ്യൂറല്‍സ്), ഭംഗിയേറിയ ചുമര്‍ ചിത്രങ്ങള്‍ എന്നിവ അനശ്വരത്തില്‍ നിര്‍മിക്കപ്പെടുന്നു. കൂജകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നിറം നല്‍കുന്നതിനുള്ള ദോഷകാരികളായ രാസവസ്തുക്കള്‍ ഉപയോഗിക്കാതെയാണു നിര്‍മാണം. ഗ്യാസ് സ്റ്റൗവിലും മൈക്രോവേവ് അവ്നിലും വരെ ഉപയോഗിക്കാന്‍ കഴിയുന്നത്ര നേര്‍ത്ത പത്രങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്.

