കേരം തിങ്ങും കേരളനാട്ടിലെ കേര കര്‍ഷകര്‍ക്ക് ഇനിയും സമാധാനിക്കാന്‍ സമയമായിട്ടില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ ചെലവില്‍ തേങ്ങാ, വെളിച്ചെണ്ണ എന്നിവ കേരളത്തിലേക്ക് എത്താന്‍ തുടങ്ങിയതോടെ കേര കര്‍ഷകരുടെ ഗതികേടും തുടങ്ങി. നല്ല വില കിട്ടാതെയും മണ്ഡരി മൂലവും കര്‍ഷകര്‍ കിതച്ചു. കേരകര്‍ഷകര്‍ക്ക് ഇത്തരമൊരു അവസ്ഥയില്‍ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കേര ഗ്രാമം പദ്ധതിക്ക് 2021 ല്‍ തുടക്കമിട്ടത്.
ഇതിന്റെ ഭാഗമായി 79 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 11 ജില്ലകളില്‍നിന്ന് 77 ഗ്രാമങ്ങള്‍ കൃഷിവകുപ്പ് തെരെഞ്ഞെടുത്തിട്ടുണ്ട്. സംയോജിത വിളപരിപാലനത്തിലൂടെ നാളികേര ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനും അതുവഴി കേരകര്‍ഷകര്‍ക്ക് കൈത്താങ്ങാകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആയിരക്കണക്കിന് വരുന്ന കേര കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് കരുതുന്നത്. കേരഗ്രാമത്തിനായി 39.80 കോടി രൂപയാണ് ഇതിനായി തുടക്കത്തില്‍ നീക്കിവെച്ചിട്ടുള്ളത്.
250 ഹെക്ടര്‍വീതം വിസ്തൃതിയുള്ള കേരഗ്രാമങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.തടം തുറക്കല്‍, വളമിടീല്‍, ഇടവിളക്കൃഷി, ഉത്പാദനക്ഷമത കുറഞ്ഞ തൈകള്‍ മാറ്റി പുതിയ തൈനടല്‍ എന്നിവയ്ക്കായി ഹെക്ടറൊന്നിന് 16,000 രൂപയാണ് ലഭിക്കുക.
ഒരു കേരഗ്രാമത്തിന് ഇത്തരത്തില്‍ 40 ലക്ഷം രൂപ സംസ്ഥാന പ്ലാന്‍ ഫണ്ടില്‍നിന്ന് ചെലവഴിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 22.5 ലക്ഷം രൂപ അധികമായും നല്‍കും. തെങ്ങുകയറ്റ യന്ത്രങ്ങള്‍ സബ്സിഡിനിരക്കില്‍ 2000 രൂപയ്ക്ക് കര്‍ഷകര്‍ക്കുനല്‍കും. ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതിന് അഞ്ചു ലക്ഷം, കമ്പോസ്റ്റ്യൂണിറ്റുകള്‍ക്ക് 0.8 ലക്ഷം എന്നിങ്ങനെയും മാറ്റിവച്ചിരുന്നു.
എന്നാല്‍ പദ്ധതിയില്‍ രേഖപ്പെടുത്തിവച്ച ഈ വസ്തുതകള്‍ അത് പോലെ തന്നെ അവശേഷിച്ചു എന്നതാണ് വാസ്തവം. പദ്ധതിയുടെ ഭാഗമായി വലിയ രീതിയിലുള്ള നേട്ടങ്ങളൊന്നും കര്‍ഷകരെ തേടി എത്തിയില്ല. മൂല്യ വര്‍ധിത വസ്തുക്കളുടെ നിര്‍മാണത്തില്‍ പോലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല എന്നാണ് പല കര്‍ഷകരുടെയും പരാതി. മികച്ച രീതിയില്‍ സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്ന പക്ഷം കൂടുതല്‍ മികച്ച വരുമാനം മൂല്യ വര്‍ധിത വസ്തുക്കളുടെ നിര്മാണത്തിലൂടെ ലഭിക്കുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.

