വീടിനു സമീപത്തായി ഒരു മൂന്നു സെന്റ് സ്ഥലമുണ്ടെങ്കില്‍ മികച്ച വരുമാനം ലഭിക്കുന്ന രീതിയില്‍ മത്സ്യകൃഷി തുടങ്ങാം. 7500 രൂപയില്‍ താഴെ മാത്രമേ ഇതിനായി ചെലവ് വരികയുള്ളൂ. മത്സ്യം വളര്‍ത്തലില്‍ മുന്‍പരിചയം ഇല്ലെന്നത് ഒരു പ്രശ്‌നമല്ല. മത്സ്യകൃഷിയെപ്പറ്റി നിരവധി യുട്യൂബ് ടൂട്ടോറിയലുകള്‍ ലഭ്യമാണ്. അവയില്‍ ഏതെങ്കിലും ഒന്ന് പരീക്ഷിക്കാവുന്നതാണ്.
മത്സ്യകൃഷിക്ക് ഇന്ന് പ്രചാരമേറെയാണ്. കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ വിളവ് എന്ന പേരില്‍ നിരവധി ആധുനിക മത്സ്യക്കൃഷിരീതികള്‍ നാട്ടില്‍ പ്രചാരത്തിലുണ്ട്. ഇവയില്‍ ഒന്നാണ് പടുതകുളങ്ങള്‍.കൃത്യമായ ആസൂത്രണമില്ലാതെ മത്സ്യക്കൃഷിക്കുള്ള കുളം നിര്‍മിക്കരുത് എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. മത്സ്യങ്ങള്‍ക്കാവശ്യമായ ആഴം എത്രയെന്ന് മനസിലാക്കിവേണം കുളം നിര്‍മിക്കാന്‍. ഇതിനായി പരിചയസമ്പന്നനാരായ മത്സ്യകര്ഷകരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കാവുന്നതാണ്.
പടുതാക്കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍
മത്സ്യക്കൃഷിയിലേക്ക് തിരിയുന്ന ഓരോ വ്യക്തിയും ചില കാര്യങ്ങള്‍ അറിവില്‍ വയ്ക്കണം. സ്വന്തമായി സ്ഥലമുള്ളവര്‍ സ്ഥലലഭ്യത അനുസരിച്ച് വലുപ്പമുള്ള കുളങ്ങള്‍ നിര്‍മിക്കുന്നതാണ് ലാഭകരമായി മത്സ്യം വളര്‍ത്താന്‍ നല്ലത്. പരമാവധി അഞ്ചടി ആഴം മതിയാകും. വീട്ടാവശ്യത്തിനുള്ളതാകുമ്പോള്‍ ആഴം 4 അടിയായാലും കുഴപ്പമില്ല. കൈകാര്യം ചെയ്യാന്‍ എളുപ്പമായിരിക്കും.
നല്ലപോലെ സൂര്‍യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം കുളത്തിന്റെ നിര്‍മാണം. താഴ്ന്ന പ്രദേശങ്ങളാണ് കുളം നിര്‍മിക്കാന്‍ അനുയോജ്യം. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ പാടില്ല. കാരണം ജൂണ്‍, ജൂലൈ മാസങ്ങള്‍ മഴക്കാലമാണ് എന്ന് പ്രത്യേകം ഓര്‍ക്കുക.തരിശു ഭൂമിയായി കിടക്കുന്ന സ്ഥലങ്ങളില്‍ കുളങ്ങള്‍ നിര്‍മിക്കുന്നത് ഗുണകരമാകും. കുളത്തില്‍ നിക്ഷേപിക്കുന്ന മത്സ്യങ്ങളുടെ എണ്ണം കൂടുതലാവാന്‍ പാടില്ല. ഇത് മല്‍സ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കും.
ഒരു കുളത്തില്‍ ഒരിനം മത്സ്യത്തെ മാത്രം വളര്‍ത്തുന്ന രീതിയാണ് ഏറ്റവും അനുയോജ്യം. വലിയ കുളങ്ങളോട് ചേര്‍ന്ന് ചെറിയ നഴ്സറി കുളങ്ങളും വേണം. എങ്കില്‍ മാത്രമേ കൃഷി മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ.വെള്ളം തീരെ മോശമായി മാറേണ്ടിവന്നാല്‍ മറ്റൊരു കുളം സമീപത്തുണ്ടായാല്‍ ഗുണകരമാകും. കുളത്തിനോടു ചേര്‍ന്നുതന്നെ ജലലഭ്യതാമാര്‍ഗവും ഉണ്ടായിരിക്കണം. വെള്ളം മാറ്റുന്നതിന് ഇത് സഹായകമാകും. മത്സ്യകൃഷി മികസിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ എയറേറ്റര്‍, എയര്‍ ബ്ലോവര്‍, ജനറേറ്റര്‍ തുടങ്ങിയവ സജ്ജീകരിച്ചിരിക്കണം. കുളത്തിനു ചുറ്റും വല വിരിച്ചിരിക്കണം. ഉരഗങ്ങളെയും മത്സ്യങ്ങളെ പിടിക്കുന്ന പക്ഷികളെയും അകറ്റിനിര്‍ത്താന്‍ ഇത് സഹായിക്കും.
ഏതിനം മത്സ്യത്തെ വളര്‍ത്തണം
ഏതെങ്കിലും ഒരു മത്സ്യത്തെ മാത്രം കൃഷി ചെയ്യുന്ന രീതിയാണ് ഏകയിന മത്സ്യകൃഷി. പടുതാ കുളങ്ങളില്‍ വളര്‍ത്തുമ്പോള്‍ ഇതാണ് മികച്ച രീതി. കോമണ്‍ കാര്‍പ്പ്, വരാല്‍, മുഷി, കാരി,തിലാപ്പിയ, ചെമ്മീന്‍ എന്നിവയാണ് സാധാരണ ഇങ്ങനെ വളര്‍ത്തുന്നത്. സമ്മിശ്രമത്സ്യ കൃഷിയെന്നാല്‍ കുളത്തില്‍ അനുയോജ്യമായ ഒന്നില്‍ കൂടുതല്‍ മത്സ്യങ്ങളെ ഒന്നിച്ച് വളര്‍ത്തുന്ന രീതിയാണിത്.
ഇങ്ങനെ വളര്‍ത്തുമ്പോള്‍ ആഹാരപദാര്‍ത്ഥങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തി മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു. സമ്മിശ്രമത്സ്യ കൃഷിക്കായി തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുന്നവയും ആഹാരരീതികളില്‍ വിത്യസ്തവുമായിരിക്കണം. ഇന്ന് മത്സ്യകൃഷിയില്‍ പ്രമുഖ സ്ഥാനം സമ്മിശ്ര മത്സ്യകൃഷിക്കാണ്. പ്രധാനമായും കാര്‍പ്പ്, മുഷി, കാരി എന്നിവയാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്. കാര്‍പ്പുകള്‍, മുഷി, തിലാപ്പിയ എന്നിവയെ നെല്‍പ്പാടങ്ങളില്‍ മത്സ്യകൃഷിയായി വളര്‍ത്താം.
മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപിക്കേണ്ടത് എങ്ങനെ ?
കേരളത്തില്‍ അറുപതു ശതമാനം പേരും മത്സ്യം കഴിക്കുന്നവരാണ്. അത് തന്നെയാണ് മത്സ്യക്കൃഷിയുടെ ഏറ്റവും വലിയ നേട്ടം. എന്നാല്‍ പടുതക്കുളം നിര്‍മിച്ചത് കൊണ്ടും ധാരാളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്‌കൊണ്ടും മാത്രം കാര്യമായില്ല. മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്ന സമയവും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും മത്സ്യ കൃഷിയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കര്‍ഷകന്റെ താല്‍പ്പര്യം, ശീലങ്ങള്‍ എന്നിവ പരിഗണിച്ചുവേണം മത്സ്യങ്ങളെ തെരഞ്ഞെടുക്കാന്‍. കുളങ്ങളുടെ വലിപ്പം, ജലലഭ്യത എന്നിവയും പരിഗണിക്കണം.
കരിമീന്‍ വാകവരാല്‍, മഞ്ഞക്കൂരി, കാരി, കൂരി, മുഷി, തൂളി എന്നീ നാടന്‍ ഇനങ്ങളും വിദേശത്ത് നിന്നെത്തി നമ്മുടെ നാടിന് സ്വന്തമായി മാറിക്കൊണ്ടിരിക്കുന്ന ആസാം വാള, സൈപ്രിനസ്, തിലാപ്പിയ എന്നിവയുമാണ് ചെറുസംവിധാനത്തില്‍ അടുക്കള കുളങ്ങളില്‍ വളര്‍ത്താവുന്നത്. സാധാരണയായി ലഭിക്കുന്ന തിലാപ്പിയ ചെറിയ കുളങ്ങള്‍ക്ക് യോജിച്ചതല്ല. അവ വളരെയധികം ആഹാരം കഴിക്കുകയും ആറുമാസം പ്രായമാകുമ്പോള്‍ മുതല്‍ വലിയ തോതില്‍ പെരുകുകയും ചെയ്യും. ആണ്‍മത്സ്യങ്ങളെ മാത്രമായി തെരഞ്ഞുവളര്‍ത്തുന്നതിനു അനുയോജ്യമായ ഫാമിംഗ് തിലാപ്പികളാണ് നല്ലത്.
അനുയോജ്യമായ വളര്‍ച്ചയെത്താത്ത മത്സ്യത്തെ കുളത്തില്‍ നിക്ഷേപിച്ചാല്‍ നശിച്ച് പോകാന്‍ ഇടയുണ്ട്. 50 മില്ലി മീറ്റര്‍ വലുപ്പം എങ്കിലുമായ കുഞ്ഞുങ്ങളാണ് കുളത്തിലേക്ക് വിടുവാന്‍ നല്ലത്.സമ്മിശ്ര മത്സ്യ കൃഷിയാണ് ചെയ്യുന്നതെങ്കില്‍ കുളത്തിനു മേല്‍തട്ടില്‍ കഴിയുന്ന മത്സ്യങ്ങളായ കട്ല, സില്‍വര്‍ കാര്‍പ്പ് എന്നിവ 40 ശതമാനവും. ഇടത്തട്ടില്‍ കഴിയുന്ന ഇനമായ രോഹു 30 ശതമാനവും. അടിത്തട്ടില്‍ കഴിയുന്ന മൃഗാള്‍, കോമണ്‍ കാര്‍പ്പ് എന്നിവ 30 ശതമാനവും എന്ന തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താവുന്നതാണ്.
ഒരു കുളത്തില്‍ നിക്ഷേപിക്കാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തോത് കുളത്തിന്റെ വലുപ്പവും ജൈവോല്‍പ്പാദന ശേഷിയനുസരിച്ച് വിത്യാസപ്പെട്ടിരിക്കുന്നു. ഹെക്ടറിന് 8000 മുതല്‍ 10000 വരെ മത്സ്യക്കുഞ്ഞുങ്ങളെ വിടാം. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്ന മത്സ്യങ്ങളാണ് ഇവ എന്നതിനാല്‍ തന്നെ വരുമാനം ലഭിക്കുന്നതുനുള്ള സാധ്യതയും വളരെ കൂടുതലാണ്.
അടുക്കളക്കുളങ്ങളും ആദായകരം
അടുക്കളയില്‍ നിന്നും പുറന്തള്ളുന്ന പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യ വസ്തുക്കളുടെയും അവശിഷ്ടങ്ങള്‍ വിനിയോഗിച്ചുകൊണ്ട് അടുക്കളയോട് ചേര്‍ന്നും മികച്ചൊരു മീങ്കുളം നിര്‍മിക്കാവുന്നതാണ്. പണ്ട് കാലത്ത് സമീപത്തെ ജലാശയങ്ങളില്‍ നിന്നും പിടിക്കുന്ന മീനുകളെ ഇത്തരത്തിലുള്ള അടുക്കളക്കുളങ്ങളില്‍ വളര്‍ത്തി ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുമായിരുന്നു. എന്നാല്‍ ഇന്ന് മീന്‍വിത്തുകള്‍ നിക്ഷേപിച്ചു തന്നെ കൃഷി നടത്തി വരുന്നു. അഞ്ചടി മുതല്‍ ഇരുപതടി നീളത്തില്‍ വരെ ഇത്തരത്തില്‍ അടുക്കളക്കുളങ്ങള്‍ നിര്‍മിക്കാം. വീട്ടാവശ്യത്തിനായുള്ള മത്സ്യങ്ങളാണ് ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്നത്.

