ബില്യണയറും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യതയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. തൊഴില്‍ ദിനങ്ങള്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസമാക്കാന്‍ എഐയുടെ വിന്യാസം സഹായിക്കുമെന്നാണ് ബില്‍ ഗേറ്റ്‌സ് പറഞ്ഞത്. മനുഷ്യന്റെ ബുദ്ധിക്ക് ഒരിക്കലും പകരമാകില്ല എഐ, എന്നാല്‍ അവരുടെ ജോലിഭാരം കുറക്കാന്‍ തീര്‍ച്ചയായും സഹായകരമാകുമെന്ന് ഗേറ്റ്സ് പറയുന്നു.
എഐയുടെ കടന്നുവരവോടെ കൂടുതല്‍ ജോലികള്‍ യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടാവുകയും, അത് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാക്കാമെന്ന വെല്ലുവിളിയും നിലനില്‍ക്കുന്നു.

പ്രോഗ്രാമിംഗ്, ടെസ്റ്റിംഗ്, ഹെല്‍ത്ത്കെയര്‍ ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ പ്രവര്‍ത്തനക്ഷമത കൂട്ടാനുള്ള എഐയുടെ കഴിവിനെക്കുറിച്ചും ഗേറ്റ്സ് പ്രതീക്ഷ പങ്കുവെച്ചു. ഭക്ഷ്യ ഉത്പാദനം ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ദിനങ്ങളിലേക്ക് എത്താന്‍ എഐയുടെ വളര്‍ച്ച സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, ഇതിന് ദൂഷ്യവശങ്ങളുമുണ്ടെന്ന കാര്യം അദ്ദേഹം അംഗീകരിക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍, സുരക്ഷാ ഭീഷണികള്‍, തൊഴില്‍ വിപണിയില്‍ വരുന്ന മാറ്റം, വിദ്യാഭ്യാസരംഗത്തെ സ്വാധീനിക്കുന്ന രീതി, ഇതെല്ലാം എഐ അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ്.
എന്തായാലും കൂടുതല്‍ ജോലികള്‍ എഐ ഏറ്റെടുക്കുമ്പോള്‍ മനുഷ്യന്റെ അധ്വാനംകുറയുകയും ആളുകള്‍ക്ക് കൂടുതല്‍ ഒഴിവുസമയം ലഭിക്കുകയും ചെയ്യും. എഐയുടെ കടന്നുവരവില്‍ വെല്ലുവിളികളുണ്ടെങ്കിലും അത് തരണം ചെയ്യാന്‍ കഴിയുന്നതാണെന്നാണ് ഗേറ്റ്സിന്റെ പ്രതീക്ഷ.

