വിദേശരാജ്യങ്ങളിലെല്ലാം ഏറെ ശ്രദ്ധേയമായ വേസ്റ്റ് ക്ളോത്ത് റീസൈക്ലിംഗ് എന്ന മാതൃക കേരളത്തിലും ട്രെന്‍ഡ് ആകുകയാണ്. ഇതോടെ പഴന്തുണികള്‍ തലവേദനയാകില്ല എന്ന് മാത്രമല്ല ഉപയോഗപ്രദമായ നിരവധി വസ്തുക്കള്‍ നിര്‍മിക്കാനും കഴിയുന്നു. സാരികളും ജീന്സുകളും ഏറെക്കാലം ഉപയോഗിച്ച ശേഷമാണു ഒഴിവാക്കുക. എങ്കില്‍ പോലും ഇനിയും ഏറെക്കാലം കേടുകൂടാതെ നിലനില്‍ക്കാന്‍ കഴിയുന്ന തുണികളാവും അവ. ഇവക്ക് രൂപമാറ്റം വരുത്തിയാലോ? സാരികളില്‍ നിന്നും കര്‍ട്ടനുകളും കസവ് സാരികളില്‍ നിന്നും കുഷ്യന്‍ കവറുകളുമൊക്കെ നിര്‍മിക്കാന്‍ എളുപ്പമാണ്.
സാരികളില്‍ നിന്നും കര്‍ട്ടനുകള്‍, കുഷ്യന്‍ കവര്‍
വലിയ രൂപ മാറ്റമൊന്നും വരുത്താതെ സാരി നീളത്തിനനുസരിച്ച് മുറിച്ചാണ് കര്‍ട്ടണുകളായി ഉപയോഗിക്കുന്നത്. പ്രിന്റഡ്, ഡിസൈന്‍ഡ് കര്‍ട്ടന്‍ ഫാബ്രിക്കുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. ഇത്തരം സാരികള്‍ ചുവരിലെ നിറത്തിനു മാച്ചായി തെരെഞ്ഞെടുത്താണ് കര്‍ട്ടനുകള്‍ ഒരുക്കുന്നത്. ഒരു സാരിയില്‍ നിന്നും പരമാവധി മൂന്ന് ഡോര്‍ കര്‍ട്ടനുകളും ആറ് വിന്‍ഡോ കര്‍ട്ടനുകളും നിര്‍മിക്കാം.
പട്ടു സാരികള്‍ എങ്ങനെ ഒഴിവാക്കും എന്ന് ചിന്തിക്കുന്നവര്‍ക്ക് കുഷ്യന്‍ കവര്‍ നിര്‍മാണമാണ് മറുപടി. വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നത് ക്ളാസിക്, ട്രഡീഷണല്‍ വര്‍ക്കുകളോട് കൂടിയ കുഷ്യന്‍ കവറുകളാണ്. ഇത് നിര്‍മിക്കാന്‍ അത്യാവശ്യം നല്ല കസവുള്ള ഒരു പട്ടു സാരി ധാരാളം. കൃത്യം ആകൃതിയില്‍ വെട്ടിയശേഷം കൈകൊണ്ടു പോലും ഇത് തുന്നിയെടുക്കാം. ഇത്തരം കുഷ്യന്‍ കവറിനു 699 രൂപക്ക് മുകളിലാണ് വില. ഒരു സാരിയില്‍ നിന്നും ഇത്തരത്തില്‍ 8 കുഷ്യനുകള്‍ വരെ നിര്‍മിക്കാം.
ജീന്‍സില്‍ നിന്നും ബാഗ്
ജീന്‍സിന്റെ ഇരു കാലുകളും മുറിച്ചെടുത്ത് പരസ്പരം തുന്നിച്ചേര്‍ത്തും ബാഗുകള്‍ നിര്‍മിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഏത് ആകൃതിയില്‍ വേണമെങ്കിലും ബാഗുകള്‍ നിര്‍മിക്കാം. ഷോപ്പിംഗ് ആവശ്യത്തിനായി നിര്‍മിക്കുന്ന ബാഗുകള്‍ ഡബിള്‍ സ്റ്റിച്ച് ചെയ്താല്‍ ഏറെ കാലം നിലനില്‍ക്കും. മാത്രമല്ല, കഴുകി ഉപയോഗിക്കാം എന്നതും ഇതിന്റെ ഏറ്റവും വലിയ ഗുണം. തയ്യല്‍ മെഷീന്റെ സഹായത്തോടെ മാത്രമേ നിര്‍മിക്കാവൂ. കീറിപ്പോയ പഴയ തുണികള്‍ കൂട്ടിക്കെട്ടി തറ തുടയ്ക്കുന്ന ഉപകരണം, ഡസ്റ്റര്‍, ടേബിള്‍ ക്ളോത്ത്, സര്‍ഫേസ് ക്ളീനര്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളും നിര്‍മിക്കാം. ഇത്രരം ബാഗുകള്‍ക്ക് 899 രൂപ മുതല്‍ മുകളിലേക്കാണ് വില വരുന്നത്.
വളര്‍ത്തു മൃഗങ്ങള്‍ക്ക് കിടക്ക
.കോട്ടണ്‍ സാരി, പുതപ്പ് എന്നിവയില്‍ നിന്നും വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള കിടക്കകള്‍ നിര്‍മിക്കാം.. ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് അതില്‍ സ്പോഞ്ചോ മറ്റ് തുണികളുടെ വെട്ടുകഷ്ണങ്ങളോ നിറക്കുക. പഴയ തുണികള്‍ മൂലം സ്ഥലം നഷ്ടപ്പെടുകയുമില്ല, നിങ്ങളുടെ ഓമന മൃഗങ്ങള്‍ക്ക് കിടക്കാന്‍ സുഖകരമായ കിടക്ക ലഭിക്കുകയും ചെയ്യും. ഇത്തരം കിടക്കള്‍ക്കും 599 രൂപക്ക് മുകളിലാണ് ആമസോണ്‍ പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വില വരുന്നത്.

