എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ തിളങ്ങി കേരളവും ദക്ഷിണേന്ത്യന്‍ സിനിമയും. മികച്ച ചിത്രമായി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം തിരഞ്ഞെടുക്കപ്പെട്ടു. കലാഭവന്‍ ഷാജോണ്‍, വിനയ് ഫോര്‍ട്ട്, സറീന്‍ ഷിഹാബ് തുടങ്ങിയവര്‍ അഭിനയിച്ച സിനിമ, ഒരു നാടക ഗ്രൂപ്പില്‍ നായിക സഹഅഭിനേതാവില്‍ നിന്നു നേരിടുന്ന ലൈംഗിക അതിക്രമത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. മികച്ച തിരക്കഥ, എഡിറ്റിംഗ് എന്നിവയ്ക്കും ആട്ടത്തിനാണ് പുരസ്‌കാരം. നിരൂപക പ്രശംസ നേടിയ ചിത്രം തിയേറ്ററിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
കന്നഡ നടന്‍ ഋഷഭ് ഷെട്ടിയാണ് മികച്ച നടന്‍. കന്നഡ സിനിമയായ കാന്താരയിലെ മികച്ച പ്രകടനത്തിനാണ് ഋഷഭ് ഷെട്ടിക്ക് പുരസ്‌കാരം. മികച്ച എന്റര്‍ടെയ്നറും മികച്ച കന്നഡ ചിത്രവും കാന്താരയാണ്.
മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളിയായ നിത്യ മേനോന്‍ മാനസി പരേഖുമായി പങ്കിട്ടു. തമിഴ് ചിത്രമായ തിരിച്ചിത്രമ്പലത്തിലെ അഭിനയത്തിനാണ് നിത്യ മേനോന് പുരസ്‌കാരം. കച്ച് എക്സ്പ്രസിലെ പ്രകടനം മാനസിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തു.
മികച്ച ബാലതാരമായി മാളികപ്പുറം സിനിമയിലെ അഭിനയത്തിന് ശ്രീപദ് തിരഞ്ഞെടുക്കപ്പെട്ടു. കാഥികന്‍ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം സഞ്ജയ് സലില്‍ ചൗധരി നേടി. മികച്ച മലയാള ചിത്രമായി സൗദി വെള്ളക്ക തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായികയായി ബോംബെ ജയശ്രീയും മികച്ച ഗായകനായി അര്‍ജിത് സിംഗും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം എ ആര്‍ റഹ്‌മാനാണ്.

