ഡിഡി
ജോജു ജോര്‍ജിന്റെ പ്രഥമ സംവിധാന സംരംഭമായ ‘പണി’ എല്ലാ ചേരുവകളും ചേര്‍ത്തൊരു മികച്ച എന്റര്‍ടെയ്‌നറാണ്. കൈയടക്കത്തോടെ ഗംഭീരമായൊരു മാസ് റിവഞ്ച് ത്രില്ലര്‍ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ജോജുവിന് സാധിച്ചിട്ടുണ്ട്
‘മാസ്’ കാണിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ഉദയം മലയാളികള്‍ എന്നും ആഘോഷമാക്കിയിട്ടുണ്ട്. ചെറുതായൊന്ന് പണി പാളിയാല്‍ നായകന്റെ മാസ് പ്രകടനം എട്ട് നിലയില്‍ പൊട്ടാറാണ് പതിവ്. എന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പിന്നീട് സഹനടനായും ഹാസ്യ നടനായും എല്ലാം തിളങ്ങി ഘട്ടം ഘട്ടമായി മാസ് കാണിക്കാന്‍ പാകത്തില്‍ വളര്‍ന്ന നടനാണ് ജോജു ജോര്‍ജ്. കഠിനാധ്വാനത്തിന്റെ മികവില്‍ മാത്രമാണ് അദ്ദേഹം ഓരോ ഘട്ടത്തിലേക്കും വളര്‍ന്നത്.
ജോജുവിലുള്ള മാസ് നടനെ പുറത്തെടുത്ത് മലയാളിയുടെ പ്രിയ സംവിധായകന്‍ ജോഷി പൊറിഞ്ചു മറിയം ജോസിലൂടെ കിടിലന്‍ ആക്ഷന്‍ ത്രില്ലറാണ് 2019ല്‍ നമുക്ക് സമ്മാനിച്ചത്. ജോസഫിലും ആന്റണിയിലുമെല്ലാം ജോജുവിന്റെ മിന്നും നായകപ്രകടനങ്ങള്‍ കണ്ടു നാം. തമിഴിലേക്കും തെലുങ്കിലേക്കുമെല്ലാം അത് നീണ്ടു.
എന്നാല്‍ ആദ്യമായി സംവിധാനകുപ്പായമണിഞ്ഞെത്തിയ ‘പണി’ യിലൂടെ തനിക്ക് മാസ് റിവഞ്ച് ത്രില്ലര്‍ ഒരുക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ജോജു ജോര്‍ജ്. അഭിനയം പോലെ തന്നെ ഈ പണിയും തനിക്ക് വഴങ്ങുമെന്നുള്ള പ്രഖ്യാപനമാണ് ജോജുവിന്റെ പ്രഥമ സംവിധാനസംരംഭം. പണിയിലെ നായകനും തിരിക്കഥാകൃത്തും സംവിധായകനുമെല്ലാം ജോജു തന്നെയാണെങ്കിലും ആ റോളുകളെല്ലാം അതിഗംഭീരമായി ചെയ്തിട്ടുണ്ട്. എം റിയാസ് ആദമും സിജോ വടക്കനുമാണ് പണിയുടെ നിര്‍മാതാക്കള്‍.
പ്രേക്ഷകനെ ഒട്ടും മടുപ്പിക്കാതെ തിയറ്ററില്‍ പിടിച്ചിരുത്തുന്ന ആക്ഷന്‍ ത്രില്ലറാണ് ജോജുവിന്റെ പണി. തൃശൂര്‍ നഗരമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അവിടെ അതികായനായി വാഴുന്ന ബിസിനസുകാരനാണ് മംഗലത്ത് ഗിരി. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പട്ടാപ്പകല്‍ നടക്കുന്ന കൊലപാതകവും അതിനെത്തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് പണിയുടെ ഇതിവൃത്തം.
മികച്ച ആക്ഷനാണ് സിനിമയുടെ പ്രത്യേകത. പാളിപ്പോകുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടും കൈയടക്കത്തോടെ അതിനെയെല്ലാം നിയന്ത്രണത്തിലാക്കി സിനിമ മികച്ച ആസ്വാദക അനുഭവമാക്കാന്‍ ജോജുവിന് സാധിച്ചിട്ടുണ്ട്. അല്‍പ്പം വയലന്‍സ് ഉണ്ടെങ്കിലും കുടുംബബന്ധങ്ങളുടെ ആഴവും പരപ്പവും പണിയില്‍ പ്രകടമാണ്.
മിന്നും പ്രകടനങ്ങള്‍
നായകനായി ജോജു മികച്ച പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായത് വില്ലന്മാരുടെ അഭിനയമാണ്. സാഗര്‍ സൂര്യയും ജുനൈസുമാണ് വില്ലന്‍ കഥാപാത്രങ്ങളായി എത്തിയത്. ഇവര്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ടെന്നത് നിസംശയം പറയാം. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് ലഭിക്കുന്ന പിന്തുണ അതിന്റെ പ്രതിഫലനം കൂടിയാണ്.

ജന്മനാ മൂകയും ബധിരയുമായ തമിഴ് നടി അഭിനയയാണ് ഗിരിയെന്ന ജോജുവിന്റെ ഭാര്യയായി അഭിനയിച്ചത്. അഭിനയമികവ് കൊണ്ട് അഭിനയ മികച്ചുനിന്നു. പ്രശാന്ത്, അലക്‌സാണ്ടര്‍, സുജിത് ശങ്കര്‍, സീമ തുടങ്ങിയവരും മികച്ചു നിന്നു.
ആക്ഷന്‍ ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത ചിത്രമാണ് പണി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

The Profit is a multi-media business news outlet.
