പ്രമുഖ സംരംഭകന്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള കൊളംബോ തുറമുഖ ടെര്‍മിനല്‍ പദ്ധതിക്ക് യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (ഡിഎഫ്‌സി) നിന്ന് 553 മില്യണ്‍ ഡോളര്‍ ധനസഹായം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഒരിന്ത്യന്‍ കമ്പനിക്ക് ലങ്കയില്‍ ഇത്തരമൊരു പിന്തുണ ലഭിക്കുന്നത് ഇതാദ്യമാണ്.
തുറമുഖത്തിന്റെ വെസ്റ്റ് കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ (ഡബ്ല്യുസിടി) അദാനി ഗ്രൂപ്പിന് 51 ശതമാനം ഓഹരിയുണ്ട്. ചൈന മര്‍ച്ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് നടത്തുന്ന ടെര്‍മിനലും തുറമുഖത്തിലുണ്ട്. ശ്രീലങ്കന്‍ കമ്പനിയായ ജോണ്‍ കീല്‍സ് ഹോള്‍ഡിംഗ്‌സിനാണ് ഡബ്ല്യുസിടിയുടെ 34 ശതമാനം ഉടമസ്ഥാവകാശം, ബാക്കിയുള്ളത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശ്രീലങ്കന്‍ തുറമുഖ അതോറിറ്റിയുടെ കൈവശമാണ്.
വെസ്റ്റ് കണ്ടെയ്‌നര്‍ ടെര്‍മിനലിനായി 553 മില്യണ്‍ ഡോളര്‍ സ്വകാര്യമേഖലാ വായ്പയായി നല്‍കുന്നത് തുറമുഖത്തിന്റെ ഷിപ്പിംഗ് കപ്പാസിറ്റി വിപുലീകരിക്കാനും രാജ്യത്തിന് കൂടുതല്‍ അഭിവൃദ്ധി നേടാനുമാണെന്ന് ഡിഎഫ്സി സിഇഒ സ്‌കോട്ട് നതാന്‍ പറഞ്ഞു. അതേ സമയം മേഖലയിലുടനീളമുള്ള തങ്ങളുടെ സഖ്യകക്ഷികളുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ചൈനീസ് നിക്ഷേപത്തെ പ്രതിരോധിക്കാനാണ് ഇതെന്ന് കരുതണം.
70 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്ക ഉഴലുന്ന സാഹചര്യത്തിലാണ് ഈ ധനസഹായം. 2022 ല്‍ ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥ 7.8 ശതമാനം ചുരുങ്ങിയിരുന്നു, രാജ്യത്തിന്റെ വിദേശ കരുതല്‍ ശേഖരം റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് പതിക്കുകയും ചെയ്തു.
ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖ പദ്ധതി ചൈനയുടെ കടക്കെണി നയതന്ത്രത്തിന്റെ ഭാഗമാണെന്ന് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു
ശ്രീലങ്കയിലെ തുറമുഖ, ഹൈവേ പദ്ധതികളില്‍ ചൈന വ്യാപകമായ നിക്ഷേപം നടത്തി, അവരെ കടക്കെണിയിലാക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ഇന്ത്യ, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ശ്രമിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം വരെ ലങ്കയിലെ ചൈനീസ് നിക്ഷേപം 2.2 ബില്യണ്‍ ഡോളര്‍ വരും.
ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖ പദ്ധതി ചൈനയുടെ കടക്കെണി നയതന്ത്രത്തിന്റെ ഭാഗമാണെന്ന് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. യുഎസ് സ്ഥാപനത്തില്‍ നിന്നുള്ള പുതിയ ഫണ്ടിംഗ് ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിന് ശേഷം അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യത കൂട്ടുന്നതിന് ഇടവരുത്തുകയും ചെയ്യും.

