Connect with us

Hi, what are you looking for?

Education

ആദിവാസി ഊരുകളില്‍ അറിവിന്റെ തിരിതെളിച്ച ‘ഹമ്മിംഗ് ബേര്‍ഡ്’

ഇന്ത്യയിലെ പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തെ സമീപിച്ചതോടെയാണ് ബിബിന്‍ ധനേയുടെ ജീവിതം മാറിമറയുന്നത്

2013 ല്‍ ഖരഖ്പൂരിലേ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും നേവല്‍ ആര്‍ക്കിടെക്ച്ചറില്‍ ബിരുദം നേടി പുറത്തിറങ്ങുമ്പോള്‍ ആസാം സ്വദേശിയായ ബിബിന്‍ ധനേ ഒരിക്കലും കരുതിയിരുന്നില്ല തന്റെ സംസ്ഥാനത്തെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ഒരു ജനതയുടെ തന്നെ വികസനത്തിന് താന്‍ കാരണമാകുമെന്ന്.

ഇന്ത്യയിലെ പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തെ സമീപിച്ചതോടെയാണ് ബിബിന്‍ ധനേയുടെ ജീവിതം മാറിമറയുന്നത്. പഠനശേഷം സിംഗപ്പൂരിലെ മുന്‍നിര സ്ഥാപനത്തില്‍ ജോലി ലഭിച്ച ബിബിന്‍ ഒന്നരവര്‍ഷക്കാലം അവിടെ ജോലി നോക്കി. എന്നാല്‍ സാങ്കേതിക വിദ്യയുടെ ലോകത്തിനു പുറത്ത് തന്റെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം സാവധാനം ബിബിനെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്നു.

ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ വൈറ്റ് കോളര്‍ ജോലിയില്‍ അധികകാലം തുടരാന്‍ തനിക്കാവില്ല എന്ന തിരിച്ചറിവുണ്ടായതോടെ, തന്റെ നാടിനും നാടിന്റെ ഉന്നമനത്തിനും വേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നായി ബിബിന്റെ ചിന്ത. എന്നാല്‍ എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നുമുള്ള ആശങ്ക ബിബിനില്‍ പ്രകടമായിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ തന്റെ കൂടെ പഠിച്ചിരുന്ന ഒരു സഹപാഠി ആസാമില്‍ ബ്രഹ്‌മപുത്ര നദിയുടെ ഭാഗമായ മജുലി എന്ന ദ്വീപിലെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്ക് ക്ലാസ് എടുക്കുന്നതായി സോഷ്യല്‍ മീഡിയ വഴി ബിബിന്‍ അറിയുന്നത്. ഉടനടി ഫോണ്‍ നമ്പര്‍ അന്വേഷിച്ചു കണ്ടെത്തി സുഹൃത്തിനെ വിളിച്ചു. അപ്പോഴാണ്, ഇന്നും പ്രാഥമിക വിദ്യാഭ്യസം പോലും ലഭിക്കാതെ കഴിയുന്ന ആദിവാസി ഊരുകളിലെ ജനങ്ങളെക്കുറിച്ച് അറിയുന്നത്.

ബ്രഹ്‌മപുത്ര നദിയുടെ ഭാഗമായ മജുലി ദ്വീപില്‍ കഴിയുന്ന ആദിവാസി ഗോത്രക്കാര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ ഗോത്ര സമൂഹത്തിന്റെ ഭാഗമാണ്. സമൂഹവുമായി അടുത്തിടപെഴകാതെ, ആദിവാശി ഗോത്രങ്ങളുടെ മാത്രം ഭാഗമായി ജീവിക്കുന്ന ഈ വിഭാഗത്തിന് ഔദ്യോഗിക വിദ്യാഭ്യാസമില്ല. അതിനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരിക്കല്‍ നല്‍കിയിരുന്നു എങ്കിലും പൂര്‍ണമായും മറ്റൊരു സംസ്‌കാരത്തിന്റെ ഭാഗമാകുന്ന രീതിയിലുള്ള പഠനങ്ങളില്‍ ഒന്നും അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു.

മജുലി ദ്വീപിലെ ജനങ്ങളെക്കുറിച്ചറിഞ്ഞപ്പോള്‍, അവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്നായി ബിബിന്റെ ആഗ്രഹം. ഈ വിഭാഗത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും അവര്‍ക്ക് പുതിയൊരു ജീവിതം പരിചയപ്പെടുത്തുന്നതിനും വേണ്ട എല്ലാ സാഹചര്യങ്ങളും അവിടെ ഉണ്ടെന്നറിഞ്ഞതോടെ, പിന്നെ രണ്ടാമതൊന്ന് ചിന്തിക്കാന്‍ ബിബിന്‍ കാത്തു നിന്നില്ല. സിംഗപ്പൂരിലെ ലക്ഷങ്ങള്‍ വരുമാനമുള്ള ജോലി രാജി വച്ച് ബിബിന്‍ നാട്ടിലെത്തി.

കുടുംബത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ്

നല്ലത് ചെയ്യാനായി ഇറങ്ങിത്തിരിച്ചു എന്ന് കരുതി തുടക്കം മുതല്‍ക്ക് കയ്യടി ലഭിക്കണം എന്നില്ല. സിംഗപ്പൂരില്‍ നിന്നും മികച്ച ജോലി രാജി വച്ച് നാട്ടില്‍ ആദിവാസിക്കുട്ടികളെ പഠിപ്പിക്കാനായി വരുന്നു എന്ന് കേട്ടപ്പോള്‍ ബിബിന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒരുപോലെ എതിര്‍ത്തു. മകന്‍ ഒരു ഐഐടി ബിരുദധാരിയായ കാണണമെന്നും വിദേശത്ത് മികച്ച ജോലി ചെയ്യണമെന്നും ആഗ്രഹിച്ച ബിബിന്റെ അച്ഛന് ഇത് സഹികകവുന്നതിലും അപ്പുറമായിരുന്നു. മകന്റെ തീരുമാനത്തില്‍ തന്റെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും മകനെ ശാസിക്കുകയും ചെയ്തു. എന്നാല്‍ എതിര്‍പ്പുകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല ബിബിന്റെ മനസ്സില്‍ തട്ടിയ ആഗ്രഹം. അങ്ങനെ 2015 ല്‍ ജോലി രാജി വച്ച് നാട്ടിലെത്തി.അതോടെ അച്ഛന് മകനോടുള്ള ദേഷ്യം ഇരട്ടിയാകുകയും ചെയ്തു.

ഹമ്മിംഗ് ബേര്‍ഡ് സ്‌കൂള്‍ എന്ന ആശയം

മജൂലിയിലെ ഗോത്ര വിഭാഗത്തിന്റെ വികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങണം. അതും മജുലി പ്രദേശത്ത് തന്നെ വേണം. അതിനാല്‍ ആ പ്രദേശത്തെ ആളുകളെ ബോധവത്കരിച്ചു കൂടെ നിര്‍ത്താനായിരുന്നു ബിബിന്റെ ശ്രമം. സത്യമുള്ള പ്രവര്‍ത്തി ആരുചെയ്താലും സഹായിക്കാന്‍ ആളുകളെത്തും എന്നത് പോലെയായിരുന്നു ബിബിന്റെ ശ്രമങ്ങളും.

ബിബിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മറ്റു ചില സുഹൃത്തുക്കള്‍ കൂടിയെത്തി. അങ്ങനെ, പ്രാദേശികരായ ജനങ്ങളോടും ആദിവാസികളോടും കാര്യങ്ങള്‍ അവതരിപ്പിച്ചു. ചിലര്‍ പിന്തിരിഞ്ഞു. മറ്റു ചിലരാകട്ടെ, പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുകയും ചെയ്തു. ഇത്തരത്തില്‍ കൂടെ നിന്നവര്‍ സ്‌കൂള്‍ തുടങ്ങുന്നതിനാവശ്യമായ ഭൂമി നല്‍കി. ഇതോടെ ബിബിന്‍ വിദ്യാലയത്തിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു.

കലാപരമായി ഏറെ കഴിവുകള്‍ ഉള്ളവരാണ് മജൂലിയിലെ ഗോത്രവര്‍ഗക്കാര്‍. ആര്‍ക്കിടെക്റ്റുകളെ വെല്ലുന്ന രീതിയിലാണ് പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള അവരുടെ കെട്ടിട നിര്‍മാണം. സ്‌കൂളിന്റെ നിര്‍മാണത്തിലും ബിബിന്‍ ധനേ അവലംബിച്ചത് ഈ രീതിയാണ്. അങ്ങനെ 2015 ല്‍ മജൂലിയിലെ കുളമു പ്രദേശത്ത് ഹമ്മിംഗ് ബേര്‍ഡ് സ്‌കൂള്‍ എന്ന പേരില്‍ ബിബിന്‍ ധനേയുടെ സ്വപ്നവിദ്യാലയം യാഥാര്‍ത്ഥ്യമായി.

സാധാരണ സ്‌കൂളുകളില്‍ പിന്തുടരുന്ന സിലബസിലായിരുന്നില്ല പഠനം. അത്യാവശ്യം എഴുതാനും വായിക്കാനും വേണ്ടതും ഭാഷാപ്രയോഗവും ഇവിടെ പഠിപ്പിക്കുന്നു. ബാക്കിയുള്ള സമയങ്ങളില്‍ മജുലി ഗോത്ര വിഭാഗങ്ങളുടെ തനത് കരകൗശലപ്രവര്‍ത്തനങ്ങള്‍, നെയ്ത്ത്, കെട്ടിട നിര്‍മാണം തുടങ്ങിയ അഭ്യസിപ്പിച്ചു. കരകൗശലവസ്തുക്കള്‍ നിര്‍മിച്ച് പട്ടണത്തില്‍ വിറ്റഴിച്ച് പണം നേടാനുള്ള വഴികളും പരിശീലിപ്പിച്ചു. തുടക്കത്തില്‍ ഗോത്രത്തിലെ സിംഹഭാഗവും ആളുകളും എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. സ്‌കൂളിന്റെ തുടക്കത്തില്‍ ആകെ 70 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടത് 240 ആയി വര്‍ധിച്ചു.

17 ഗ്രാമങ്ങളില്‍നിന്നായിട്ടാണ് ഈ കുട്ടികള്‍ പഠിക്കാനായി എത്തുന്നത്. കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു. അക്ഷരങ്ങളുടെ ലോകത്തേക്ക് ആദിവാസി കുട്ടികളെ വിജയകരമായി നടത്താനും, അവര്‍ക്ക് ഭാവിയില്‍ വരുമാനം നേടുവാന്‍ സഹായിക്കുന്ന രീതിയില്‍ ഒരു നൈപുണ്യ വികസനം നടത്താനും ബിബിന്റെ ഹമ്മിംഗ് ബേര്‍ഡ് സ്‌കൂളിന് സാധിച്ചു. അതോടെ, മകന്റെ പ്രവര്‍ത്തനത്തില്‍ അച്ഛനും അഭിമാനമായി.

ആയാങ് ട്രസ്റ്റ് ആരംഭിക്കുന്നു

എന്നാല്‍ കേവലം പഠനം കൊണ്ട് മാത്രം കാര്യമില്ല എന്ന് സാവധാനം ബിബിന്‍ മനസിലാക്കി. നിലവില്‍ അഞ്ചാം ക്‌ളാസ് വരെയുള്ള കുട്ടികള്‍ക്കാണ് പഠനസൗകര്യം നല്‍കുന്നത്. അതിനപ്പിറമുള്ളവര്‍ക്കും മികച്ച ഒരു ജീവിതത്തിനുള്ള അവസരമൊരുക്കണം എന്ന ചിന്തയില്‍ നിന്നുമാണ് 2017 ല്‍ ആയാങ് ട്രസ്റ്റ് ആരംഭിക്കുന്നത്. പിതാവിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്.

കൂടുതല്‍ മികച്ച കരകൗശ വസ്തുക്കളുടെ നിര്‍മാണം, ഉല്‍പ്പന്ന നിര്‍മാണം എന്നിവ ഈ പ്രദേശത്തെ ജനങ്ങളെ അഭ്യസിപ്പിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. മാത്രമല്ല, ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനുള്ള സഹായവും ആയാങ് ട്രസ്റ്റ് ചെയ്തു നല്‍കുന്നു. നെയ്ത്ത്ശാലകള്‍, മണ്‍പാത്ര നിര്‍മാണ യൂണിറ്റുകള്‍ എന്നിവയും ഇതോടനുബന്ധിച്ച് ആരംഭിച്ചിരിക്കുന്നു.

മികച്ച കര്‍ഷകര്‍ ഉണ്ടാകേണ്ടത് നാടിന്റെ അനിവാര്യതയാണ് എന്ന് മനസിലാക്കി കുട്ടികളുടെ കരിക്കുലത്തില്‍ കൃഷിപാഠം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. പഠനത്തോടൊപ്പം കൃഷി ചെയ്ത് മികച്ച വരുമാനം കണ്ടെത്താനും ഇന്ന് ഹമ്മിംഗ് ബേര്‍ഡിലെ കുട്ടികള്‍ക്ക് സാധിക്കുന്നു. നിലവില്‍ അഞ്ചാം ക്‌ളാസ് വരെയാണ് ഇവിടെ പഠനം. തുടര്‍ന്നുള്ള ക്‌ളാസുകളിലേക്കും പഠനം കൊണ്ടുവരണമെന്നാണ് ബിബിന്റെ ആഗ്രഹം. 20 സ്റ്റാഫുകളാണ് ഹമ്മിംഗ് ബേര്‍ഡില്‍ ഉള്ളത്.

ഇതില്‍ പകുതിയാളുകളും മജുലി പ്രദേശത്തുള്ളവര്‍ തന്നെയാണ്. പ്രകൃതിയോട് ഏറ്റവും ഇണങ്ങിയുള്ള വികസനമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കളിയും ചിരിയും വിനോദവും കൂടെ പഠനവുമായി ആസാമിലെ ഈ കുഞ്ഞുങ്ങള്‍ നിറമുള്ള സ്വപ്നങ്ങള്‍ കാണുകയാണ്. നല്ല ഭാവിയിലേക്ക് അവരെ കൈപിടിച്ചെത്തിക്കാന്‍ നല്ല അധ്യാപകനായി ബിബിന്‍ ധനേയും ഉണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്

Startup

രാജ്യത്ത് നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ലാന്‍സ്റ്റിറ്റിയൂട്ടിന് മാത്രമാണ് ഈ പരിപാടിയിലേക്ക് ഇടം പിടിക്കാനായത്

News

2023 മാര്‍ച്ചില്‍ ആരംഭിച്ച കാമ്പ ഇതിനകം മാര്‍ക്കറ്റില്‍ ഇടം നേടി കഴിഞ്ഞു

Stock Market

മികച്ച ലാഭവിഹിതം നല്‍കുന്നു എന്നതാണ് ഡിവിഡന്റ് ഓഹരികളെ ശ്രദ്ധേയമാക്കുന്നത്. സ്ഥിരമായ ലാഭവിഹിതം ലക്ഷ്യമിട്ട് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കാം