കോഴിക്കോട് എത്തിയാല്‍ മില്‍ക്ക് സര്‍ബത്ത് കുടിക്കാതെ എങ്ങനെ മടങ്ങും? കോഴിക്കോട് എന്നാല്‍ ഭക്ഷണപ്രിയര്‍ക്ക് ബിരിയാണിയും മില്‍ക്ക് സര്‍ബത്തുമാണ്. നന്നാരിയും പാലും സമം ചേര്‍ത്ത് കോഴിക്കോട്ടുകാരുടെ സ്‌നേഹവും കൂടി സമം ചേര്‍ത്തുണ്ടാക്കുന്ന മില്‍ക്ക് സര്ബത്തിന്റെ പെരുമ കേരളത്തിനകത്തും പുറത്തും ഒരു പോലെ വ്യാപിച്ചിട്ട് അഞ്ചു പതിറ്റാണ്ടിനടുത്തായി.

യദാര്‍ത്ഥ മില്‍ക്ക് സര്‍ബത്തിന്റെ രുചിയും പെരുമയും അറിയണമെങ്കില്‍ കോഴിക്കോട് പാരഗണില്‍ പോയി രുചിയുള്ള ഒരു ബിരിയാണി കഴിച്ച ശേഷം, എതിര്‍ വശത്തായുള്ള സര്‍ബത്ത് കടയില്‍ നിന്നും മില്‍ക്ക് സര്‍ബത്ത് ഒന്ന് കുടിക്കണം. കഴിഞ്ഞ 45 വര്‍ഷങ്ങളായി മില്‍ക്ക് സര്‍ബത്തിന്റെ രുചിയില്‍ ഉപഭോക്താക്കളെ പിടിച്ചിരുത്തുകയാണ് കടയുടമയായ മുരളീധരന്‍.
ഇദ്ദേഹത്തെപ്പോലെ നിരവധിയാളുകളുണ്ട് കോഴിക്കോട് നഗരത്തില്‍. മില്‍ക്ക് സര്‍ബത്ത്, നാരങ്ങാ സര്‍ബത്ത്, സോഡാ സര്‍ബത്ത് എന്നിങ്ങനെ മൂന്നിനം സര്ബത്തുകളാണ് കോഴിക്കോട്ടങ്ങാടിയില്‍ വില്‍ക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് മില്‍ക്ക് സര്‍ബത്ത് തന്നെയാണ്. നല്ല തണുത്തപാലില്‍ നന്നാരിയൊഴിച്ച് അടിച്ചെടുക്കുന്ന മില്‍ക്ക് സര്‍ബത്ത് കേവലം ദാഹം ശമിപ്പിക്കുന്ന ഒരു പാനീയത്തിനപ്പുറം ഒരു നാടിന്റെ നൊസ്റ്റാള്‍ജിയ കൂടിയാണ്. 20 രൂപയാണ് ഒരു ഗ്‌ളാസ് മില്‍ക്ക് സര്‍ബത്തിനായി ഈടാക്കുന്നത്. കോഴിക്കോടിന്റെ ട്രേഡ് മാര്‍ക്ക് പാനീയമായതുകൊണ്ട് തന്നെ നഗരത്തില്‍ എവിടെ ചെന്നാലും ഇതിന് ഒരേ വില തന്നെയാണ് ഈടാക്കുന്നത്.
എടുത്തു പറയത്തക്ക അമിതലാഭം ലഭിക്കുന്ന ഒന്നല്ല മില്‍ക്ക് സര്‍ബത്ത് നിര്‍മാണം. വളരെ ചുരുങ്ങിയ തുക മാത്രമാണ് ലാഭം. പാലിനും നന്നാരിക്കുമൊക്കെയായി നല്ലൊരു തുക ചെലവാകും. എന്നുകരുതി കച്ചവടം നഷ്ടമാണ് എന്ന് പറയാനും പറ്റില്ല. അതിനാല്‍ തന്നെയാണ് കോഴിക്കോട്ടെ ചെറുകിട കച്ചവടക്കാര്‍ മില്‍ക്ക് സര്‍ബത്ത് നിര്‍മാണം ഇപ്പോഴും തുടരുന്നത്. എന്നാല്‍ കോഴിക്കോട് മില്‍ക്ക് സര്‍ബത്തിനു 20 രൂപയാണ് വില എന്ന് കരുതി കേരളത്തില്‍ എല്ലായിടത്തും അതാണ് അവസ്ഥ എന്ന് കരുതണ്ട. 50 രൂപ വരെ മില്‍ക്ക്‌സര്‍ബത്തിനായി കൊച്ചിയിലെ ചില കടകള്‍ ഈടാക്കുന്നുണ്ട്.

