സംസ്ഥാന വ്യവസായവകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം. പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ‘ഇന്നവേഷന്‍ ഇന്‍ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന അംഗീകാരമാണ് സംരംഭക വര്‍ഷം പദ്ധതിക്ക് നല്‍കിയത്.
സൊസെറ്റിയുടെ 87 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു പദ്ധതി അംഗീകരിക്കപ്പെടുന്നത്. 2025 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ വാഷിംഗ്ടണില്‍ നടക്കുന്ന സൊസെറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പദ്ധതിയെക്കുറിച്ച് അവതരണം നടത്തുന്നതിന് വ്യവസായ മന്ത്രി പി.രാജീവിനെ ക്ഷണിച്ചു.
സംരംഭക വര്‍ഷം പദ്ധതിയെക്കുറിച്ച് ഇന്‍ഡോര്‍ ഐ.ഐ.എം നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുന്നതിനായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഐഐഎം ഇന്‍ഡോര്‍ ഡയറക്ടര്‍ ഹിമാന്‍ഷു റോയി ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ പൊതുഭരണ വിദഗ്ധര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അന്താരാഷ്ട്ര വേദിയാണ് എസ്പിഎ വാര്‍ഷിക സമ്മേളനമെന്ന് ഹിമാന്‍ഷു റോയി പറഞ്ഞു. പല രാജ്യങ്ങളുടെയും നയരൂപീകരണത്തെ പോലും ഇതിലെ ചര്‍ച്ചകള്‍ സ്വാധീനിക്കും. ഇത്തരമൊരു വേദിയില്‍ കേരളത്തിന്റെ നേട്ടം അവതരിപ്പിക്കാനാവുന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ 150 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തിന്റെ അഭിമാന പദ്ധതി അവതരിപ്പിക്കപ്പെടും.
സംരംഭക വര്‍ഷത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനും അത് വഴി ഏഴ് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തില്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ മാനേജ്മന്റ് ആന്‍ഡ് ഡെവലപ്മന്റ് നടത്തിയ പഠന റിപ്പോര്‍ട്ടും സര്‍ക്കാരിന് കൈമാറി.
കൂടൂതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ നിക്ഷേപം കൊണ്ടു വരുന്നതിനും ഈ റിപ്പോര്‍ട്ട് സര്‍ക്കാരിനെ സഹായിക്കുമെന്ന് പി രാജീവ് പറഞ്ഞു. സര്‍ക്കാരിന് പുറത്തുള്ള സ്വതന്ത്ര ഏജന്‍സികള്‍ വഴിയുള്ള പഠന റിപ്പോര്‍ട്ടുകള്‍ വലിയ അവസരമാണ് നല്‍കുന്നത്. കുറവുകള്‍ കണ്ടെത്താനും അത് സമയബന്ധിതമായി പരിഹരിക്കാനും ഇത്തരം പഠനങ്ങള്‍ സഹായിക്കും. ഈ റിപ്പോര്‍ട്ടിലുള്ള ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
അതിയശോക്തിക്കപ്പുറത്തേക്കുള്ള യാഥാര്‍ത്ഥ്യമാണ് കേരളത്തിന്റെ സംരംഭക വര്‍ഷ നേട്ടമെന്ന് ഹിമാന്‍ഷു റോയി പറഞ്ഞു. കൊവിഡിന് മുമ്പ് സൂക്ഷ്മ ചെറുകിട-സംരംഭങ്ങളോട് ബാങ്കുകളുടെ സമീപനം അഭികാമ്യമായിരുന്നില്ലെന്ന് പഠനത്തോട് പ്രതികരിച്ച 79 ശതമാനം സംരംഭകരും പറഞ്ഞിരുന്നു. എന്നാല്‍ സംരംഭക വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷം 94 ശതമാനം പേരും ബാങ്കുകള്‍ മികച്ച പിന്തുണ നല്‍കിയെന്ന് സാക്ഷ്യപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ധനനയത്തില്‍ 91 ശതമാനം സംരംഭകര്‍ സംതൃപ്തി രേഖപ്പെടുത്തി. സബ്‌സിഡി, വായ്പയ്ക്കുള്ള സഹായം, പരിശീലനം, വിപണനം എന്നിവയ്ക്കുള്ള പിന്തുണ, പാരിസ്ഥിതിക-ആരോഗ്യ മാനദണ്ഡങ്ങളിലെ ശക്തമായ പ്രതിബദ്ധത എന്നിവയില്‍ 92 ശതമാനം സംരംഭകരും തൃപ്തരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

