കൃഷിയെ ലാഭകരമാക്കുന്നതിനുള്ള വ്യക്തമായ ഒരു പദ്ധതിയില്ലാത്തതാണ് പലപ്പോഴും കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചത്. ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതിനായി മണ്ണുമാറ്റാല്‍, പുകയിടല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഭൂമിയുടെ അളവനുസരിച്ച് ഇതിനുള്ള ചെലവും വര്‍ധിക്കുന്നു. എന്നിരുന്നാലും ലഭിക്കുന്ന വിളവിന്റെ കാര്യത്തില്‍ ഒരു ഉറപ്പ് പറയാനാവില്ല. വിളവ് വര്‍ധിപ്പിക്കുന്നതിനായി രാസവളപ്രയോഗമാണ് പൊതുവെ ചെയ്തു വരുന്നത്. ഇത് ചെലവേറിയതും ഹാനികരവുമാണ്. ഇന്ന് രാസവളങ്ങള്‍ പ്രയോഗിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറവാണ്. ഈ അവസ്ഥയിലാണ് പല കര്‍ഷകരും കൃഷി എന്നെന്നേക്കുമായി ഉപേക്ഷിച്ച് മറ്റു ജോലികള്‍ തേടിപ്പോകുന്നത്. കേരളത്തിലും സംഭവിച്ചത് ഇത് തന്നെയാണ്.
രാജ്യത്തെ പലസംസ്ഥാനങ്ങളിലും ഈ അവസ്ഥ വരികയും കാര്‍ഷികമേഖലക്ക് തിരിച്ചടി നേരിട്ടുതുടങ്ങുകയും ചെയ്തപ്പോഴാണ് മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ സുഭാഷ് പലേക്കര്‍ എന്ന ജൈവകര്‍ഷകന്‍ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് അഥവാ ചെലവില്ലാ കൃഷി എന്ന രീതി അവതരിപ്പിച്ചത്.
മണ്ണ്, വിത്ത്, കൃഷിക്കാരന്റെ അധ്വാനം, ഒരു നാടന്‍ പശു തുടങ്ങിയ നാല് ഘടകങ്ങള്‍ മാത്രമുണ്ടെങ്കില്‍ അമിതചെലവുകള്‍ ഒന്നുമില്ലാതെ വിജയകരമായി ജൈവകൃഷി നടത്താമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തലിന് വളരെ വേഗത്തിലാണ് പ്രചാരം ലഭിച്ചത്. തന്റെ കൃഷിഭൂമിയിലെ വിളവ് കൊണ്ട് തന്റെ നിരീക്ഷണത്തെ സാധൂകരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ മഹാരാഷ്ട്രയിലെ വയലുകളിലും പച്ചക്കറിത്തോട്ടങ്ങളിലും പരീക്ഷിച്ച രീതി വിജയനിരക്ക് കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് അഥവാ പ്രകൃതിയോട് ഇണങ്ങിയ കൃഷി
സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് എന്നത്‌കൊണ്ട് സുഭാഷ് പലേക്കര്‍ അര്‍ത്ഥമാക്കുന്നത് പ്രകൃതിയില്‍ നിന്നും ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രകൃതിക്ക് ഹാനികരമല്ലാത്ത ചെയ്യുന്ന കൃഷി എന്നാണ്. പലേക്കറുടെ തിയറി പ്രകാരം ഒരു നാടന്‍ പശുവില്‍ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യാന്‍ സാധിക്കും. നാടന്‍പശുക്കള്‍ നാടുനീങ്ങിത്തുടങ്ങിയ ഈ അവസ്ഥയില്‍ നാടന്‍ പശുക്കളുടെ പരിപാലനവും കൂടിയാണ് അര്‍ത്ഥമാക്കുന്നത്.
തുടക്കത്തില്‍ ഇത് അസാധ്യമായ കാര്യമാണ് എന്ന് പറഞ്ഞു നിരവധി കര്‍ഷകര്‍ എതിര്‍പ്പുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ തന്റെ കൃഷിഭൂമിയിലെ വിളവ് കാണിച്ച് ഈ പ്രശ്‌നത്തെ നേരിടുകയാണ് പലേക്കര്‍ ചെയ്തത്. ഗോമൂത്രത്തില്‍ ചാണകത്തില്‍ നിന്നും വികസിപ്പിച്ചെടുക്കുന്ന ജീവാമൃതം എന്ന ജൈവവളത്തിന്റെ സഹായത്തോടെയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് നടപ്പാക്കുന്നത്.
സസ്യങ്ങള്‍ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ വലിച്ചെടുക്കുന്നത് കോടാനുകോടി സൂക്ഷ്മണുക്കളുടെ സഹായത്താലാണ്. നാടന്‍ പശുക്കളുടെ ചാണകത്തില്‍ മാത്രമാണ് ഏറ്റവും കൂടിയ അളവില്‍ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നത്.ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.
നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ അഞ്ഞൂറു കോടിവരെ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നു എന്ന് പലേക്കര്‍ വ്യക്തമാക്കുന്നു. അതെ സമയം സങ്കരയിനം പശുക്കളുടെ ഒരു ഗ്രാം ചാണകത്തില്‍ വെറും എഴുപതു ലക്ഷം സൂക്ഷ്മാണുക്കള്‍ മാത്രമാണുള്ളത്. ഇതിനാലാണ് നാടന്‍പശു കര്‍ഷകരുടെ മിത്രമാകുന്നത്. എന്നാല്‍ നടന്‍ പശുവിന്റെ ലഭ്യത ഇന്ന് വലിയൊരു പ്രശനമാണ്. നാടന്‍ പശുവിന്റെ മൂത്രം ചെടികളെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്.
ഇന്ന് പൊതുവെ ഉപയോഗിക്കപ്പെടുന്ന ഏതൊരു കീടനാശിനിയെക്കാളും ഫലപ്രദമാണ് ഇത്. എന്നാല്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ചാണകം ഏറ്റവും പുതിയതും മൂത്രം ഏറ്റവും പഴയതും ആയിരിക്കണം.ഒരു നാടന്‍ പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് ഒരു ഗ്രാം പോലും വളമോ കീടനാശിനികളോ പുറമേ നിന്നു വാങ്ങേണ്ടതായി വരില്ല എന്ന പലേക്കറുടെ ഉറപ്പിന്മേലാണ് പല കര്‍ഷകരും സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിലേക്ക് തിരിഞ്ഞത്. വളം വാങ്ങുന്നതിനുള്ള ചെലവ് ലഭിക്കുമ്പോള്‍ തന്നെ കൃഷി ചെലവില്ലാത്തതായി മാറുന്നു.

