പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബെസ്റ്റ് സെല്ലറായി മാറിയിരിക്കുകയാണ് ജോയ് ആലുക്കാസിന്റെ ആത്മകഥയായ ‘സ്‌പ്രെഡിംഗ് ജോയ്’. പിതാവില്‍ നിന്നും പഠിച്ച ബിസിനസ് പാഠങ്ങളും അനുഭവങ്ങളും വരുംതലമുറയിലേക്ക് പകരാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്ന് ജോയ് ആലുക്കാസ്

ദേശീയതലത്തില്‍ ശ്രദ്ധ നേടുകയാണ് ജോയ് ആലുക്കാസിന്റെ ആത്മകഥയായ സ്‌പ്രെഡിംഗ് ജോയ്. പുസ്തകം ഇതിനോടകം നാഷണല്‍ ബെസ്റ്റ് സെല്ലറായി മാറി. ആമസോണില്‍ 13,000ത്തിലധികം കോപ്പികള്‍ വിറ്റുപോയ പുസ്തകത്തിന് ആവശ്യക്കാര്‍ ഏറുകയാണ്. മലയാളം പതിപ്പിന് പുറമേ, തമിഴ് തെലുങ്ക്, കന്നട പതിപ്പുകളും പുറത്തിറങ്ങുകയാണ്.
ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് പിതാവില്‍ നിന്നാണെന്നും അത് വരും തലമുറയിലേക്കു പകരണമെന്നാണ് ആഗ്രഹമെന്നും അതാണ് ആത്മകഥയിലൂടെ ഉദ്ദേശിച്ചതെന്നും ജോയ് ആലുക്കാസ് പറയുന്നു. പുസ്തകത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ സായാഹ്നസംഗമം സംഘടിപ്പിച്ചിരുന്നു. ജോയ് ആലുക്കാസിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പ്രമുഖര്‍ വേദിയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

കേരളത്തിലും ഗള്‍ഫിലുമെല്ലാം ബിസിനസിന്റെ ഭാഗമായി ഉണ്ടായ വ്യക്തിപരവും സംരംഭകപരവുമായ പച്ചയായ അനുഭവങ്ങളാണ് പുസ്തകത്തിലെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള പബ്ലിക്കേഷന്‍ കമ്പനിയായ ഹാര്‍പര്‍ കോളിന്‍സാണ് ‘സ്‌പ്രെഡിംഗ് ജോയ്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാര്‍പര്‍ കോളിന്‍സ് അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഏറ്റവുമധികം വിറ്റുപോയത് സ്‌പ്രെഡിംഗ് ജോയ് ആണെന്ന് കമ്പനിയുടെ അസോസിയേറ്റ് പബ്ലിഷര്‍ സച്ചിന്‍ ശര്‍മ പറഞ്ഞു. പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനുമായ ജോയ് ആലുക്കാസിന്റെ ജീവിതം സമഗ്രമായി പറയുന്നു എന്നതാണ് ‘സ്‌പ്രെഡിംഗ് ജോയ്-ഹൗ ജോയ് ആലുക്കാസ് ബിക്കേം ദി വേള്‍ഡ്‌സ് ഫേവറിറ്റ് ജൂവലര്‍’ എന്ന ആത്മകഥ. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലായിരുന്നു പ്രകാശനം. ജോയ് ആലുക്കാസിന്റെ സംഭവബഹുലമായ സംരംഭകത്വ ജീവിതവും നേതൃപാടവവുമെല്ലാം പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരു ബ്രാന്‍ഡിനെ സൃഷ്ടിച്ച് ആഗോളതലത്തില്‍ പ്രശസ്തമാക്കുന്ന തരത്തില്‍ വളര്‍ത്തിയ പ്രചോദനാത്മകമായ ജീവിതം വായിച്ചെടുക്കാന്‍ സാധിക്കുന്നു പുസ്തകത്തില്‍.
സംരംഭകരംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ പ്രചോദനം നല്‍കുന്ന ഉള്‍ക്കാഴ്ച്ചകളാണ് പുസ്തകത്തിലുടനീളം പ്രതിപാദിക്കുന്നത്. 1956ലാണ് പിതാവ് ആലുക്ക ജോസഫ് വര്‍ഗീസ് ജൂവല്‍റി സംരംഭത്തിന് തുടക്കമിടുന്നത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജൂവല്‍റി റീട്ടെയില്‍ ശൃംഖലയായുള്ള അതിന്റെ വളര്‍ച്ച ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ലെന്ന് ജോയ് ആലുക്കാസ് പറയുന്നു.
വര്‍ഷങ്ങളായി ഉപഭോക്താക്കളില്‍ നിന്നും ബിസിനസ് സഹകാരികളില്‍ നിന്നും ലഭിച്ച തുടര്‍ച്ചയായ പിന്തുണയും വിശ്വാസവും അംഗീകാരവുമാണ് ഈ വിജയഗാഥയ്ക്ക് പിന്നില്‍. ഞാന്‍ അഭിമുഖീകരിച്ച പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും കഥകളും അചഞ്ചലമായ സ്ഥിരതയോടും സ്ഥിരോല്‍സാഹത്തോടും കൂടി ഞങ്ങള്‍ കൊയ്ത വിജയവും വളര്‍ച്ചയുമെല്ലാം വിശദമായി പുസ്തകത്തിലുണ്ട്. എന്റെ പിതാവിനാണ് പുസ്തകം ഞാന്‍ സമര്‍പ്പിക്കുന്നത്-അദ്ദേഹം വ്യക്തമാക്കുന്നു.

