സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, അതിന്റെ ഏറ്റവും സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമായ ഘടകമാണ് പോസിറ്റിവിറ്റി. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും ആത്മവിശ്വാസവും തൊഴിലാളിക്ക് നല്‍കുക. പ്രെഷര്‍ അല്ല പിന്തുണയാണ് അനിവാര്യമായ കാര്യം. സ്ഥാപനം തന്റേതുകൂടിയാണ് എന്ന ചിന്ത തൊഴിലാളികളില്‍ ഉണ്ടാക്കിയെടുക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം.
അങ്ങനെ വരുമ്പോള്‍ ജോലി കൃത്യമായി തീര്‍ക്കേണ്ടത് തന്റെ കൂടി ചുമതലയാണ് എന്ന ചിന്ത സ്വമേധയാ തൊഴിലാളികളില്‍ വരുന്നു. ഇത് സ്ഥാപനത്തിന്റെ തൊഴില്‍ അന്തരീക്ഷത്തില്‍ കൂടുതല്‍ മികവ് കൊണ്ട് വരുന്നതിന് സഹായിക്കുന്നു. അനിവാര്യമെങ്കില്‍ ഇടക്കിടക്ക് പോസറ്റീവ് ടോക്കുകള്‍ നടത്തുക, അത്തരം ആശയം പ്രചരിക്കപ്പിക്കുന്ന വീഡിയോകള്‍, സന്ദേശങ്ങള്‍ എന്നിവ പങ്കുവയ്ക്കുകയൊക്കെയാവാം.
കാര്യം തൊഴിലാളികള്‍ തന്നെയാണ്, അവര്‍ തൊഴില്‍ ചെയ്യുന്നത് അവരുടെ വരുമാനത്തിന് വേണ്ടിയാണ്. മാത്രമല്ല അതിനു കൃത്യം വേതനം നല്‍കുന്നുമുണ്ട്. എന്നിരുന്നാലും അവര്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിക്കും സ്ഥാപനം അവരോട് നന്ദി രേഖപ്പെടുത്താന്‍ മറക്കരുത്. പ്രത്യേകിച്ച് വ്യക്തിഗമായ ശ്രദ്ധയും കഴിവും അനിവാര്യമായി വരുന്ന കാര്യങ്ങളില്‍ അവരോട് നന്ദി രേഖപ്പെടുത്തുന്നതിന് യാതൊരുവിധ അലംഭാവവും കാണിക്കരുത്.
ഇത്തരത്തില്‍ ചെയ്യുന്നത് വളരെ ചെറിയ കാര്യമാണ് എന്ന് തോന്നുമെങ്കിലും അത് സ്ഥാപനത്തിലും തൊഴിലാളികളിലും ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. തന്‍ ജോലി ചെയ്യുന്ന സ്ഥാപനം, തന്റെ കഴിവുകളെ അംഗീകരിച്ചു തരുന്നു എന്നും എപ്പോഴും സ്ഥാപനം തനിക്കൊപ്പം ഉണ്ടാകും എന്നുമുള്ള തോന്നല്‍ തൊഴിലാളികളില്‍ ഉടലെടുക്കുന്നു. ഇത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കുന്നു. അതിനാല്‍ നന്ദി പറയാന്‍ ഉപേക്ഷ വിചാരിക്കേണ്ടതില്ല.
സന്തോഷം പരക്കട്ടെ
ഓഫീസിനുള്ളില്‍ എന്നും സന്തോഷം നിറഞ്ഞ അന്തരീക്ഷമാണെങ്കില്‍ സ്ഥാപനത്തിന്റെ വിജയത്തിന് മറ്റൊന്നും വേണ്ട. സംരംഭകന്‍ സ്വയം ശ്രദ്ധിക്കേണ്ട കാര്യമാണിത്. നിങ്ങളുടെ സ്ഥാപനത്തിലേക്ക് തൊഴിലാളികള്‍ സന്തോഷത്തോടെയാണോ വരുന്നത് എന്ന് വിലയിരുത്തുക. ഒപ്പം അവധി ദിനം വരുന്നതിനായി തൊഴിലാളികള്‍ അക്ഷമരായി കത്തിക്കാറുണ്ടോ എന്ന് നോക്കുക. അങ്ങനെ കാത്തിരിക്കുന്നുണ്ടെങ്കില്‍ സംരംഭകന്‍ എന്ന നിലയില്‍ നിങ്ങള്‍ പരാജയം സമ്മതിക്കേണ്ടതായി വരും.
വീട്ടില്‍ നിന്നും ഏറെ ഉത്സാഹത്തോടെ ഓഫീസില്‍ എത്തുകയും ഏറെ ആര്‍ജവത്തോടെ ഓഫീസില്‍ ജോലി ചെയ്യുകയും ചെയ്യുന്ന തൊഴിലാളികള്‍ ഒരു സ്ഥാപനത്തിന്റെ സ്വത്താണ്. എന്നാല്‍ ഇത്തരം തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്. തൊഴിലാളികളുടെ നേട്ടങ്ങള്‍, ജന്മദിനങ്ങള്‍ എന്നിവ ആഘോഷിക്കുന്നതിലൂടെ വ്യക്തികള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നു. അത് കൂടുതല്‍ മികച്ച ഫലം ചെയ്യും.
മോട്ടിവേഷന്‍ നല്‍കുക
ടെസ്റ്റില്‍ മികസിച്ച സ്‌കോര്‍ നേടിയതുകൊണ്ടോ, അഭിമുഖ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ടോ മാത്രം ഒരു വ്യക്തി മികച്ച തൊഴിലാളിയാകുന്നില്ല. പരിചയസമ്പത്ത്, സ്മാര്‍ട്ട് വര്‍ക്ക് ചെയ്യുന്നതിനുള്ള കഴിവ്, സമചിത്തതയോടെ ആശയങ്ങളെ കൈകാര്യം ചെയ്യാനുള്ള പക്വത തുടങ്ങി നിരവധി ഘടകങ്ങള്‍ ഒരു വ്യക്തിയുടെ ജോലിയിലെ മികച്ച പ്രകടനത്തെ സ്വാധീനിക്കുന്നു.
അതിനാല്‍ ജോലിയില്‍ പ്രവേശിച്ച അന്ന് മുതല്‍ ഒരു വ്യക്തി മികച്ച പ്രകടനം കാഴ്ചവെക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. ആദ്യ നാളുകളിലെ പ്രകടനം വിലയിരുത്തി ഒരു വ്യക്തിയെ തള്ളിക്കളയാനും ആവില്ല. അതിനാല്‍ മോട്ടിവേഷന്‍ അനിവാര്യമായി വരുന്ന ഘട്ടങ്ങളില്‍ അത് നല്‍കുക. പ്രശസ്തരായ മോട്ടിവേഷണല്‍ സ്പീക്കര്‍മാരുടെ ക്‌ളാസുകള്‍ ഇതിനു സാഹയിക്കും. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇത്തരത്തിലുള്ള ക്‌ളാസുകള്‍ നല്‍കുന്നത് തൊഴിലാളികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

