ഒരു വ്യക്തിയെ സാമൂഹികമായ ജീവിതത്തില്‍ നിന്നും വിജയത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകമാണ് സോഷ്യല്‍ ഫോബിയ. ഒരു കാര്യവും ഇല്ലാതെ സമൂഹത്തോട് ഒരു ഭയം തോന്നുന്ന അവസ്ഥയാണ് ഇത്. ഒരു സംരംഭകന്‍ സംബന്ധിച്ചിടത്തോളം തീര്‍ത്തും അനാവശ്യമായ ഒരു കാര്യമാണിത്. കുറേ ആളുകളെ കാണുമ്പോള്‍ പേടി തോന്നുക അല്ലെങ്കില്‍ ആളുകളോട് ഇടപഴകാന്‍ ഭയം തോന്നുക ഇവയെല്ലാം സോഷ്യല്‍ ഫോബിയയുടെ സൂചനകളാണ്.സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നതില്‍ നിന്നും ഒരു വ്യക്തിയെ പിന്തിരിപ്പിക്കുന്ന ഘടകമാണിത്. മാനസികമായ ഒരു പ്രശ്നമാണിത്. എന്നാല്‍ ഒരു വ്യക്തി സ്വയം മനസുവച്ചാല്‍ ഇത് മറികടക്കാന്‍ സാധിക്കും.
സോഷ്യല്‍ ഫോബിയ ഉണ്ടാകുന്നത് നമുക്ക് മുന്‍പുണ്ടായ അനുഭവത്തിന്റെ ഭാഗമായിട്ടാണ്. പക്ഷേ നമ്മള്‍ തിരിച്ചറിയേണ്ട കാര്യം എന്നുപറയുന്നത്, ഇങ്ങനെ ഒരു ഭയം എല്ലാവരിലും ചെറിയ തോതിലെങ്കിലും ഉണ്ടെന്നുള്ളതാണ്. ഒരു പുതിയ സാഹചര്യം അല്ലെങ്കില്‍ വ്യത്യസ്ത സാഹചര്യം, പുതിയ ആളുകള്‍ എന്നീ സന്ദര്‍ഭങ്ങളിലെല്ലാം ചെറിയ തോതിലെങ്കിലും എല്ലാവര്‍ക്കും തോന്നുന്ന ഒന്നാണ് ഇത്. ആളുകളെല്ലാം നമ്മളെ ശ്രദ്ധിക്കുകയാണ് എന്ന ധാരണയാണ് പ്രധാന കാരണം. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിജീവിക്കുന്നതിനുള്ള കഴിവ് സ്വയം വളര്‍ത്തിയെടുക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും അനിവാര്യം. സോഷ്യല്‍ ഫോബിയയെ മറികടക്കാന്‍ താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ സഹായിക്കും.
1. ചിന്തകളെ ശക്തിപ്പെടുത്തുക
പുതിയ വ്യക്തികളെ, സാഹചര്യങ്ങളെ കാണേണ്ടി വരുമ്പോള്‍ മനസ്സില്‍ നെഗറ്റിവിറ്റി വര്‍ധിക്കുന്നു. ഇത് അകറ്റുക എന്നതാണ് ആദ്യപടി. മനസിനെ പോസിറ്റിവ് ചിന്തകള്‍ കൊണ്ട് നിറയ്ക്കുക.പുതിയ ആളുകളെ കാണുമ്പോള്‍ അല്ലെങ്കില്‍ പുതിയ സാഹചര്യത്തില്‍ വരുമ്പോള്‍ ഞാന്‍ ഇങ്ങനെയാണോ ചിന്തിക്കേണ്ടത്? പ്രസ്തുത സാഹചര്യത്തെ അതിജീവിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് സ്വയം വിശകലനം ചെയ്യുക. ഒരു സമൂഹത്തെ അടുത്തറിയുന്നത് മാനസികമായോ, ശാരീരികമായോ യാതൊരുവിധ പ്രശ്‌നനങ്ങളും ഉണ്ടാക്കുന്നില്ല എന്ന് മനസിലാക്കുക. ഭയം അനാവശ്യമായ ഒന്നാണെന്ന് തിരിച്ചറിയുക. ഭയത്തെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ തന്നെ വിജയം എളുപ്പമാകും.
2. ടെന്‍ഷന്‍ മറികടക്കുക
വലിയൊരു സമൂഹത്തെ കാണേണ്ടി വരുമ്പോള്‍ അമിതമായ ഉത്കണ്ഠ, ടെന്‍ഷന്‍ എന്നിവ വരുന്നതാണ് നിങ്ങളുടെ പ്രശ്‌നം. അത് മാറ്റിയെടുക്കുക. അതിനായി ചില വ്യായാമ മുറകള്‍ പരിശീലിക്കുക.കുറേ ആളുകളെ അഭിമുഖീകരിക്കേണ്ട സാഹചര്യത്തില്‍ നന്നായി ദീര്‍ഘോഛ്വാസമെടുക്കുക. ഇത് നല്ല ഒരു റിലാക്‌സേഷനു കാരണമാകും. ഇനിയും മനസ്സില്‍ ചിന്തകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഒന്ന് മുതല്‍ പത്ത് വരെയും തിരിച്ചും എണ്ണുക. വളരെ മികച്ചൊരു റിലാക്‌സേഷന്‍ പ്രാക്ടീസ് ആണ് ഇത്.
3. ഭയത്തോട് പൊരുത്തപ്പെടുക
അകാരണമായ ഭയത്തെ പൊരുതി തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല എങ്കില്‍ ആ ഭയത്തോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോകുക. നമുക്ക് പേടി തോന്നുന്ന സാഹചര്യങ്ങളില്‍ അതുമായി വളരെ സാവധാനത്തില്‍ പൊരുത്തപ്പെടുക. ഭയവുമായി പൊരുത്തപ്പെടാന്‍ സ്വയം തയ്യാറാകുക. വ്യക്തികളെ ആളാണ് ഭയമെങ്കില്‍ ഓരോ യാത്രയിലും ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുക. അവരുമായി സംസാരിക്കാനുള്ള അവസരം ഒരുക്കുക. ആരോട് സംസാരിക്കുമ്പോഴും അയാളുടെ മുഖത്ത് നോക്കി, കണ്ണുകളില്‍ നോക്കിയേ സംസാരിക്കുക. ഇതാണ് സോഷ്യല്‍ ഫോബിയയെ മറികടക്കുന്നതിനുള്ള ഏറ്റവും മികച്ച വഴി.

