അനാവശ്യ ആശങ്കകള്‍ ഒരു മനുഷ്യനെ ഇല്ലാത്തയാക്കുന്നു.അത് വര്‍ത്തമാനകാലത്തെ അസ്ഥിരമാക്കുന്നു. ഭാവിയില്‍ നടക്കാന്‍ പോകുന്ന ഒരു സംഭവം നെഗറ്റീവായി സംഭവിച്ചാലോ എന്ന് ചിന്തിക്കുമ്പോഴാണ് ആശങ്ക ഉണ്ടാകുന്നത്. പ്രയോജനരഹിതമായ ഈ അവസ്ഥയെ മറികടക്കുന്നതാണ് ഇന്നിന്റെ അനിവാര്യത. ഭാവി എന്താകും? സാമ്പത്തികമായ പ്രാരാബ്ധങ്ങള്‍ എങ്ങനെ മറികടക്കും? ഈ അവസ്ഥ എത്ര നാള്‍ നീണ്ടു നില്‍ക്കും? തുടങ്ങി നിരവധി ചിന്തകള്‍ സംരംഭകരെ അലട്ടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു വ്യക്തിയെ കൂടുതല്‍ നെഗറ്റിവ് ആക്കുന്ന ഈ ചിന്തകള്‍ കൊണ്ട് യാതൊരു കാര്യവുമില്ല. ഇത് നിങ്ങളെ കൂടുതല്‍ ബലഹീനനാക്കുന്നു. അതിനാല്‍ ഇത്തരം ആശങ്കകളെ അകറ്റി നിര്‍ത്തുക എന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവും ഫലപ്രദമായ കാര്യം. ഇത്തരം ആശങ്കള്‍ മറികടക്കാന്‍ നാല് വഴികള്‍ പിന്തുടരാം.
1. ചിന്തകള്‍ക്ക് കടിഞ്ഞാണിടുക
ഭാവിയില്‍ നടക്കാന്‍ പോകുന്ന സംഭവങ്ങളുടെ നെഗറ്റീവ് വശങ്ങളെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ടാക്കുന്നതിന് പകരം, നടക്കാന്‍ പോകുന്ന സംഭവങ്ങളെ പ്രതീക്ഷയോടെ നോക്കികാണുവാന്‍ ശ്രമിക്കുക. മറ്റു വ്യക്തികള്‍ നെഗറ്റിവ് സാഹചര്യങ്ങളെ എങ്ങനെ മറി കടന്നു എന്ന് നിരീക്ഷിക്കുക.
അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുക. ജീവിതത്തില്‍ പോസിറ്റിവിറ്റി വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക. പ്രതീക്ഷയ്ക്ക് വിപരീതമായി നടക്കുന്ന കാര്യങ്ങള്‍ ഒരിക്കലും നെഗറ്റിവ് ആയി കാണരുത്. പകരം അത്തരം നിമിഷങ്ങളില്‍ വീണു കിട്ടുന്ന അവസരങ്ങളെപ്പറ്റി ചിന്തിക്കുക. അവസരങ്ങളെ കരുത്താക്കി മാറ്റുന്നിടത്ത് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാവുകയാണ് ചെയ്യുന്നത്.
2. ലോജിക്കലായി ചിന്തിക്കുക
അമിതമായ ആശങ്കകള്‍ക്ക് കാരണം പലപ്പോഴും നിങ്ങള്‍ ഇമോഷണലായി മാത്രം ചിന്തര്‍ഹിക്കുന്നതാണ്. ഏതൊരു വ്യക്തിക്കും പലവിധത്തിലുള്ള ഇമോഷനുകള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ ഇമോഷനുകള്‍ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഒന്നാകരുത്. ജീവിതത്തെ ഏറെ പ്രതീക്ഷയോടെ മാത്രം കാണുക.
സംഭവിക്കുന്ന കാര്യങ്ങള്‍ നെഗറ്റിവ് ആയാല്‍ പോലും അത് സന്ദര്‍ഭത്തിന്റെ അനിവാര്യതയായി കണ്ട് വിലയിരുത്തുക.ലോജിക്കലായുള്ള കാര്യങ്ങള്‍ ചോദിക്കുക, പ്ലാനിംഗ് നടത്തുക, പൂര്‍വാധികം ശക്തിയോടെ മുന്നോട്ട് പോകുക. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന നഷ്ടങ്ങളെ പറ്റി ചിന്തിക്കുമ്പോള്‍ പ്രസ്തുത സംഭവം മറ്റുള്ളവരില്‍ ഏത് തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരികയെന്നതും ചിന്തിക്കുക.
3. ആശങ്കകള്‍ പങ്കുവയ്ക്കുക
ആശങ്കകള്‍ വല്ലാതെ അലട്ടുന്ന ആളുകള്‍ക്ക് ഏറ്റവും ഫലപ്രദമായ കാര്യമാണ് ആശങ്കകള്‍ പങ്കുവയ്ക്കുക എന്നത്. ജീവിതത്തിലെ പ്രിയപ്പെട്ട വ്യക്തികളുമായി ആശങ്കകള്‍ തുറന്നു സംസാരിക്കുക. പലവിധത്തിലുള്ള പോംവഴികള്‍ ഇതില്‍ നിന്നുതന്നെ ലഭിക്കും. ഒരുപക്ഷെ സമാനമായ, അല്ലെങ്കില്‍ അതിനേക്കാള്‍ മോശമായ ഒരു അവസ്ഥയിലൂടെയാണ് മറ്റേ വ്യക്തി കടന്നു പോകുന്നത് എങ്കില്‍ പരസ്പരം താങ്ങാവാനും ഈ പ്രവര്‍ത്തി ഉപകരിക്കും. മനസിനെ സാന്ത്വനിപ്പിക്കാന്‍ ശ്വാസം എടുക്കുമ്പോള്‍ 1 തൊട്ട് 7 വരെ എണ്ണുക. ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ 1 മുതല്‍ 11 വരെ എണ്ണി വളരെ പതുക്കെ വിടുക.

