Connect with us

Hi, what are you looking for?

Image: Marcin Paśnicki

Entrepreneurship

മസ്‌ക് ട്വിറ്ററില്‍ സമയം കൊല്ലുമ്പോള്‍

ട്വിറ്റര്‍ മസ്‌കിന് പാര്‍ട്ട് ടൈം ജോലിയാണ്. നന്നാക്കല്‍ ശ്രമം അല്‍പ്പകാലം കൂടി തുടര്‍ന്ന ശേഷം തന്റെ പ്രധാന തട്ടകമായ സ്പേസ്എക്സിലേക്കും ടെസ്ലയിലേക്കും മസ്‌ക്ക് മടങ്ങും

മനുഷ്യനെ ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിനു കൊണ്ടുപോകാനും മറ്റ് ഗ്രഹങ്ങളില്‍ മനുഷ്യവാസം സാധ്യമാക്കാനും പ്രവര്‍ത്തിക്കുന്ന സ്പേസ്എക്സിന്റെ സ്ഥാപകനാണ് മസ്‌ക്. ലോകത്തെ ഇന്റര്‍നെറ്റ് വലയത്തിലാക്കാന്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ നിരന്തരം നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹം. ഭാവിയുടെ വാഹന സ്വപ്നങ്ങളെല്ലാം സമാഹരിച്ച് ടെസ്ലയെന്ന മസ്‌കിന്റെ കമ്പനി മുന്നോട്ടോടുകയാണ്. മനുഷ്യരുടെ മസ്തിഷ്‌കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ് പിടിപ്പിക്കുന്നതു പോലെ ഭ്രാന്തന്‍ ആശയങ്ങളും അദ്ദേഹം കൊണ്ടുനടക്കുന്നുണ്ട്. ഇത്തരം അതിരില്ലാത്ത സ്വപ്നങ്ങളുടെ കാമുകനായ ഒരാളാണ് സാമൂഹ്യ മാധ്യമമായ ട്വിറ്ററില്‍ കിടന്ന് ഗുസ്തി പിടിക്കുന്നത്. എന്തായിരിക്കും മസ്‌ക് പൊടുന്നനെ ട്വിറ്ററില്‍ നിക്ഷേപ താല്‍പ്പര്യം കാട്ടാനുള്ള കാരണം? അതും സ്ഥാപിതമായി 17 വര്‍ഷത്തിനിപ്പുറം മറ്റ് സാമൂഹ്യ മാധ്യമങ്ങളുടെ തള്ളിക്കയറ്റത്തില്‍ ട്വിറ്ററിന് പഴയ പ്രഭ നഷ്ടപ്പെട്ട ഒരു സാഹചര്യത്തില്‍

എത്രയാണ് ട്വിറ്ററിന്റെ വില? എന്നൊരു ചോദ്യം ഇലോണ്‍ മസ്‌ക് എറിഞ്ഞത് 2017 ലാണ്. ട്വിറ്റര്‍ വാങ്ങിക്കൂടേ എന്ന ചോദ്യം ഫോളോവര്‍മാരിയൊരാള്‍ ഉന്നയിച്ചപ്പോഴായിരുന്നു ഇത് ഇത്. മൂന്ന് വര്‍ഷത്തിനു ശേഷം ട്വിറ്റര്‍ മസ്‌കിന് തലവേദന സൃഷ്ടിച്ചു. ‘ഇലോണ്‍ മസ്‌കിന്റെ ജെറ്റ്’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ട്വിറ്റര്‍ പ്രൊഫൈല്‍ ശതകോടീശ്വരന്റെ സ്വകാര്യ ജെറ്റിന്റെ യാത്രകളെക്കുറിച്ചുള്ള തല്‍സമയ വിവരങ്ങള്‍ ട്വീറ്റ് ചെയ്തുതുടങ്ങി. ടെക് വിദ്യാര്‍ത്ഥിയായ ജാക്ക് സ്വീനിയായിരുന്നു എക്കൗണ്ടിന്റെ പിന്നില്‍. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് എക്കൗണ്ട് നിരോധിക്കാന്‍ ട്വിറ്ററിന് മേല്‍ മസ്‌ക് ചെലുത്തിയ സമ്മര്‍ദ്ദം വിജയം കണ്ടില്ല. സ്വീനിക്ക് മുന്നില്‍ ചില ഓഫറുകള്‍ മസ്‌ക് വെച്ചെങ്കിലും വിലപ്പോയില്ല. ടെക് സംരംഭകന് അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട് യാത്രാ വിവരങ്ങള്‍ തല്‍സമയം വന്നുകൊണ്ടേയിരുന്നു.

പിന്നീട് കേള്‍ക്കുന്നത് ട്വിറ്ററില്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച് മസ്‌ക് ആലോചിക്കുന്നെന്ന വിവരമാണ്. ട്വിറ്റര്‍ സ്ഥാപകന്‍ ജാക് ഡോര്‍സിയുമായി ചര്‍ച്ച നടക്കുന്നു. 2022 ജനുവരി 31 ന് 9.2% ഷെയറുകള്‍ മസ്‌ക് വാങ്ങുന്നു. ഏറ്റെടുക്കല്‍പദ്ധതികളില്‍ നിന്നും അല്‍പ്പമൊന്ന് പിന്നോട്ടടിച്ചെങ്കിലും 2022 നവംബറെത്തിപ്പോഴേക്കും 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ കിളി മസ്‌കിന്റെ കൂട്ടിലെത്തി.

ട്വിറ്ററില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരമപ്രാധാന്യം നല്‍കണമെന്നാണ് മസ്‌ക് വാദിച്ചിരുന്നുത്. എതായാലും ഒരു മാസം കഴിഞ്ഞതോടെ സ്വീനിയുടെ സ്വകാര്യ എക്കൗണ്ടും മസ്‌കും ബെസോസുമടക്കം ശതകോടീശ്വരന്‍മാരെ ട്രാക്ക് ചെയ്തിരുന്ന എക്കൗണ്ടുകളും അപ്രത്യക്ഷമായി. സ്വീനിയെ പിന്തുടര്‍ന്നിരുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ എക്കൗണ്ടുകളും ഒപ്പം പോയി.

ട്വിറ്റര്‍ കളികള്‍

ഏറ്റെടുക്കലിന് ശേഷം മസ്‌ക് ട്വിറ്ററില്‍ കളി തുടങ്ങി. കൂട്ടപ്പിരിച്ചുവിടലിലായിരുന്നു തുടക്കം. ട്വിറ്ററിനെ ലാഭത്തിലെത്തിക്കുമെന്ന് മസ്‌ക് പ്രതിജ്ഞ ചെയ്തു. വൈകാതെ 50% ല്‍ ഏറെ ജീവനക്കാരെ പുറത്താക്കി. കമ്പനി സിഇഒ പരാഗ് അഗര്‍വാളടക്കം പുറത്തേക്ക്. ട്വിറ്റര്‍ 2.0 എന്ന തന്റെ ലക്ഷ്യം നടപ്പാക്കാന്‍ കൂടുതല്‍ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്യണമെന്ന് ശേഷിക്കുന്ന ജീവനക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ജോലി സമ്മര്‍ദ്ദം താങ്ങാനാവാതെ കുറെപ്പേര്‍ കൂടി
പുറത്തുപോയി.

ടെക്നിക്കല്‍ ടീമിന്റെ പോലും കരുത്ത് തീരെ കുറഞ്ഞതോടെ ട്വിറ്റര്‍ പണിമുടക്കുന്നതും സ്ഥിരം സംഭവമായി. മസ്‌കിന്റെ പരീക്ഷണങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ജോര്‍ദാന്‍ പീറ്റേഴ്സണ്‍, ഡൊണാള്‍ഡ് ട്രംപ് തുടങ്ങി സസ്പെന്‍ഡ് ചെയ്യപ്പെട്ട എക്കൗണ്ടുകള്‍ പലതും മസ്‌ക് പുനസ്ഥാപിച്ചു. വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരായ നടപടികളില്‍ വെള്ളം ചേര്‍ത്തു. വരുമാനം ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായി ബ്ലൂടിക് വേരിഫിക്കേഷന് സബ്സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ചു. പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്യാത്ത പതിനായിരക്കണക്കിന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ബ്ലൂടിക്കുകള്‍ കഴിഞ്ഞ ദിവസം കമ്പനി
പിന്‍വലിച്ചു.

പ്രത്യയശാസ്ത്രം

‘സമൂഹമാധ്യമങ്ങള്‍ തീവ്ര വലതുപക്ഷ, തീവ്ര ഇടതുപക്ഷ ചേമ്പറുകളായി വിഭജിക്കപ്പെടുന്നത് നിലവില്‍ വലിയ അപകടമാണ്, അത് കൂടുതല്‍ വിദ്വേഷം സൃഷ്ടിക്കുകയും നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യും. പരമ്പരാഗത മാധ്യമങ്ങളില്‍ ഭൂരിഭാഗവും ധ്രുവീകരിക്കപ്പെട്ട തീവ്രതകള്‍ക്ക് ഇന്ധനം നല്‍കുകയും പരിപാലിക്കുകയും ചെയ്തു, കാരണം അതാണ് പണം കൊണ്ടുവരുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു, പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍, സംഭാഷണത്തിനുള്ള അവസരം നഷ്ടപ്പെടും. ഞാന്‍ ട്വിറ്റര്‍ സ്വന്തമാക്കിയതിന്റെ കാരണം, നാഗരികതയുടെ ഭാവിയില്‍ ഒരു പൊതു ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയര്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നതിനാലാണ്. അവിടെ അക്രമത്തില്‍ ഏര്‍പ്പെടാതെ, ആരോഗ്യകരമായ രീതിയില്‍ വൈവിധ്യമാര്‍ന്ന വിശ്വാസങ്ങള്‍ ചര്‍ച്ച ചെയ്യാനാകണം,’ എന്നാണ് മസ്‌ക് പറയുന്നത്.

സത്യത്തില്‍ പ്രേമമാണ്

മറ്റ് സംരംഭകരെ താരതമ്യപ്പെടുത്തുമ്പോള്‍ മസ്‌ക് നേരത്തെ തന്നെ ട്വിറ്ററിന് അടിമയാണെന്ന് കാണാനാവും. നിരന്തരം ട്വീറ്റുകള്‍ ചെയ്യാനും ആളുകളുമായി എന്‍ഗേജ് ചെയ്യാനും ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. നൂറൂകൂട്ടം പ്രശ്നങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ട്വിറ്ററിനെ സ്വന്തമാക്കാന്‍ ‘ഇഷ്ടം’ എന്നൊരു പ്രേരണ അദ്ദേഹത്തിനുണ്ടായിരുന്നെന്നതാണ് വാസ്തവം.

ലാഭസാധ്യതകള്‍ ഏറെയുള്ള കമ്പനിയായാണ് മസ്‌ക് ട്വിറ്ററിനെ കാണുന്നത്. സമൂഹത്തിലും രാഷ്ട്രീയത്തിലുമെല്ലാം ട്വിറ്ററിന് ഉണ്ടാക്കാന്‍ സാധിക്കുന്ന സ്വാധീനത്തെക്കുറിച്ച് മസ്‌ക് ബോധവാനാണ്. ഒരു ജനതയുടെ പോരാട്ടത്തെയാകെ സഹായിക്കുന്ന ട്വിറ്ററിനെയാണ് അറബ് വസന്തകാലത്ത് കണ്ടത്. എന്നിരുന്നാലും ഫേക്ക് എക്കൗണ്ടുകളും വിവാദങ്ങളും എന്നും ട്വിറ്ററിന്റെ ഗൗരവത്തെ ചോര്‍ത്തിക്കളഞ്ഞു. ഡിജിറ്റല്‍ പരസ്യ വരുമാനത്തിനപ്പുറത്തേറ്റ് വരുമാന സ്രോതസുകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് കമ്പനി ശ്രദ്ധിച്ചതുമില്ല.

വരുമാനം ഉയര്‍ത്തണം

മസ്‌ക് വാങ്ങുന്നതിന് മുന്‍പ് ഡിജിറ്റല്‍ പരസ്യങ്ങളിലൂടെ 5 ബില്യണ്‍ ഡോളറായിരുന്നു ട്വിറ്ററിന്റെ വരുമാനം. വരുമാനത്തിന്റെ 89% പരസ്യങ്ങളില്‍ നിന്ന്. അമിതമായി പരസ്യദാതാക്കളെ ആശ്രയിക്കുന്ന ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കാനാണ് മസ്‌കിന്റെ ശ്രമം. ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുക, വീഡിയോ കണ്ടന്റ് അപ്ലോഡ് ചെയ്യാന്‍ പണം വാങ്ങുക തുടങ്ങിയ മാര്‍ഗങ്ങളെല്ലാം മസ്‌കിന്റെ പരിഗണനയിലുണ്ട്.ഒരു സൂപ്പര്‍ ആപ്പായി ട്വിറ്ററിനെ വികസിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് കാണാനാവും. മെസേജുകളയക്കാനും പര്‍ച്ചേസുകള്‍ നടത്താനും പണം അയക്കാനും റൈഡ് ബുക്ക് ചെയ്യാനുമെല്ലാം സഹായിക്കുന്ന ഒരു സൂപ്പര്‍ ആപ്പ്.

തിരിച്ചടികള്‍
2023 മാര്‍ച്ചില്‍ ട്രാഫിക്കില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.7% ഇടിവ്
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം തുടര്‍ച്ചയായി ബ്ലാക്ക് ഔട്ടുകള്‍
പ്രധാന പരസ്യ കമ്പനികള്‍ പിന്‍വാങ്ങിയതോടെ വരുമാനത്തില്‍ ഇടിവ്
ബ്ലൂടിക്ക് എക്കൗണ്ടുകളില്‍ പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം
കറുത്തവര്‍ക്കാര്‍ക്കെതിരെയുള്ള ട്വീറ്റുകള്‍ പ്രതിദിനം ശരാശരി 1,282 ല്‍ നിന്ന് 3,876 ആയി ഉയര്‍ന്നു

ഏഷ്യയിലും ഇന്ത്യയിലുമെല്ലാം ഇത്തരം സൂപ്പര്‍ ആപ്പുകള്‍ പ്രചാരത്തിലുണ്ടെങ്കിലും പാശ്ചാത്യ വിപണിയില്‍ ഇത്തരമൊരു ആപ്പ് നിലവില്‍ ലഭ്യമല്ല. ഈ സാഹചര്യം മുതലെടുക്കാനാണ് മസ്‌കിന്റെ ശ്രമം. വരുമാനം കൂട്ടാന്‍ വേരിഫൈ ചെയ്ത ട്വിറ്ററര്‍ എക്കൗണ്ടുകള്‍ക്ക് പണം ഈടാക്കാനുള്ള മസ്‌കിന്റെ തീരുമാനം ഈയാ
ഴ്ച മുതല്‍ നടപ്പായിത്തുടങ്ങി. ബ്ലൂടിക്കുള്ള എക്കൗണ്ടുകള്‍ നിലനിര്‍ത്താന്‍ ഇനി ട്വിറ്ററിസ് മാസ വരിസംഖ്യ നല്‍കണം. പ്രീമിയം സേവനങ്ങളാണ് ബ്ലൂടിക് എക്കൗണ്ടുകള്‍ക്ക് കമ്പനി നല്‍കുക. മസ്‌കിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും എല്ലാവരും വഴിയെ ഇതിനോട് സഹകരിക്കുമെന്നാണ് സംരംഭകന്റെ പ്രതീക്ഷ.

സ്പേസ്എക്സിന്റെയും ടെസ്ലയുടെയും പാത തന്നെ

മസ്‌കിന്റെ പഴയകാല ചരിത്രം അറിയാവുന്നവര്‍ക്ക് ട്വിറ്ററില്‍ അദ്ദേഹം നടത്തുന്ന ഇടപെടലുകളില്‍ ആശ്ചര്യമുണ്ടാവാന്‍ തരമില്ല. കാരണം, സ്പേസ്എക്സിലും ടെസ്ലയിലും നടപ്പാക്കിയ അതേ കാര്യങ്ങളാണ് ട്വിറ്ററിലും അദ്ദേഹം ആവര്‍ത്തിക്കുന്നത്.2018 ല്‍ പാപ്പരത്തത്തിന്റെ വക്കിലായിരുന്നു ടെസ്ല. വിപണിയില്‍ തരംഗമുണ്ടാക്കിയ മോഡല്‍ 3 എന്ന കാര്‍ നിര്‍മിക്കാന്‍ കമ്പനി ഏറെ പണിപ്പെട്ടിരുന്ന കാലമായിരുന്നു അത്. മസ്‌ക് വീട്ടില്‍ പോകാതെ കമ്പനിയില്‍ തന്നെയാണ് അന്ന് ഉറങ്ങിയിരുന്നത്.

കോണ്‍ഫറന്‍സ് മുറിയിലെ നിലത്ത് ആംബിയന്‍ ഉറക്കഗുളികകളും കഴിച്ച് കിടന്നുറങ്ങുന്ന മസ്‌കിനെ കമ്പനിയിലെ ജീവനക്കാര്‍ക്ക് മറക്കാനാവില്ല. ജീവനക്കാരെയും എക്സിക്യൂട്ടീവുകളെയും നിരന്തരം പിരിച്ചുവിട്ടു. തുടര്‍ച്ചയായി നാല് ദിവസം കമ്പനിയില്‍ നിന്ന് പുറത്തിറങ്ങാതെ ജോലി ചെയ്ത ആഴ്ചകളുമുണ്ടായിരുന്നു അന്ന് മസ്‌കിന്റെ കലണ്ടറില്‍. തന്റെയും ജീവനക്കാരുടെയും ഊര്‍ജമാകെ കമ്പനിയുടെ ലക്ഷ്യങ്ങളിലേക്ക് സമാഹരിക്കുകയെന്ന നയം തന്നെയാണ് എക്കാലവും അദ്ദേഹം പിന്‍തുടര്‍ന്നത്.

അനുകൂലം
സെലിബ്രിറ്റി സംരംഭകനായ മസ്‌കിന്റെ നായകത്വം
മസ്‌ക് സൃഷ്ടിക്കുന്ന വിവാദങ്ങളും നാടകീയതയും ട്വിറ്ററിലേക്ക് കൂടുതല്‍ ശ്രദ്ധ കൊണ്ടുവരുന്നു
വരുമാനത്തില്‍ നേരിയ പുരോഗതി
കമ്പനിയില്‍ കൂടുതല്‍ അച്ചടക്കം
മക്‌ഡൊണാള്‍ഡ്‌സ്, ആപ്പിള്‍, ഡിസ്‌നി തുടങ്ങിയ വമ്പന്‍ പരസ്യദാതാക്കള്‍ പണം മുടക്കുന്നത് തുടരുന്നു

സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ഓഫീസിലാണ് മസ്‌ക് പല ദിവസങ്ങളിലും ഉറങ്ങാന്‍ കിടക്കുന്നത്. ട്വിറ്റര്‍ 2.0 എന്ന ലക്ഷ്യം അദ്ദേഹം വെളിപ്പെടുത്തിക്കഴിഞ്ഞു. ഇനി മസ്‌കിനൊപ്പം ഓടുകയെന്നത് മാത്രമാണ് ശേഷിക്കുന്ന ജീവനക്കാരുടെ ടാസ്‌ക്. എന്നാല്‍ മനുഷ്യനെ ബഹിരാകാശത്തേക്കയക്കാനും ആളുകളെ ഇലക്ട്രിക് വാഹനങ്ങള്‍ ശീലിപ്പിക്കാനുമായി സൃഷ്ടിച്ച കമ്പനികളിലെ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതുപോലെ ഒരു സാമൂഹ്യ മാധ്യമത്തിലെ ജീവനക്കാരെ അദ്ദേഹത്തിന് പ്രചോദിപ്പിക്കാനാവുമോയെന്നതാണ് കാലം മറുപടി പറയേണ്ട ചോദ്യം. 2017 ല്‍ എല്ലാ രണ്ടാഴ്ചയും ഒരു റോക്കറ്റ് വിക്ഷേപിച്ച് വരുമാനം കണ്ടെത്തിയില്ലെങ്കില്‍ പാപ്പരത്തിലേക്ക് നീങ്ങുന്ന സ്ഥിതി സ്പേസ്എക്സില്‍ ഉണ്ടായിരുന്നു. ഇത് ഒരു വെല്ലുവിളിയായാണ് മസ്‌കും ജീവനക്കാരും ഏറ്റെടുത്തത്.

സാമൂഹ്യമാധ്യമത്തെ നന്നാക്കാനുള്ള ശ്രമം അല്‍പ്പകാലം കൂടി തുടര്‍ന്ന ശേഷം അദ്ദേഹം തന്റെ പ്രധാന തട്ടകമായ സ്പേസ്എക്സിലേക്കും ടെസ്ലയിലേക്കും മടങ്ങിപ്പോകുമെന്നാണ് അനുമാനിക്കപ്പെടുന്നത്

നിരവധി റോക്കറ്റുകള്‍ വിജയകരമായി വിക്ഷേപിച്ച കമ്പനി ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ലാഭത്തിലേക്കെത്തി. കമ്പനിയില്‍ എന്നുമൊരു ക്രൈസിസ് നില
നില്‍ക്കുന്നത് മസ്‌കിനെപ്പോലെ ഒരു സംരംഭകനെ സന്തോഷിപ്പിക്കുകയാണ് ചെയ്യുക. പിരിച്ചു വിടലിനും അഴിച്ചു പണികള്‍ക്കും പരിവര്‍ത്തനത്തിനുമുള്ള അവസരമായാണ് ഇതിനെ മസ്‌ക് കാണുന്നത്. ജീവനക്കാരെ അതികഠിന സാഹചര്യങ്ങളിലും ജോലി ചെയ്യാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന സാഹചര്യമാണിത്.

മടക്കം അനിവാര്യം

ടെസ്ലയും സ്പേസ്എക്സും പോലെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കകാലത്ത് ആവശ്യമായ നേതാവ് തന്നെയായിരുന്നു മസ്‌ക്. മസ്‌കിന്റെ മൂര്‍ച്ചയേറിയ നാക്കിനൊത്ത് പണിയെടുക്കാന്‍ ഈ കമ്പനികളിലെ ജീവനക്കാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ 17 വര്‍ഷം പ്രായമുള്ള, തുടര്‍ച്ചയായി നഷ്ടമുണ്ടാക്കിപ്പോരുന്ന കമ്പനിയാണ് ട്വിറ്റര്‍. ദീര്‍ഘകാലം കൊണ്ട് കമ്പനി കൈവരിച്ച അടിസ്ഥാന സ്വഭാവത്തില്‍ മസ്‌കിന് എത്രമാത്രം മാറ്റം കൊണ്ടുവരാനാവുമെന്നാണ് കണ്ടറിയേണ്ടത്. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചക്ക് മസ്‌കിന്റെ തന്ത്രം ഉപകരിക്കുമെങ്കിലും സുസ്ഥിര വളര്‍ച്ചക്ക് ഇത് സഹായിക്കുമോയെന്ന് ഉറപ്പില്ല. മസ്‌കിന്റെ അര്‍പ്പണബോധവും പ്രതിജ്ഞാബദ്ധതയും പ്രചോദനാത്മകമാണെങ്കിലും കമ്പനിക്കകത്ത് അദ്ദേഹം കൊണ്ടുവരുന്ന ഭീതിയും അസ്ഥിരതയും ഗുണകരമല്ല. ഉയര്‍ന്ന റിസ്‌കിന് ഉയര്‍ന്ന പ്രതിഫലം എന്നതായിരുന്നു സ്പേസ്എക്സിലെയും ടെസ്ലയിലെയും മുദ്രാവാക്യം.

ട്വിറ്ററും വലിയ ‘റിസ്‌കി’ലാണ്. പക്ഷേ അതിനനുസരിച്ച് ‘റിവാര്‍ഡ്’ കിട്ടുന്നകാര്യം സംശയവും. ഇതിനെല്ലാമപ്പുറം ട്വിറ്റര്‍ മസ്‌കിനെ സംബന്ധിച്ച് ഒരു പാര്‍ട്ട് ടൈം ജോലിയാണ്. സാമൂഹ്യമാധ്യമത്തെ നന്നാക്കാനുള്ള ശ്രമം അല്‍പ്പകാലം കൂടി തുടര്‍ന്ന ശേഷം അദ്ദേഹം തന്റെ പ്രധാന തട്ടകമായ സ്പേസ്എക്സിലേക്കും ടെസ്ലയിലേക്കും മടങ്ങിപ്പോകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഭാവി അദ്ദേഹത്തെക്കാത്ത് അവിടെ മുഷിഞ്ഞിരിക്കാന്‍ തുടങ്ങിയിട്ട് സമയം കുറെയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി