സൊമാറ്റോയെയും സ്വിഗ്ഗിയെയും നേരിടാനിറങ്ങിയ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ ജസ്റ്റ് മൈ റൂട്ട്സിന് (JustMyRoots) ന് ശനിയാഴ്ച കരുത്തുറ്റ ഒരു നായകനെ കൂടി കിട്ടി. ജസ്റ്റ് മൈ റൂട്ട്സിന്റെ വലിയ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അവരെ സഹായിക്കാന്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഉണ്ടാകും. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ മൈനോറിറ്റി ഓഹരികള്‍ ഗാംഗുലി വാങ്ങി.
ഐഐഎം പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സമീരന്‍ സെന്‍ഗുപ്ത, ഭാര്യ പ്രൊമിത സെന്‍ഗുപ്ത, രാജന്‍ സച്ച്ദേവ എന്നിവര്‍ ചേര്‍ന്ന് 2016-ലാണ് ജസ്റ്റ്മൈ റൂട്ട്സ് സ്ഥാപിച്ചത്. പ്ലാറ്റ്‌ഫോം നിലവില്‍ തെരഞ്ഞെടുത്ത നഗരങ്ങള്‍ തമ്മില്‍ ഫുഡ് ഡെലിവറി സേവനം നല്‍കുന്നു. പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി ഏകദേശം 120-150 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

രണ്ട് പ്രധാന നീക്കങ്ങളാണ് കമ്പനി നടത്താനൈാരുങ്ങുന്നത്. ആദ്യത്തേത് സ്വന്തം പാക്കേജിംഗ് മെറ്റീരിയല്‍ സൃഷ്ടിക്കുകയെന്നതാണ്. രണ്ടാമതായി, നഗരങ്ങള്‍ക്കുള്ളില്‍ ഫുഡ് ഡെലിവറി സേവനങ്ങള്‍ ആരംഭിച്ചുകൊണ്ട് സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലര്‍ത്തുന്ന മേഖലയിലേക്ക് കടന്നു കയറുക.
ജസ്റ്റ് മൈ റൂട്ട്സില്‍ ഗാംഗുലിയുടെ എത്ര രൂപ നിക്ഷേപിച്ചെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ ഉയര്‍ന്ന ആസ്തിയുള്ള വിവിധ വ്യക്തികളില്‍ നിന്ന് (എച്ച്എന്‍ഐ) 31 കോടി രൂപ നിക്ഷേപം സമാഹരിക്കാന്‍ സ്റ്റാര്‍ട്ടപ്പിനായിട്ടുണ്ട്.
ഇന്റര്‍സിറ്റി ഫുഡ് ഡെലിവറി ഓഫറുമായി ഇതിനകം 30 നഗരങ്ങളില്‍ ജസ്റ്റ് മൈ റൂട്ട്സിന് സാന്നിധ്യമുണ്ട്. ഇപ്പോള്‍ അതേ നഗരങ്ങളിലെ ഭക്ഷണ വിതരണ ബിസിനസിലേക്ക് ചുവടുവെക്കാന്‍ ലക്ഷ്യമിടുകയാണ് കമ്പനി. ദീപാവലി മുതലാണ് ബിസിനസ് ആരംഭിക്കു. തുടക്കത്തില്‍ ബെംഗളൂരു, മുംബൈ, ഡെല്‍ഹി-എന്‍സിആര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലാവും സേവനം ലഭ്യമാവുക.

