പൂരപ്പറമ്പുകളിലെ ആനയുടെ മസ്തകത്തില്‍ ചേര്‍ന്ന് കിടക്കുന്ന നെറ്റിപ്പട്ടം ഒരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുള്ളവര്‍ അതിന്റെ ഭംഗി ആസ്വദിക്കാതെയിരിക്കില്ല. അതിനാല്‍ തന്നെ വീട്ടില്‍ അലങ്കാരവസ്തുവായി നെറ്റിപ്പട്ടങ്ങള്‍ വായിക്കുന്നവരും ധാരാളമാണ്. യഥാര്‍ത്ഥ നെറ്റിപ്പട്ടം സ്വന്തമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവഴിക്കണം. കാരണം ഉയര്‍ന്ന നിലവാരത്തിലുള്ള ലോഹങ്ങള്‍ ഉപയോഗിച്ചാണ് അവയുടെ നിര്‍മാണം. അതിനാല്‍ അത് സ്വന്തമാക്കുക എളുപ്പമല്ല. എന്നാല്‍ വലുപ്പത്തിലും ഭംഗിയിലും ഒട്ടും കുറവ് വരാത്ത അലങ്കാര നെറ്റിപ്പട്ടങ്ങള്‍ നിര്‍മിച്ചുകൊണ്ട് ആനപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിറിക്കുകയാണ് എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയായ അഖിലാദേവി.

പ്രീപ്രൈമറി സ്‌കൂള്‍ ടീച്ചറായി ജീവിതമാരംഭിച്ച അഖിലാദേവി പിന്നീട് സ്വയം തൊഴില്‍ എന്ന നിലയ്ക്കാണ് നെറ്റിപ്പട്ട നിര്‍മാണം പഠിക്കുന്നത്. ആദ്യം യുട്യൂബില്‍ ഉള്ള വീഡിയോകള്‍ നോക്കി അഖില അലങ്കരനെറ്റിപ്പട്ട നിര്‍മാണം പഠിച്ചു. നെറ്റിപ്പട്ടത്തെപ്പറ്റി കൂടുതല്‍ പഠിച്ചപ്പോഴാണ് ഓരോ നെറ്റിപ്പട്ടത്തിനും ഓരോ കണക്കുണ്ടെന്ന് അഖിലക്ക് മനസിലായത്. അതിനാല്‍ നെറ്റിപ്പട്ട നിര്‍മാണത്തെപ്പറ്റി ആധികാരികമായി പഠിക്കുന്നതിനായി തൃശ്ശൂരിലുള്ള ഒരു വ്യക്തിയുടെ സഹായം അഖില തേടി. ഒരടി വലുപ്പം മുതല്‍ അഞ്ചര അടി വലുപ്പത്തില്‍ വരെയുള്ള അലങ്കരനെറ്റിപ്പട്ടങ്ങള്‍ അഖില നിര്‍മിക്കുന്നുണ്ട്.

കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി അലങ്കാരനെറ്റിപ്പട്ട നിര്‍മാണത്തിലൂടെ നല്ലൊരുതുക അഖില വരുമാനമായി നേടുന്നുണ്ട്. 1000 രൂപ മുതല്‍ 12000 രൂപവരെയാണ് അഖിലയുടെ നെറ്റിപ്പട്ടങ്ങളുടെ വില. ഒരടി ഉയരമുള്ള നെറ്റിപ്പട്ടം 800 രൂപക്ക് വില്‍ക്കുന്നുണ്ടെങ്കിലും ഈ ചെറിയ രൂപത്തിന് അധികം ആവശ്യക്കാരില്ല. മൂന്നടി, നാലടി, അഞ്ചടി വലുപ്പത്തിലുള്ള നെറ്റിപ്പട്ടങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. ദേവീസ് നെറ്റിപ്പട്ടം എന്ന ബ്രാന്‍ഡിലാണ് അഖിലാദേവി തന്റെ നെറ്റിപ്പട്ടങ്ങള്‍ വില്‍ക്കുന്നത്. ഫൈബര്‍ മെറ്റേറിയല്‍ ആണ് ഉപയോഗിക്കുന്നത്. അടി വലിപ്പമുള്ള നെറ്റിപ്പട്ടം നിര്‍മിക്കാന്‍ കുറഞ്ഞത് നാല് ദിവസവും, 5.5 അടി ഉള്ള നെറ്റിപ്പട്ടം നിര്‍മിക്കാന്‍ പന്ത്രണ്ട് ദിവസവും ആവശ്യമാണ്.
ദേവീസ് നെറ്റിപ്പട്ടത്തിന് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്നത് ദുബായ് മലയാളികളില്‍ നിന്നാണ്. നാട്ടിലെ വീട്ടില്‍ വയ്ക്കുന്നതിനും വിദേശത്തേക്ക് കൊണ്ട് പോകുന്നതിനായി നെറ്റിപ്പട്ടം വാങ്ങുന്നു. നാലടി ഉയരമുള്ള ഒരു നെറ്റിപ്പട്ടം നിര്‍മിക്കുമ്പോള്‍ 5000 രൂപ മെറ്റിരിയല്‍ വാങ്ങുന്നതിന് മാത്രമായി ചെലവാകും. നിര്‍മാണത്തിനായി അഞ്ചു ദിവസമെടുക്കും. ഓര്‍ഡര്‍ ലഭിച്ചാല്‍ നെറ്റിപ്പട്ടം നിര്‍മിച്ച് കൊറിയര്‍ ആയി ആവശ്യാനുസരണം കേടുപാടുകള്‍ ഒട്ടും കൂടാതെ ഉപഭോക്താവിന്റെ കൈയില്‍ എത്തിക്കുന്നു.

