ബിസിനസ് ചെയ്യാനുള്ള ആവേശവും ആശയവും മാത്രം കൈമുതലായത് കൊണ്ട് കാര്യമില്ല. ബിസിനസില്‍ വിജയിക്കാനും നല്ല സംരംഭകനാകാനും കഴിയണമെങ്കില്‍ ചില രീതികളും ശീലങ്ങളും പിന്തുടരേണ്ടതായുണ്ട്. ഇത്തരത്തില്‍ ശതകോടീശ്വരനും ഫേസ്ബുക്ക് മെറ്റാ സ്ഥാപകനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ വിജയത്തിലേക്ക് നടന്നു കയറുമ്പോള്‍ മുറുകെപ്പിടിച്ചു ശീലങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. സംരംഭകത്വ വിജയത്തിന് ഷോര്‍ട് കട്ടുകള്‍ ഇല്ലെന്നു തെളിയിച്ച വ്യക്തിയാണ് ഒന്നുമില്ലായ്മയില്‍ നിന്നും ലോകത്തെ മാറ്റിമറിക്കുന്ന ഡിജിറ്റല്‍ സാമ്രാജ്യം തീര്‍ത്ത സുക്കര്‍ബര്‍ഗ്.
വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതിരിക്കുക
നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ നിങ്ങള്‍ അതാകും എന്നാണ് ബുദ്ധന്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ വിജയത്തെപ്പറ്റി മാത്രം ചിന്തിക്കുക. പരാജയഭീതി നിങ്ങളുടെ നാശത്തിന് കാരണമാകും. ബഹുഭൂരിപക്ഷം ആളുകള്‍ക്കും പരാജയത്തെ അംഗീകരിക്കാനുള്ള മനസുണ്ടാകില്ല. എന്നാല്‍ ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ എല്ലാവരും പരാജയത്തില്‍ തന്നെ കിടക്കുന്നവരാലാല്‍ എന്ന് മനസിലാക്കണം. പരാജയത്തെ വിജയത്തിന്റെ ചവിട്ടുപടിയായിക്കണ്ട് ഉയര്‍ന്നുവന്നവരുടെ കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണം. ആദ്യ പരിശ്രമത്തില്‍ തന്നെ നിങ്ങള്‍ വിജയിച്ചിരിക്കണമെന്നാണ് ആരാണ് പറയുന്നത്? തുടര്‍ച്ചയായ പരിശ്രമത്തിലൂടെ നേടിയെടുക്കുന്ന വിജയത്തിന് മധുരം കൂടും.
ഏറ്റവും മികച്ച നേട്ടം ടൈം മാനേജ്മെന്റ് ആണ്
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സമയ നഷ്ടമാണ്. പലപ്പോഴും ടൈം മാനേജ്‌മെന്റില്‍ പരാജയപ്പെടുന്നതാണ് ജീവിതത്തില്‍ നെഗറ്റിവിറ്റി പരക്കുന്നതിനുള്ള കാരണം. കൃത്യ സമയത്ത് കൃത്യമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയാതിരുന്നത് വലിയ പ്രശ്നമാണ്. ജീവിതത്തില്‍ താന്‍ പരാജയമാണെന്നും വാക്ക് പാലിക്കാന്‍ കഴിയാത്ത വ്യക്തിയാണ് എന്ന തോന്നലിനും അത് ഇടയാക്കുന്നു. ദിവസം അവസാനിക്കുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ആ ലിസ്റ്റ് പ്രകാരം എന്തെല്ലാം കാര്യങ്ങള്‍ ചെയ്ത് തീര്‍ത്തു എന്ന് പരിശോധിക്കുക. നമ്മുടെ ഒരു ദിവസത്തെ മുഴുവന്‍ വിശദമായി അവലോകനം ചെയ്യുകയാണ് സമയത്തെ നാം കൃത്യമായി വിനിയോഗിച്ചോ എന്നറിയുന്നതിനുള്ള പ്രധാന മാര്‍ഗം. ഇപ്രകാരം ചെയ്യുമ്പോള്‍ എവിടെയാണ് സമയ നഷ്ടം സംഭവിച്ചതെന്ന് മനസിലാക്കാം. അടുത്ത ദിവസം അത് തിരുത്തുകയുമാകാം.
പോസിറ്റിവ് ആയിരിക്കാം
ഉത്തരവാദിത്വത്തില്‍ നിന്നും ഓടിയൊളിക്കുന്നവരാകാതെ ലക്ഷ്യത്തെ പൊരുതി നേടുന്ന മനോഭാവമാണ് ഇവിടെ പ്രധാനം. ചിട്ടയായ പരിശ്രമത്തിലൂടെയും വ്യക്തമായ ചിന്തകളിലൂടെയും ഏതൊരു വ്യക്തിക്കും അത്തരം ഒരു അവസ്ഥയിലേക്ക് സ്വയം പാകപ്പെടുത്തിയെടുക്കാന്‍ കഴിയും. മനസിന് ഭാരമുണ്ടാക്കുന്ന കാര്യങ്ങളെ അകറ്റി നിര്‍ത്തുകയും ടെന്‍ഷനുകളെ സമചിത്തതയോടെയും നേരിടുക. നിശ്ചിത കാലയളവിനുള്ളില്‍ വ്യക്തിപരമായും കൂട്ടുത്തരവാദിത്വത്തിലും നേടിയെടുക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് തീരുമാനിച്ച് അത് സ്ഥാപനത്തിന്റെ ഗോള്‍ ആയി പ്രഖ്യാപിക്കുക.

